മുസഫര്‍നഗര്‍ കലാപം: ഇരകളെ സര്‍ക്കാര്‍ അവഗണിച്ചെന്ന് ആംനസ്റ്റി

ന്യൂഡല്‍ഹി: 2013ല്‍ ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലും ഷംലയിലുമുണ്ടായ വര്‍ഗീയ കലാപത്തിന്റെ ഇരകളെ പുനരധിവസിപ്പിക്കുന്നതിലും നഷ്ടപരിഹാരം നല്‍കുന്നതിലുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ പരിതാപകരമായ വിധം അപര്യാപ്തമാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍. വലിയ പ്രതീക്ഷയൊന്നുമില്ലാതെ അവര്‍ നീതിക്കു വേണ്ടി കാത്തിരിപ്പ് തുടരുകയാണെന്നു കലാപത്തിന്റെ അഞ്ചാംവാര്‍ഷികത്തില്‍ സംഘടന പറഞ്ഞു. കലാപത്തില്‍ നിന്നു വീടുപേക്ഷിച്ച് രക്ഷപ്പെട്ടവര്‍ ഇപ്പോഴും കോളനികളിലാണ് കഴിയുന്നത്. കൂട്ടബലാല്‍സംഗം ചെയ്യപ്പെട്ട ഏഴു വനിതകള്‍ക്ക് ഇതുവരെ നീതി ലഭിച്ചില്ല. കലാപത്തില്‍ നിന്നു രക്ഷപ്പെട്ടവരെ സംസ്ഥാന സര്‍ക്കാര്‍ മറന്നു. സര്‍ക്കാരിന്റെ നിലപാട് അംഗീകരിക്കാനാവില്ല-ആംനസ്റ്റി ഇന്റര്‍ നാഷനല്‍ ഇന്ത്യ പ്രോഗ്രാം ഡയറക്ടര്‍ അസ്മിത ബസു പറഞ്ഞു.ബലാല്‍സംഗത്തിനിരയായവര്‍ ഭീഷണി നേരിടുകയാണ്. അവരുടെ ജീവിതവും ജീവനോപാധികളും പുനര്‍നിര്‍മിക്കുന്നതിനു സര്‍ക്കാര്‍ കാര്യമായി സഹായിച്ചിട്ടില്ല. ഏഴു കേസുകളില്‍ ഒന്നില്‍ പോലും ശിക്ഷ ഉണ്ടായിട്ടില്ല. 2016ല്‍ ഇരകളില്‍ ഒരുവള്‍ പ്രസവത്തില്‍ മരിച്ചു. പലായനം ചെയ്ത കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്നും അസ്മിത ബസു പറഞ്ഞു.

Next Story

RELATED STORIES

Share it