Articles

മുഷ്‌കന്‍ സേനകള്‍ കൊണ്ടുള്ള ഗുണം

നാട്ടുകാര്യം - കുന്നത്തൂര്‍ രാധാകൃഷ്ണന്‍
അയ്യങ്കാളി സേന, നേതാജി സേന തുടങ്ങി അലമ്പ് സംഘടനകള്‍ തിരോഭവിച്ചുപോയതില്‍ കോരനെപ്പോലുള്ള ഇടതു ബുദ്ധിജീവികള്‍ക്ക് അതീവ ദുഃഖമുണ്ടത്രേ. എന്നാല്‍, രാജ്യത്തെമ്പാടും മുഷ്‌കന്‍ സേനകള്‍ പൊട്ടിമുളച്ചത് ചങ്ങായിയും കള്ളുകുടിച്ചു പൂസാവുന്ന കൂട്ടക്കാരും കാണുന്നില്ലെന്നത് വിസ്മയം തന്നെ. മൂന്നുകൊല്ലം മുമ്പ് രാമരാജ്യം എന്ന മഹാദ്ഭുതം യാഥാര്‍ഥ്യമായതില്‍ പിന്നെ മുഷ്‌കന്‍ സേനകള്‍ എന്ന ലാഭകരമായ  കച്ചവടം ജയ്ഷായെപ്പോലും അമ്പരപ്പിച്ചിട്ടുണ്ടത്രേ. ഇതെന്തു കച്ചോടം പൊന്നേ എന്ന് ആ മഹാനുഭാവന്‍ ആത്മഗതം ചെയ്തതായി ഒളികാമറാ ഓപറേഷനിലൂടെ  ഒരു പരുന്ത് കണ്ടെത്തിയതായി അസോഷ്യേറ്റഡ് പ്രസ് ഈയിടെ റിപോര്‍ട്ട് ചെയ്തല്ലോ!മുഷ്‌കന്‍ സേനകള്‍ പല രൂപത്തില്‍ പ്രത്യക്ഷപ്പെടും. ഹനുമാന്‍സേന, കര്‍ണിസേന, ബ്രാഹ്മണസേന, ക്ഷത്രിയസേന, പക്കാവട സേന, പരിപ്പുവട സേന എന്നൊക്കെ ആളും അര്‍ഥവും നോക്കി പേരിടാം. സംഘടനയുടെ രംഗപ്രവേശത്തിന്റെ സന്ദര്‍ഭം പ്രധാനമാണ്. അതിന് ഫ്രോയ്ഡ് സായിപ്പിനെപോലെ സ്വപ്‌നങ്ങള്‍ വ്യാഖ്യാനിക്കാന്‍ കഴിയണം. ഇനി പത്മാവതി എന്ന മുന്‍പേരിലും പത്മാവത് എന്ന പിന്‍പേരിലും അറിയപ്പെടുന്ന ബന്‍സാലി ബലാല്‍ സംവിധാനം ചെയ്ത സിനിമയുടെ ഭൂതം-ഭാവി-വര്‍ത്തമാനത്തിലേക്ക് കടന്നില്ലെങ്കില്‍ ഈ ലേഖനം കേന്ദ്രം കണ്ടുകെട്ടുമെന്ന് ഭയമുണ്ട്. രാജസ്ഥാനിലെ ചിറ്റോര്‍ കോട്ടയില്‍ ജനിച്ചിരുന്നെന്നും ഇല്ലെന്നും ചരിത്രകാരശിരോമണികള്‍ തര്‍ക്കിക്കുന്ന റാണി പത്മിനി എന്ന വിശ്വസുന്ദരിയെക്കുറിച്ച് ഒരു സിനിമയെടുക്കണമെന്ന് ബന്‍സാലി സ്വപ്‌നത്തില്‍ വിചാരിക്കുന്നു. പിറ്റേദിവസം അദ്ഭുതംപോലെ തിരക്കഥ പൂര്‍ത്തിയായി. മൂന്ന് നാല് ഫോണ്‍വിളികൂടിയായപ്പോള്‍ നിര്‍മാതാവും താരങ്ങളും സാങ്കേതികവിദഗ്ധരും റെഡി. അങ്ങനെ ചിറ്റോര്‍ കോട്ടയില്‍ ഷൂട്ടിങ് തുടങ്ങി. ഈ സമയം ഒരുത്തന്റെ ശരീരത്തില്‍ റാണി പത്മിനി നുഴഞ്ഞുകയറി ആജ്ഞാപിക്കുന്നു: എന്നെ മോശമാക്കി പടമെടുക്കുന്നു. തല്ലിപ്പൊളിക്കെടാ ഷൂട്ടിങ്. പെട്ടെന്ന് ഒരു മുഷ്‌കന്‍ സേന രൂപീകരിച്ച് കര്‍ണിസേന എന്ന മനോഹര പേരിട്ടോ.’’ കര്‍ണിസേന എന്ന പേര് സമൂഹം എന്ന മാധ്യമത്തില്‍ കേട്ടപ്പോഴേ 5,000 പേര്‍ രജിസ്റ്റര്‍ ചെയ്തു. ചിത്രത്തിലെ നായികയായ ദീപികയുടെ മൂക്ക് ചെത്താന്‍ കത്തികളുമായി സംഘം ചിറ്റോര്‍ കോട്ട ആക്രമിച്ചു. അലാവുദ്ദീന്‍ ഖില്‍ജിയെ വെല്ലുന്നതായിരുന്നു ആക്രമണം.എടാ ബന്‍സാലി, എടീ ചുടലഭദ്രകാളി ദീപികേ, ഷൂട്ടിങ് വേഗം നിര്‍ത്തിക്കോ. അതു കഴിഞ്ഞിട്ടുവേണം ഞങ്ങള്‍ക്ക് കള്ളുകുടിക്കാന്‍ പോവാന്‍. ബന്‍സാലി ബീഡിപ്പുക വിട്ടുകൊണ്ട് നിസ്സംഗനായി ചോദിച്ചു: എന്താ കാര്യം?’’ഇയ്യ്മ്മളെ റാണി പത്മിനിയെ അവഹേളിക്കും അല്ലേ!’’അങ്ങനെയൊന്നുമില്ല. ഇതു സിനിമയല്ലേ?’’ഞൊണ്ടിന്യായം പറയേണ്ട. ദീപിക പഹച്ചിയുടെ മൂക്ക് ഇപ്പം ചെത്തണോ അതോ പിന്നെ മതിയോ?’’പിന്നെ മതി. ഇപ്പം ചെത്തിയാല്‍ മൂക്കില്ലാത്ത റാണി പത്മിനിയാവില്ലേ തിരശ്ശീലയില്‍ തിളങ്ങുക. അതു കൂടുതല്‍ അവഹേളനമാവില്ലേ?’’ങ്ഹാ, അതു ശരിയാ. മൂക്കില്ലാത്ത റാണി പത്മിനി ഏതായാലും വേണ്ട.ഷൂട്ടിങ് കഴിഞ്ഞു. ചിത്രം തിയേറ്ററുകളിലെത്താറായപ്പോള്‍ പത്മിനിസേന, സോറി കര്‍ണിസേന തിയേറ്ററുകള്‍ കത്തിച്ചു. സ്‌കൂള്‍ ബസ്സിനു കല്ലെറിഞ്ഞു. അപ്പോള്‍ കോടതിയും സെന്‍സര്‍ ബോര്‍ഡും ഇടപെട്ടു. ചിത്രം നിരോധിക്കില്ലെന്നു കോടതി. ചിത്രത്തിന്റെ പേര് പത്മാവത് എന്നാക്കിയാല്‍ മതിയെന്ന് സെന്‍സര്‍ ബോര്‍ഡ്. കര്‍ണിസേനക്കാര്‍ വെല്ലുവിളിച്ചു: പേര് മാറ്റിയതുകൊണ്ടായില്ല. ചരിത്രകാരന്‍മാര്‍ പറഞ്ഞാല്‍ മ്മക്ക് അപ്പീലില്ല.’’ചിത്രം കണ്ട ചരിത്രകാരന്‍മാര്‍ വിധിയെഴുതി: പത്മാവതില്‍ ഒരു പിണ്ണാക്കുമില്ല ബലാലേ. ആ സിനിമയ്‌ക്കെതിരേ പ്രതിഷേധിക്കേണ്ടത് യഥാര്‍ഥത്തില്‍ ഖില്‍ജിസേനയാണ്.’’ അപ്പോള്‍ അക്രമത്തിലൂടെ 500 കോടി നഷ്ടം വരുത്തിയ കര്‍ണിസേനാ തലവന്‍ പ്രസ്താവനയിറക്കി: ഞങ്ങളോട് ക്ഷമിക്കണം. ചിത്രത്തില്‍ ഒരു പിണ്ണാക്കുമില്ലെന്നു പറയാന്‍ ചരിത്രകാരന്‍മാര്‍ എന്തുകൊണ്ട് വൈകി. ഈ ഗൂഢാലോചന അന്വേഷിച്ച് അക്രമത്തിന്റെ നഷ്ടപരിഹാരം അവരില്‍നിന്ന് ഈടാക്കണം. സംഗതി അങ്ങനെ വശക്കേടായി കിടക്കെ, കര്‍ണിസേനാ തലവന് ബന്‍സാലിയുടെ വിളി വന്നു: കര്‍ണിസേനാ തലവന് ആയിരമായിരം അഭിവാദ്യങ്ങള്‍. പത്മാവതിന്റെ കലക്ഷന്‍ 2,000 കോടി കവിഞ്ഞു.’’എത്രയായിരുന്നു നിര്‍മാണച്ചെലവ്?’’  വെറും 300 കോടി. ചരിത്രകാരന്‍മാര്‍ അടയ്‌ക്കേണ്ട 500 കോടി ഞാനേറ്റു. കര്‍ണിസേനയ്ക്ക് മറ്റൊരു 500 കോടി സ്വീകരിക്കുമെങ്കില്‍ നല്‍കാനും ഒരുക്കമാണ്. പിന്നെ വേറൊരു കാര്യം. എന്റെ സ്‌നേഹിതന്‍ ഝാന്‍സിയിലെ റാണി ലക്ഷ്മിബായിയെക്കുറിച്ച് മണികര്‍ണിക എന്ന പേരില്‍ ഒരു പടമെടുക്കുന്നുണ്ട്. ബ്രാഹ്മണസേനയുടെ ശ്രദ്ധയില്‍ ഇക്കാര്യം പെടുത്തി സഹായിക്കുമല്ലോ?’’ തൊട്ടടുത്ത ദിവസം തെരുവുകളില്‍ രസമായി. മണികര്‍ണിക എന്ന സിനിമ നിരോധിക്കണം. അതില്‍ ലക്ഷ്മിബായി ബ്രിട്ടിഷ് ചാരനുമൊത്ത് ആടിപ്പാടുന്നുണ്ടെന്നു ഞങ്ങള്‍ സ്വപ്‌നം കണ്ടു. ലക്ഷ്മിബായിയെ അവഹേളിക്കുന്നവന്റെ മൂക്കും തലയുമെടുത്ത് ലേലം വിളിക്കും. ബ്രാഹ്മണസേന സിന്ദാബാദ്.                ി
Next Story

RELATED STORIES

Share it