മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഏതറ്റംവരെയും പോവും

മട്ടന്നൂര്‍: ശുഹൈബിനെ കൊലപ്പെടുത്തിയ മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഏതറ്റംവരെയും പോവുമെന്ന് അഖിലേന്ത്യാ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ കെ ആന്റണി. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ എസ് പി ശുഹൈബിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊലപാതകം നടത്തിയവരെ മാത്രം പിടികൂടിയാല്‍ പോര. ആസൂത്രണം ചെയ്തവരെയും കൊലനടത്താന്‍ പറഞ്ഞയച്ചവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതുവരെ പോരാട്ടം തുടരും. കേസില്‍ സിബിഐ അന്വേഷണം നടത്തിയേ തീരൂ. പോലിസ് അന്വേഷണത്തില്‍ വിശ്വാസമില്ലാത്തതിനാലല്ല ഇതു പറയുന്നത്. പോലിസിന്റെ കൈകള്‍ കെട്ടിയിട്ടിരിക്കുകയാണ്. ശുഹൈബ് കൊല്ലപ്പെട്ട ശേഷവും സിപിഎമ്മിന്റെ ഭാഗത്തു നിന്ന് ഭീഷണി നിലനില്‍ക്കുകയാണ്. അക്രമത്തില്‍ പരിക്കേറ്റവര്‍ക്ക് പോലും ഭീഷണിയാണ്. കോഴിയെ നുറുക്കുന്ന ലാഘവത്തോടെയാണ് ശുഹൈബിനെ കൊലപ്പെടുത്തിയത്. ദിവസങ്ങളോളം ആസൂത്രണം ചെയ്ത് ഉന്നതങ്ങളിലെ നിര്‍ദേശപ്രകാരം നടപ്പാക്കിയതാണിത്. ജനങ്ങളൊന്നാകെ പ്രതിഷേധിച്ചിട്ടും സിപിഎം തെറ്റ് സമ്മതിക്കുകയോ കുറ്റബോധം കാണിക്കുകയോ ചെയ്യുന്നില്ല.
പിടിയിലായവര്‍ക്ക് ജയിലില്‍ എല്ലാ സൗകര്യവും ചെയ്തുകൊടുക്കുകയാണ്. സ്വന്തം വീട്ടില്‍ പോലെയാണ് ജയിലില്‍ കഴിയുന്നത്. കൊലപാതകത്തിനു ശേഷം കണ്ണൂരില്‍ ചേര്‍ന്ന സമാധാനയോഗത്തില്‍ ഏത് അന്വേഷണത്തിനും തയ്യാറാണെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞിരുന്നു. ഇതിനുശേഷം സിബിഐ അന്വേഷണം വേണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്തോ മറച്ചുവയ്ക്കാനുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാവുന്നത്. സിബിഐ വന്നാല്‍ ഇക്കാര്യം പുറത്താവുമെന്നാണു ഭയപ്പെടുന്നത്.
സംസ്ഥാനസര്‍ക്കാരിന്റെ എതിര്‍പ്പുണ്ടായാലും സിബിഐ അന്വേഷണത്തിന് ഏതറ്റം വരെയും പോവുമെന്നും ആന്റണി പറഞ്ഞു. ഇന്നലെ രാവിലെ 11ന് എടയന്നൂരിലെത്തിയ ആന്റണി ശുഹൈബിന്റെ വീട്ടിലെത്തിയ പിതാവ് മുഹമ്മദ് ഉള്‍പ്പെടെയുള്ള കുടുംബങ്ങളെ ആശ്വസിപ്പിച്ചാണ് മടങ്ങിയത്. ദീപ്തി മേരി വര്‍ഗീസ്, ഷാനിമോള്‍ ഉസ്മാന്‍, കെ സി ജോസഫ് എംഎല്‍എ തുടങ്ങിയവര്‍ ആന്റണിക്കൊപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it