മുഴുവന്‍ ക്ഷേമപെന്‍ഷനുകളും അടുത്തമാസം മുതല്‍ ബാങ്ക് അക്കൗണ്ടില്‍

തിരുവനന്തപുരം: അടുത്തമാസം മുതല്‍ എല്ലാ ക്ഷേമപെന്‍ഷനുകളും ബാങ്കുവഴി വിതരണം ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഓരോ ഗുണഭോക്താവിനും അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഡിബിടി (ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍) വഴിയാണു നല്‍കുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ കൂലിയും അഞ്ചു പ്രധാന ക്ഷേമപെന്‍ഷനുകളും ഇപ്പോള്‍ ഡിബിടിയിലൂടെയാണു വിതരണം ചെയ്യുന്നത്. പോസ്റ്റ് ഓഫിസ് വഴി നല്‍കുന്ന ക്ഷേമപെന്‍ഷനുകള്‍ യഥാസമയം ഗുണഭോക്താക്കള്‍ക്കു ലഭിക്കുന്നില്ലെന്നു വ്യാപകമായ പരാതി ലഭിച്ചതിനെത്തുടര്‍ന്നാണു നടപടി.
ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലേക്കു ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി പെന്‍ഷന്‍ കാലതാമസം ചര്‍ച്ചചെയ്തിരുന്നു. തുടര്‍ന്ന് സെക്രട്ടറി പോസ്റ്റ് മാസ്റ്റര്‍ ജനറലുമായി ബന്ധപ്പെട്ടു.
പോസ്റ്റ് ഓഫിസില്‍ ജീവനക്കാരുടെ കുറവ് ഉള്‍പ്പെടെയുള്ള സാങ്കേതിക തടസ്സങ്ങള്‍ ചൂണ്ടിക്കാട്ടി. കൂടാതെ, ഇടതുപക്ഷത്തിനു സ്വാധീനമുള്ള സര്‍വീസ് സംഘടനകള്‍ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ക്ഷേമപെന്‍ഷന്‍ വിതരണം തടസ്സപ്പെടുത്തുന്നതും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
തൊഴിലുറപ്പ് പദ്ധതിയുടെ വേതനം, വാര്‍ധക്യകാല പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, 50 വയസ്സിനു മുകളിലുള്ള അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ എന്നിവ ഡിബിടി വഴിയാണു നല്‍കുന്നത്. 2015 ഏപ്രില്‍ മുതല്‍ ആഗസ്ത് വരെയുള്ള ഏഴുമാസത്തെ 1575.89 കോടി രൂപയുടെ ക്ഷേമപെന്‍ഷനുകള്‍ ഇപ്രകാരം വിതരണം ചെയ്തിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുള്ളവര്‍ അതിന്റെ വിശദാംശങ്ങളും ഇല്ലാത്തവര്‍ പുതിയ അക്കൗണ്ട് തുടങ്ങി അതിന്റെ വിശദാംശങ്ങളും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ക്കു നല്‍കണമെന്നാണു സര്‍ക്കാര്‍ നിര്‍ദേശം.
Next Story

RELATED STORIES

Share it