മുഴുവനാളുകള്‍ക്കും പോലിസിന്റെ സൈബര്‍ സേവനം ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചു: മുഖ്യമന്ത്രി

തൃശൂര്‍: ഉയര്‍ന്ന സാങ്കേതികവിദ്യയുടെ കാലഘട്ടത്തില്‍ മുഴുവനാളുകള്‍ക്കും പോലിസിന്റെ സൈബര്‍ സേവനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ രാമവര്‍മപുരം പോലിസ് അക്കാദമിയില്‍ പോലിസ് പാസിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൈബര്‍ കുറ്റകൃത്യങ്ങള്‍ വളര്‍ന്നുവരുന്ന കാലഘട്ടത്തില്‍ സൈബര്‍ മേഖലയില്‍ വൈദഗ്ധ്യം നല്‍കുന്ന രീതിയിലാണ് പോലിസിന് പരിശീലനം നല്‍കുന്നത്. സാധാരണജനത്തിനും ഈ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനങ്ങളാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. രക്ഷ എന്നപേരില്‍ പുറത്തിറക്കിയിരിക്കുന്ന മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്ന സാധാരണക്കാരന് പോലിസ് പുറപ്പെടുവിക്കുന്ന സുരക്ഷാ മുന്നറിയിപ്പുകളും ട്രാഫിക് സംബന്ധമായ അറിയിപ്പുകളും പെട്ടെന്നു തന്നെ ലഭിക്കും. സേനയിലെ എല്ലാ റാങ്കിലുമുള്ള ഉദ്യോഗസ്ഥരുടെയും മൊബൈല്‍ ഫോണ്‍ നമ്പറും ഇ-മെയില്‍ വിലാസവും ഇപ്പോള്‍ ആപ്പിലൂടെ ലഭിക്കുമെന്നു മാത്രമല്ല, അവര്‍ക്ക് ആപ്പിലൂടെ തന്നെ സന്ദേശങ്ങള്‍ അയക്കാനും സാധിക്കും. കേരളത്തിനുള്ളിലെ ഏതു സ്ഥലവും ഏതു പോലിസ് സ്‌റ്റേഷന്റെ കീഴിലാണെന്നു കണ്ടെത്താന്‍ സഹായിക്കുന്ന ആപ്പുകളും ഇപ്പോള്‍ നിലവിലുണ്ട്. സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ആവശ്യമായ വിവരങ്ങളും സുരക്ഷാ സംവിധാനങ്ങളും ഇത്തരം ആപ്പുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പോലിസിനെ ഒരു ജനാധിപത്യ സമൂഹത്തിന് അനുഗുണമായി പരിവര്‍ത്തനം ചെയ്യുക എന്നതാണ് നാം ലക്ഷ്യമിടുന്നത്. ഏറ്റവും പ്രധാനം പൊതുജനങ്ങളുമായി ഇടപെടുന്ന പോലിസ് സംസ്‌കാരസമ്പന്നമായി ജനങ്ങളുമായി പെരുമാറുകയെന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it