kannur local

മുള്ളുവേലിയുമായി പട്ടാളം; പ്രതിഷേധവുമായി പ്രദേശവാസികള്‍

കണ്ണൂര്‍: കന്റോണ്‍മെന്റ് മേഖലയില്‍ പട്ടാളം മുള്ളുവേലി കെട്ടിത്തുടങ്ങി. ഇന്നലെ രാവിലെയാണ് ജില്ലാ ആശുപത്രി-കിലാശി റോഡില്‍ മുള്ളുവേലി കെട്ടുന്ന നടപടികളുമായി പട്ടാളം രംഗത്തെത്തിയത്.  സ്ത്രീകള്‍ ഉള്‍പ്പെടെ 50ഓളം പേര്‍ തടയാന്‍ ശ്രമിച്ചെങ്കിലും മുള്ളുവേലികെട്ടുന്ന ജോലിയില്‍ നിന്നു പട്ടാളം പിന്‍വാങ്ങിയില്ല. വനിതാ പോലിസ് ഉള്‍പ്പെടെയുള്ളവരെ അണിനിരത്തി പ്രതിരോധം തീര്‍ത്തായിരുന്നു പട്ടാളനടപടി.
പോലിസ് പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് മാറ്റുകയായിരുന്നു. ഇതേത്തുടര്‍ന്ന് പ്രദേശത്ത് നേരിയ തോതില്‍ ഉന്തും തള്ളുമുണ്ടായി. കണ്ണൂര്‍ തഹസില്‍ദാര്‍ വി എം സജീവന്‍ ഇടപെട്ട് നാട്ടുകാരെ പിന്തിരിപ്പിച്ചു. തല്‍ക്കാലം പട്ടാളം വേലികെട്ടട്ടെയെന്നും 27നു ചേരുന്ന കന്റോണ്‍മെന്റ് ബോര്‍ഡ് യോഗത്തില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുമെന്നും ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധക്കാര്‍ പിന്‍വാങ്ങിയത്. നേരത്തേ നാട്ടുകാര്‍ക്ക് അഞ്ചടി വീതിയില്‍ 130 മീറ്റര്‍ നീളത്തില്‍ വഴി നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ വഴിയുംകൂടി മുടക്കിയാണ് ഇപ്പോള്‍ മുള്ളുവേലി കെട്ടുന്നത്. അതേസമയം, കന്റോണ്‍മെന്റുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി പ്രതിരോധമന്ത്രിയുടെ അധ്യക്ഷതയില്‍ ഈ മാസം 30ന് എംപിമാരുടെ യോഗം ചേരുമെന്ന് പി കെ ശ്രീമതി എംപി അറിയിച്ചു. കണ്ണൂര്‍ കന്റോണ്‍മെന്റിലെ കച്ചവടക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനെ നേരിട്ടു കണ്ട് സംസാരിക്കുകയും നിവേദനം നല്‍കുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് രാജ്യസഭ എംപിമാര്‍ ഉള്‍പ്പെടെയുള്ള എംപി മാരുടെയും കന്റോണ്‍മെന്റ് ബോര്‍ഡ് വൈസ് പ്രസിഡന്റുമാരുടെയും യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നതെന്നുംപി കെ ശ്രീമതി എംപി അറിയിച്ചു.
Next Story

RELATED STORIES

Share it