wayanad local

മുള്ളന്‍കൊല്ലി-പുല്‍പ്പള്ളി വരള്‍ച്ചാ ലഘൂകരണ പദ്ധതി ഉദ്ഘാടനം



കല്‍പ്പറ്റ: പതിറ്റാണ്ടുകളായി മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പ്രദേശങ്ങള്‍ നേരിടുന്ന വരള്‍ച്ചയ്ക്കും കാര്‍ഷിക തകര്‍ച്ചയ്ക്കും ശാശ്വത പരിഹാരമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച 80.20 കോടി രൂപയുടെ സമഗ്ര വരള്‍ച്ചാ ലഘൂകരണ പദ്ധതി ജൂണ്‍ ഒന്നിന് രാവിലെ 11ന് കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് പദ്ധതിക്ക് തുടക്കമിടുന്നത്. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. എംഎല്‍എമാരായ സി കെ ശശീന്ദ്രന്‍, ഒ ആര്‍ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി പങ്കെടുക്കും. മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകള്‍ പൂര്‍ണമായും പൂതാടി പഞ്ചായത്തിന്റെ നാലു വാര്‍ഡുകളും പദ്ധതിയില്‍ ഉള്‍പ്പെടും. പദ്ധതിക്കായി നടപ്പു വര്‍ഷം 20 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മൂന്നു വര്‍ഷമാണ് പദ്ധതിയുടെ പൂര്‍ത്തീകരണ കാലാവധി. പ്രദേശത്തിന്റെ പാരിസ്ഥിതിക ആവാസ വ്യവസ്ഥ തിരിച്ചുകൊണ്ടുവരിക, ഉപരിതല നീരൊഴുക്ക് ക്രമപ്പെടുത്തി ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്തുക, മണ്ണിന്റെ ഫലഭൂയിഷ്ഠിതയും ജൈവികതയും വര്‍ധിപ്പിക്കുക, ജലസേചനത്തിന് അനുയോജ്യമായ ജലസംഭരണ സംവിധാനങ്ങള്‍ സൃഷ്ടിക്കുക, ലിഫ്റ്റ് ഇറിഗേഷന്‍ വഴി തരിശു നിലങ്ങളില്‍ നെല്‍കൃഷി വ്യാപിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍. കര്‍ഷക ഗ്രൂപ്പ് ഫാമിങ് വഴി നടപ്പാക്കുന്ന പദ്ധതി നഷ്ടപ്പെട്ട കാര്‍ഷിക സംസ്‌കാരം തിരിച്ചുകൊണ്ടുവരാന്‍ പര്യാപ്തമാണ്. ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ പി യു ദാസ് നിര്‍വഹണ ഉദ്യോഗസ്ഥനായ പദ്ധതിയില്‍ മണ്ണ് സംരക്ഷണ വകുപ്പിന് പുറമെ കൃഷി, ജലസേചനം, ക്ഷീര വികസനം, വനം എന്നീ വകുപ്പുകളും ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും പങ്കാളികളാവും.  പദ്ധതിക്കായി സംസ്ഥാന സര്‍ക്കാരിന്റെ 73 കോടി വിഹിതത്തിനു പുറമെ ത്രിതല പഞ്ചായത്ത് വിഹിതം, ഗുണഭോക്തൃ വിഹിതം എന്നിവയും ഉണ്ടാവും. ചടങ്ങില്‍ കാര്‍ഷിക വികസന കമ്മീഷണറും കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ രാജുനാരായണ സ്വാമി മുഖ്യപ്രഭാഷണം നടത്തും. മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ജസ്റ്റിന്‍ മോഹന്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it