ernakulam local

മുളവൂര്‍ മണ്ഡലത്തില്‍ എ ഗ്രൂപ്പിന്റെ രഹസ്യയോഗം

മൂവാറ്റുപുഴ: കമ്മിറ്റിയില്‍ കണക്ക് അവതരിപ്പിക്കാത്തതിനെച്ചൊല്ലി മുളവൂര്‍ മണ്ഡലത്തില്‍ എ ഗ്രൂപ്പിന്റെ രഹസ്യയോഗം. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ലഭിച്ച ഫണ്ടിന്റെ കണക്ക് കമ്മിറ്റിയില്‍ വയ്ക്കാത്തതിനെച്ചൊല്ലി എ-ഐ ഗ്രൂപ്പുകള്‍ തര്‍ക്കം രൂക്ഷമായിരുന്നു. ഐ ഗ്രൂപ്പുകാരനായ ജോസഫ് വാഴയ്ക്കന്‍ വീണ്ടും മല്‍സരിക്കുന്ന സാഹചര്യത്തിലാണ് എ വിഭാഗം സമ്മര്‍ദ്ദ തന്ത്രവുമായി ഗ്രൂപ്പുയോഗം വിളിച്ചുചേര്‍ത്തത്. നഗരത്തിലെ കവിതാ ടൂറിസ്റ്റ് ഹോമില്‍ വെള്ളിയാഴ്ച വൈകീട്ടാണ് എ ഗ്രൂപ്പുകാര്‍ സംഘടിച്ചത്. കെപിസിസി എക്‌സിക്യൂട്ടീവ് അംഗം എ മുഹമ്മദ് ബഷീര്‍ ദേശീയ കര്‍ഷക തൊഴിലാളി യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് ജോയി മാളിയേക്കല്‍, മുന്‍ ഡിസിസി സെക്രട്ടറി കെ എം സലീം തുടങ്ങിയവരാണ് പങ്കെടുത്തത്. കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തിലേക്ക് മല്‍സരിച്ച എ ഗ്രൂപ്പിലെ പ്രധാനിയായ കെ എം സലീമിനെ ഒരു വിഭാഗം കാലുവാരി തോല്‍പിച്ചതായി ആരോപണമുയര്‍ന്നു.
ബൂത്തുകളിലേക്കെന്ന പേരില്‍ കെ എം സലീമില്‍നിന്ന് വന്‍തുക ഐ വിഭാഗം മണ്ഡലം ഭാരവാഹികള്‍ വാങ്ങിയെങ്കിലും അത് നല്‍കിയില്ലെന്നാണ് പരാതി. ഒരു ബൂത്തിലേക്ക് അയ്യായിരം രൂപയെന്ന കണക്കില്‍ പന്ത്രണ്ട് ബൂത്തിലേക്ക് പണം നല്‍കിയെന്നാണ് സലിം വ്യക്തമാക്കിയത്. എന്നാല്‍ പണം മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ഐ വിഭാഗം വീതംവച്ചെടുത്തതായാണ് എ വിഭാഗത്തിന്റെ ആരോപണം. സ്ഥാനാര്‍ഥിയില്‍നിന്ന് വാങ്ങിയ പണം ബൂത്തുകളിലേക്ക് നല്‍കാത്തത് എ വിഭാഗം മണ്ഡലം കമ്മിറ്റിയോഗത്തില്‍ ചോദ്യം ചെയ്തു. എന്നാല്‍ കണക്ക് വയ്ക്കാന്‍ നേതൃത്വം തയ്യാറായിട്ടില്ലത്രെ. എംഎല്‍എ ജോസഫ് വാഴയ്ക്കനെയും എ വിഭാഗം പ്രശ്‌നം ധരിപ്പിച്ചെങ്കിലും ജോസഫ് വാഴയ്ക്കന്‍ വീണ്ടും മല്‍സരിക്കുന്ന സാഹചര്യത്തില്‍ ഐ വിഭാഗത്തിനെതിരേ എ വിഭാഗം രംഗത്തെത്തിയത്. കാലുവാരലിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പണത്തിന്റെ കണക്ക് നല്‍കിയില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ കടുത്ത നിലപാട് സ്വീകരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
Next Story

RELATED STORIES

Share it