palakkad local

മുളയന്‍കാവിലെ റോഡ് നിര്‍മാണം എന്‍ജിനീയര്‍മാരെയും കരാറുകാരനെയും തടഞ്ഞു

കുലുക്കല്ലൂര്‍: കുലുക്കല്ലൂര്‍ ഗ്രാമപ്പഞ്ചായത്തിലെ മൂന്ന് ഗ്രാമീണ റോഡുകളുടെ നിര്‍മാണ പ്രവൃത്തികള്‍ സ്തംഭനാവസ്ഥയിലായതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.
ഭാരത് നിര്‍മാണ്‍ പ്രധാനമന്ത്രി ഗ്രാമീണ റോഡ് സംയോജന പദ്ധതി പ്രകാരം നിര്‍മാണം തുടങ്ങിയ മുളയന്‍കാവ്-കോരനാല്‍, മുളയന്‍കാവ്-വലിയപറമ്പ്, മുളയന്‍കാവ്-മപ്പാട്ടുകര എന്നീ ഗ്രാമീണ റോഡുകളുടെ നിര്‍മാണ പ്രവൃത്തികളാണ് ഏഴ്മാസം പിന്നിട്ടിട്ടും എങ്ങുമെത്താതെ കിടക്കുന്നത്.
കരാറുകാരന്റെയും പിഎംജിഎസ്‌വൈ എന്‍ജിനീയര്‍മാരുടെയും പരസ്പര ഏകീകരണത്തോടെയാണ് നിര്‍മാണപ്രവൃത്തികള്‍ നടത്തിക്കൊണ്ടു പോകേണ്ടത് എന്നിരിക്കെ കരാറുകാരനും എന്‍ജിനീയര്‍മാരും പരസ്പരം പഴിചാരി ഉത്തരവാദിത്വത്തില്‍നിന്നും മാറി നിന്നതോടെയാണ് റോഡുപണി അവതാളത്തിലായത്.
സ്റ്റേറ്റ് ക്വാളിറ്റി മോണിറ്റര്‍ വകുപ്പ് എന്‍ജിനീയര്‍മാരും കരാറുകാരും റോഡു പരിശോധനക്കെത്തിയതോടെയാണ് റോഡ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ ഇവരെ തടഞ്ഞുവച്ചത്.
മുളയന്‍കാവ് കാവ്-കോരനാല്‍, മുളയന്‍കാവ്- വലിയപറമ്പ് എന്നീ റോഡുകളുടെ രണ്ടാംഘട്ടപണികള്‍ ആരംഭിക്കാനും മുളയന്‍കാവ്-മപ്പാട്ടുകര റോഡില്‍ പണിക്ക് തടസ്സമായ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പുലൈനുകള്‍ മാറ്റികിട്ടിയ മുറക്ക് ഈ റോഡിന്റെ നിര്‍മാണ പ്രവൃത്തികളും എത്രയും പെട്ടെന്നുതന്നെ ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ നല്‍കിയ ഉറപ്പിലാണ് സമരം അവസാനിച്ചത്. ആക്ഷന്‍കമ്മിറ്റി പ്രസിഡന്റും കുലുക്കല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായ മുഹമ്മദ്‌നൂറുദ്ദീന്‍, ടി എം മുസ്തഫ, ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ അബ്ദുള്‍കരീം, ടി എന്‍ റഷീദ് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it