palakkad local

മുളഞ്ഞൂര്‍ തോട്ടില്‍ സ്ഥിരം തടയണ ; 25 ലക്ഷം അനുവദിച്ചു



ഒറ്റപ്പാലം: ലക്കിടി മുളഞ്ഞൂര്‍ തോട്ടിലെ നമ്പൂതിരിക്കെട്ട് തടയണയുടെ നവീകരണ പ്രവര്‍ത്തനം ആരംഭിച്ചു. ആറുമാസത്തിനകം പൂര്‍ത്തീകരിക്കാനാണു ലക്ഷ്യം. നെല്ലിക്കുറുശ്ശി, പാലപ്പുറം പ്രദേശങ്ങളെ ബന്ധിപ്പിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച തടയണ തകര്‍ന്ന നിലയിലായിരുന്നു. മൂന്നു പൂവല്‍ കൃഷിയിറക്കിയിരുന്ന കര്‍ഷകര്‍ ജലസേചന സൗകര്യം ലഭിക്കാത്തതിനാല്‍ ജലവിഭവ വകുപ്പിനും ബന്ധപ്പെട്ടവകുപ്പ് അധികാരികള്‍ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ മാറിമാറി വന്ന ഭരണകൂടവും നമ്പൂതിരിക്കെട്ടിനെ അവഗണിച്ചതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലായി. ഒടുവില്‍ ജലവിഭവ വകുപ്പ് കാല്‍ കോടി രൂപ അനുവദിച്ചതോടെ നവീകരണ പ്രവര്‍ത്തനം ആരംഭിച്ചു.ആധുനിക രീതിയിലുള്ള ഷട്ടറുകള്‍ സ്ഥാപിച്ചും,  തകര്‍ന്ന പടവുകള്‍ ബലപ്പെടുത്തിയുമാണ് നവീകരണം പൂര്‍ത്തിയാക്കുന്നത്. പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിനും നെല്ലിക്കുറുശ്ശി, മുളത്തൂര്‍,പാലപ്പുറം,ചുനങ്ങാട് മേഖലകളിലെ കാര്‍ഷിക ആവശ്യങ്ങള്‍ക്കും  പ്രയോജനപ്പെടുമെന്നാണു പ്രതീക്ഷ. ഭാരതപുഴയിലേക്കുള്ള പ്രധാന കൈതോടുകളിലൊന്നാണ് മഞ്ഞൂര്‍ തോട്. പതിറ്റാണ്ടുകള്‍ക്കു മുമ്പു പ്രദേശത്തെ മനക്കാരുടെ കൃഷിഭൂമി ആവശ്യത്തിനായി നിര്‍മിച്ചതാണ് നമ്പൂതിരിക്കെട്ട്. കാലപ്പഴക്കം കൊണ്ടും സംരക്ഷണ കുറവുകൊണ്ടും കെട്ട് തകര്‍ന്നു. ഇതോടെയാണു തടയണ അനിവാര്യമായത്.
Next Story

RELATED STORIES

Share it