Pathanamthitta local

മുളക്കുഴയില്‍ വീണ്ടും അനധികൃത മണ്ണെടുപ്പ്‌



ചെങ്ങന്നൂര്‍: മുളക്കുഴ പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ വീണ്ടും അനധികൃതമായി മണ്ണെടുപ്പ് തുടങ്ങി. കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന ജനവാസകേന്ദ്രവും ഒപ്പം പ്രധാന കശുവണ്ടി ഫാക്ടറി സ്ഥിതിചെയ്യുന്ന പ്രദേശത്തുമാണ് കഴിഞ്ഞ രണ്ടുദിവസമായി വ്യാപക മണ്ണെടുപ്പ് നടക്കുന്നത്. മൂലപ്ലാവിന്‍ചുവട് കശുവണ്ടി ഓഫീസ് റോഡില്‍ പോത്തന്‍കുളഞ്ഞി ഭാഗത്താണ് മണ്ണെടുപ്പ് നടക്കുന്നത്. അനധികൃതമായ മണ്ണെടുപ്പായതിനാല്‍ രാത്രികാലങ്ങളില്‍ മാത്രമാണ് മണ്ണെടുക്കുന്നത്. കടുത്ത ജലക്ഷാമം മൂലം ജനങ്ങള്‍ കിലോമീറ്ററുകളോളം സഞ്ചരിച്ച് കുടിവെള്ളം ശേഖരിക്കുന്ന സമയമായിട്ടുപോലും അധികൃതരുടെ മൂക്കിനുതാഴെ നടക്കുന്ന അനധികൃത മണ്ണെടുപ്പിനെതിരെ നടപടിയെടുക്കാന്‍ ശ്രമം ഉണ്ടായിട്ടില്ല. അനധികൃതമായി മണ്ണെടുക്കുന്നതിനും കുളം കുഴിക്കുന്നതിനും കുപ്രസിദ്ധി നേടിയ വാര്‍ഡാണ് മുളക്കുഴ പഞ്ചായത്തിലെ 14-ാംവാര്‍ഡ് ജനവാസകേന്ദ്രത്തില്‍ കുളം കുഴിച്ച് പ്രദേശവാസികളുടെ കുടിവെള്ളം മുട്ടിച്ച സംഭവമുണ്ടായിട്ട് അധികമായിട്ടില്ല. നാട്ടിലെ ജനപ്രതിനിധികളുടെ ഒത്താശയോടെ നടന്ന ഈ പ്രവര്‍ത്തിയും ഏറെ വിമര്‍ശനം ഉണ്ടാക്കിയിരുന്നു. പോലീസിന്റെ കണ്ണുവെട്ടിച്ചും, ചിലരെ പണം കൊടുത്തു മയക്കിയും മണ്ണുമാഫിയ മലയിടിച്ച് മണ്ണുകടത്തുന്നതിനെതിരെ പരാതി ഉയര്‍ന്നിരുന്നു. കുളംകുഴിച്ച് കുടിവെള്ളം മുട്ടിച്ച മാഫിയകള്‍ക്കെതിരെ ആക്ഷന്‍കൗണ്‍സില്‍ രൂപീകരിച്ച് ഇടപെടല്‍ നടത്തിയ മാതൃകയില്‍ പോത്തന്‍കുളഞ്ഞി മലയിലെ മണ്ണെടുപ്പിനെതിരെയും ജനങ്ങള്‍ സംഘടിക്കാന്‍ ഒരുങ്ങുകയാണ്.
Next Story

RELATED STORIES

Share it