Flash News

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 141.7 അടി; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 141.7 അടി; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
X
_MULLAPERI_

[related]

തൊടുപുഴ:മുല്ലപ്പെരിയായാറില്‍ ജലനിരപ്പ് 141.7 അടിയായി.മുല്ലപ്പെരിയാറില്‍ വൃഷ്ടിപ്രദേശത്തും ഡാമിനുസമീപപ്രദേശങ്ങളിലും ശക്തമായ മഴ തുടരുകയാണ്. സെക്കന്‍ഡില്‍ 1950 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.
അതേസമയം, കൂടുതല്‍ ജലം കൊണ്ടുപോവണമെന്നു സംസ്ഥാനം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി ജിജി തോംസണ്‍ തമിഴ്‌നാട് ചീഫ് സെക്രട്ടറിയെ ഫോണില്‍ വിളിച്ചാണ് സംസ്ഥാനത്തിന്റെ ആവശ്യം ഉന്നയിച്ചത്. ദുരന്തനിവാരണ നിയമപ്രകാരം ഇടുക്കി ജില്ലാ കലക്ടറും തമിഴ്‌നാടിനോട് സമാന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സെക്കന്‍ഡില്‍ 1400 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോവുന്നത്. രാത്രി കേരളത്തിലേക്ക് വെള്ളം തുറന്നുവിടരുതെന്നും കലക്ടര്‍ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു. ഡാം തുറക്കുകയാണെങ്കില്‍ 12 മണിക്കൂര്‍ മുമ്പെങ്കിലും കേരളത്തെ അറിയിക്കണം. ജലനിരപ്പ് ഉയര്‍ന്നാല്‍ ഒരുതുള്ളി വെള്ളം പോലും കേരളത്തിലേക്ക് തുറന്നുവിടരുത്. അങ്ങനെ ചെയ്താല്‍ നിയമപരമായി നേരിടുമെന്നും കേരളം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സെക്കന്‍ഡില്‍ 2,500 ഘനയടി വെള്ളം തമിഴ്‌നാട് കൊണ്ടുപോയാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഇപ്പോഴത്തെ ആശങ്കയ്ക്കു പരിഹാരം കാണാനാവുമെന്നാണ് സംസ്ഥാനത്തിന്റെ വിലയിരുത്തല്‍. സുപ്രിംകോടതി ഉത്തരവ് തമിഴ്‌നാടിന് അനുകൂലമായശേഷം രണ്ടാംതവണയാണ് തമിഴ്‌നാട് ജലനിരപ്പ് 142 അടിയിലെത്തിക്കുന്നത്. ഇന്നലെ രാവിലെ ശേഖരിച്ച കണക്കുപ്രകാരം മുല്ലപ്പെരിയാര്‍ മേഖലയില്‍ 9.4 മില്ലിമീറ്ററും തേക്കടിയില്‍ 34 മില്ലിമീറ്ററും മഴയാണു ലഭിച്ചത്. ഇതേത്തുടര്‍ന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്കും വര്‍ധിച്ചിട്ടുണ്ട്.
മുല്ലപ്പെരിയാര്‍ മേഖലയില്‍ ജലനിരപ്പ് 142 അടിയിലെത്തിയാല്‍ വൈഗയിലേക്ക് വെള്ളം തുറന്നുവിടാനുള്ള പദ്ധതിയാണ് തമിഴ്‌നാട് ആസൂത്രണം ചെയ്യുന്നത്. ഇതിനായി തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ മുല്ലപ്പെരിയാറില്‍ ക്യാംപ് ചെയ്യുന്നുണ്ട്. അണക്കെട്ടിന് ബലക്ഷയമില്ലെന്ന് വരുത്തിത്തീര്‍ക്കുകയാണ് തമിഴ്‌നാടിന്റെ ലക്ഷ്യം. ഇതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലം സംഭരിച്ചുനിര്‍ത്താനുള്ള നടപടികള്‍ തമിഴ്‌നാട് പൂര്‍ത്തിയാക്കി. 72 അടി സംഭരണശേഷിയുള്ള വൈഗയിലിപ്പോള്‍ 65.06 അടി വെള്ളം മാത്രമാണുള്ളത്. ഇന്നലെ രാവിലെ അണക്കെട്ടിലെത്തിയ ഉപസമിതിയിലെ തമിഴ്‌നാട് പ്രതിനിധികളോട് വെള്ളം എപ്പോള്‍, എങ്ങോട്ട് തുറന്നുവിടുമെന്ന് കേരളം ചോദ്യമുന്നയിച്ചെങ്കിലും വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയായിരുന്നു.
ഉപസമിതിയുടെ പരിശോധനയില്‍ അണക്കെട്ടില്‍നിന്ന് അരിച്ചിറങ്ങുന്ന വെള്ളത്തിന്റെ അളവ് മിനിറ്റില്‍ 151 ലിറ്ററായി ഉയര്‍ന്നതായും കണ്ടത്തി. ശനിയാഴ്ചത്തെ അപേക്ഷിച്ച് ആറ് ലിറ്ററിന്റെ വ്യത്യാസമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. അതേസമയം, അടിയന്തര സാഹചര്യം നേരിടാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.

 അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

കുമളി: മുല്ലപ്പെരിയാറിലെ വെള്ളം പെരിയാറിലേക്ക് തുറന്നുവിടേണ്ട സാഹചര്യമുണ്ടായാല്‍ ഇതു നേരിടാനാവശ്യമായ മുന്‍കരുതലെടുക്കാന്‍ തഹസില്‍ദാര്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്കെത്തുന്ന സാഹചര്യത്തിലാണ് പീരുമേട് തഹസില്‍ദാര്‍ റെഡ്അലര്‍ട്ട് പ്രഖ്യാപിച്ചത്.
അണക്കെട്ടുമായി ബന്ധപ്പെട്ട ഏതു സാഹചര്യവും നേരിടാനും അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് ഉദ്യോഗസ്ഥര്‍ എത്തിച്ചേരുന്നതിനു തയ്യാറാവണമെന്നും കാണിച്ചാണ് റെഡ്അലര്‍ട്ട് പ്രഖ്യാപിച്ചത്.
സോഷ്യല്‍ മീഡിയ വഴിയുള്ള തെറ്റായ പ്രചാരണങ്ങളില്‍ ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണസമിതി ജനങ്ങളോട് അഭ്യര്‍ഥിച്ചു. പോലിസിന്റെയും വനംവകുപ്പിന്റെയും പട്രോളിങും ശക്തമാക്കി.മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 141.6 അടിയായി. വൃഷ്ടിപ്രദേശത്തും ഡാമിനു സമീപപ്രദേശങ്ങളിലും രാത്രിയിലും ശക്തമായ മഴ തുടരുകയാണ്.
Next Story

RELATED STORIES

Share it