മുല്ലപ്പെരിയാര്‍: സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്‌നം ഇന്നലെയും ലോക്‌സഭയില്‍ ചര്‍ച്ചയായി. മറ്റ് സഭാനടപടികള്‍ നിര്‍ത്തി വച്ച് മുല്ലപ്പെരിയാര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എംപിമാരായ ജോയ്‌സ് ജോര്‍ജും എന്‍കെ പ്രേമചന്ദ്രനും നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. കേരളത്തെ അറിയിക്കാതെ രാത്രിയില്‍ തമിഴ്‌നാട് ഷട്ടര്‍ തുറന്നുവിട്ടത് ചര്‍ച്ച ചെയ്യണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച്ച ഇടത് എംപിമാര്‍ കേന്ദ്ര ജലവിഭവ വകുപ്പു മന്ത്രി ഉമാഭാരതിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് മുല്ലപ്പെരിയാറിന്റെ അവസ്ഥ സംബന്ധിച്ച റിപോര്‍ട്ട് മന്ത്രി ഇന്നലെ എംപിമാര്‍ക്കു നല്‍കി.
മുല്ലപ്പെരിയാറില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും സുപ്രിംകോടതി നിര്‍ദേശിച്ചിട്ടുള്ള 142 അടിക്കു താഴെയാണ് ജലനിരപ്പെന്നും കേന്ദ്ര ജലവിഭവ വകുപ്പ് സെക്രട്ടറി തയ്യാറാക്കിയ റിപോര്‍ട്ടില്‍ പറയുന്നുണ്ട്. അതുകൊണ്ട് ഇപ്പോള്‍ കേന്ദ്രം ഇടപെടേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി എംപിമാരെ അറിയിച്ചു. പാര്‍ലമെന്റ് ചട്ടം 377 അനുസരിച്ച് ജോയ്‌സ് ജോര്‍ജ് എംപി വിഷയം വീണ്ടും ഉന്നയിച്ചു. കരാര്‍ അനുസരിച്ച് തമിഴ്‌നാടിന് ജലം നല്‍കുന്നതില്‍ കേരളത്തിന് എതിര്‍പ്പില്ല. തമിഴ്‌നാടിന് വെള്ളവും കേരളത്തിന് സുരക്ഷയുമാണ് ആവശ്യം.
40 ലക്ഷത്തോളം ജനങ്ങള്‍ ആശങ്കയിലാണ് അവരുടെ ജീവനും ജീവനോപാധികളുമാണ് രാജ്യം പരിഗണിക്കേണ്ടത്. 1979ല്‍ കേന്ദ്ര ജലവിഭവ കമ്മീഷന്‍ ജലനിരപ്പ് 116 അടിയായി നിജപ്പെടുത്തിയിരുന്നത് ഇപ്പോള്‍ 142 അടിയിലേക്ക് ഉയര്‍ത്തിയതിലെ വൈരുധ്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it