മുല്ലപ്പെരിയാര്‍; സുരക്ഷയൊരുക്കാന്‍ ഫണ്ട് അനുവദിക്കും: മന്ത്രി

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ പെരിയാര്‍ തീരത്തു താമസിക്കുന്നവരുടെ സുരക്ഷയൊരുക്കാന്‍ ആവശ്യമായ ഫണ്ട് അനുവദിക്കുമെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ടു സന്ദര്‍ശിച്ചശേഷം തേക്കടിയില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജലസേചന വകുപ്പിന്റെ തകരാറിലായിക്കിടക്കുന്ന ബോട്ട് നന്നാക്കുന്നതിനും മന്ത്രി നിര്‍ദേശം നല്‍കി. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിയമപരമായി എന്തൊക്കെ ചെയ്യാമെന്ന് സര്‍ക്കാര്‍ ആലോചിക്കും. അണക്കെട്ടിന്റെ താഴ്ഭാഗത്ത് താമസിക്കുന്ന 116 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. ഇതിന് ഇവരുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാറില്‍ ജലനിരപ്പുയര്‍ത്തുന്നതുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധി തമിഴ്‌നാട് ലംഘിക്കുകയാണു ചെയ്തതെന്ന് റവന്യൂ മന്ത്രി അടുര്‍ പ്രകാശ്. മുല്ലപ്പെരിയാറില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുമ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. തമിഴ്‌നാടിനെതിരേ നിയമപരമായ നടപടി സ്വീകരിക്കും.
മുല്ലപ്പെരിയാറിലെ കാര്യങ്ങള്‍ അറിയുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനും കേരളം തമിഴ്‌നാടിനെ ആശ്രയിക്കേണ്ടി വരുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അണക്കെട്ടില്‍ ജലനിരപ്പുയര്‍ന്ന സാഹചര്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന കാര്യത്തില്‍ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതി തയ്യാറാക്കാന്‍ ജില്ലാ ഭരണകൂടത്തെ ചുമതലപ്പെടുത്തിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്നലെ വൈകീട്ട് നാലരയോടെയാണ് മന്ത്രി അടൂര്‍ പ്രകാശ് അണക്കെട്ടില്‍ സന്ദര്‍ശനം നടത്തിയത്. എംഎല്‍എമാരായാ ഇ എസ് ബിജിമോള്‍, റോഷി അഗസ്റ്റിന്‍, കെ കെ ജയചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തോമസ്, ജില്ലാ കലക്ടര്‍ വി രതീശന്‍ വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ അണക്കെട്ടിലെത്തിയിരുന്നു. പിന്നീട് തീരദേശ മേഖലയിലെ പഞ്ചായത്ത് പ്രസിഡന്റ്മാരുടെയും ജനപ്രതിനിധികളുടെയും യോഗം തേക്കടി ബാംബു ഗ്രോവില്‍ ചേര്‍ന്നു. ശക്തമായ പ്രതിഷേധമാണ് ജനപ്രതിനിധികളില്‍ നിന്ന് ഉയര്‍ന്നത്. ഇതോടെയാണ് നടപടികള്‍ സ്വീകരിക്കുന്ന വിഷയത്തില്‍ വീഴ്ചകള്‍ ഉണ്ടായതായി മന്ത്രി സമ്മതിച്ചത്.
Next Story

RELATED STORIES

Share it