Idukki local

മുല്ലപ്പെരിയാര്‍ സുരക്ഷ: കുറ്റമറ്റതാക്കിയെന്ന് ജില്ലാ ഭരണകൂടം

വണ്ടിപ്പെരിയാര്‍: മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുകയും ഷട്ടറുകള്‍ ഉയര്‍ത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ സുരക്ഷാനടപടികള്‍ കുറ്റമറ്റതാക്കിയെന്ന് ജില്ലാ ഭരണകൂടം. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് കമ്യൂനിറ്റി ഹാളില്‍ ജില്ലാ കലക്ടര്‍ വി രതീശന്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട വകുപ്പ് തലവന്മാരുടെയും യോഗത്തില്‍ ഇതേവരെ സ്വീകരിച്ച നടപടികള്‍ വിലയിരുത്തി.
അടിയന്തര സാഹചര്യമുണ്ടായാല്‍ വിവരങ്ങള്‍ താഴെത്തട്ടില്‍ വരെ എത്തിക്കുന്നതിനും സുരക്ഷാനടപടികള്‍ വേഗത്തിലാക്കുന്നതിനുമായി രൂപീകരിച്ച കമ്മ്യൂനിക്കേഷന്‍ സിസ്റ്റത്തിന്റെ പ്രവര്‍ത്തനം മേഖല തിരിച്ച് വിലയിരുത്തി. ജലനിരപ്പുയര്‍ന്നാല്‍ ഭീഷണി നേരിട്ടേക്കാവുന്ന പ്രദേശങ്ങളിലെ ജനങ്ങളെ 12 കുടംബങ്ങള്‍ അടങ്ങുന്ന ഗ്രൂപ്പുകളായി തിരിച്ചാണ് കമ്യൂനിക്കേഷന്‍ സിസ്റ്റത്തിന് രൂപം കൊടുത്തിരിക്കുന്നത്. തഹസില്‍ദാരുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫിസര്‍, അസിസ്റ്റന്‍്‌റ് വില്ലേജ് ഓഫിസര്‍ തുടങ്ങിയവരടങ്ങിയ ഗ്രൂപ്പുകള്‍ തിങ്കളാഴ്ച ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചപ്പോള്‍ എങ്ങനെ പ്രവര്‍ത്തിച്ചുവെന്ന് വിശദീകരിച്ചു. വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ മഞ്ചുമല, വള്ളക്കടവ്-ചപ്പാത്ത്, കടശ്ശിക്കടവ്, പെരിയാര്‍-അയ്യപ്പന്‍കോവില്‍, മ്ലാമല-ശാന്തിപ്പാലം, അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ ചപ്പാത്ത്, പരപ്പ്, ആനവിലാസം, ഉപ്പുതറ പഞ്ചായത്തിലെ ഉപ്പുതറ ആറ്റോരം, ഏലപ്പാറ പഞ്ചായത്തിലെ വള്ളക്കടവ്, ഹെലിബെറിയ തുടങ്ങിയ സ്ഥലങ്ങളില്‍ രൂപികരിച്ചിരിക്കുന്ന ഗ്രൂപ്പുകളുടെ പ്രവര്‍ത്തന പുരോഗതിയും വിലയിരുത്തി. ഈ പ്രദേശങ്ങളിലെ വില്ലേജ് ഓഫിസുകള്‍ കണ്‍ട്രോള്‍ റുമുകളായി പ്രവര്‍ത്തിക്കുന്നുവെന്ന് ജില്ലാ കലക്ടര്‍ ഉറപ്പുവരുത്തി.
ഉപ്പുതറ, മഞ്ചുമല വില്ലേജ് ഓഫിസുകളും പീരുമേട് താലൂക്ക് ഓഫിസും 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നും കലക്ടര്‍ അറിയിച്ചു. ജില്ലാ കലക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗവും ജില്ലാ പോലിസ് ആസ്ഥാനവും 24 മണിക്കൂറും പ്രവര്‍ത്തന നിരതമാണെന്നും എന്താവശ്യത്തിനും ജനങ്ങള്‍ക്ക് ഏതുസമയവും ബന്ധപ്പെടാവുന്നതാണെന്നും കലക്ടര്‍ പറഞ്ഞു.
പഞ്ചായത്ത് തല ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കമ്മിറ്റി രണ്ടു ദിവസത്തിനുള്ളില്‍ അടിയന്തരമായി വിളിച്ചുചേര്‍ത്ത് നടപടികള്‍ വിലയിരുത്തണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. പ്രസിഡന്റുമാരും മെംബര്‍മാരും ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.പ്രദേശത്ത് പോലിസ് റോന്തുചുറ്റല്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പോലിസിന് ജനങ്ങള്‍ പൂര്‍ണ സഹകരണം നല്‍കണം എന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു. വണ്ടിപ്പെരിയാറിനു സമീപത്തുള്ള ചെക്ക് ഡാമുകള്‍ അനിയന്ത്രിതമായി തുറന്നുവിടുന്നതുമൂലം റോഡുകളിലു മറ്റും വെള്ളം കയറുന്നതായി ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെട്ട് പരിഹാരം ഉണ്ടാക്കാന്‍ കലക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
യോഗത്തില്‍ വണ്ടിപ്പെരിയാര്‍ പഞ്ചയത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ്, അയ്യപ്പന്‍കോവില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ എല്‍ ബാബു, പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് സുലേഖ ടി എസ്, പഞ്ചായത്ത് അംഗങ്ങള്‍, സബ് കലക്ടര്‍ എന്‍ ടി എല്‍ റെഡ്ഡി, എഡിഎം കെ കെ ആര്‍ പ്രസാദ്, കട്ടപ്പന ഡിവൈഎസ്പി പി കെ ജഗദീഷ്, പീരുമേട് തഹസില്‍ദാര്‍ ടി ആര്‍ രമേശ്കുമാര്‍ വകുപ്പുതല ഉദ്യോഗസ്ഥന്മാര്‍ യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it