Editorial

മുല്ലപ്പെരിയാര്‍: വസ്തുതകള്‍ അംഗീകരിക്കണം

മഴക്കാലം വരുന്നതോടെ മുല്ലപ്പെരിയാര്‍ വീണ്ടും മാധ്യമശ്രദ്ധയിലേക്കു വരുകയാണ്. സമീപകാലത്ത് ഓരോ കാലവര്‍ഷക്കാലത്തും രാഷ്ട്രീയനേതാക്കളും മാധ്യമങ്ങളും ഭയാനകമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ശ്രമങ്ങള്‍ നടത്തുകയുണ്ടായി. രാഷ്ട്രീയതാല്‍പര്യങ്ങളും വ്യക്തിതാല്‍പര്യങ്ങളും ഇതില്‍ പലപ്പോഴും നിര്‍ണായകമായ പങ്കു വഹിച്ചിട്ടുണ്ട്.
ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയന്‍ മുല്ലപ്പെരിയാര്‍ സംബന്ധിച്ച ചില വസ്തുതകള്‍ പൊതുജനമധ്യേ തുറന്നുപറയാന്‍ തയ്യാറായത് സ്വാഗതാര്‍ഹമാണ്. അയല്‍സംസ്ഥാനമായ തമിഴ്‌നാടുമായി ഏറ്റുമുട്ടലിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നതും അണക്കെട്ട് തകര്‍ച്ചയുടെ വക്കിലാണെന്ന പ്രചാരണത്തിലൂടെ സമൂഹത്തില്‍ ഭീതിപടര്‍ത്തുന്നതും അനാരോഗ്യകരമായ പ്രവണതയാണെന്ന് അദ്ദേഹം തുറന്നുപറയുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ മഴക്കാലം വരുന്നതോടെ ഇത്തരം പ്രചാരവേല നിരന്തരമായി കേരളത്തില്‍ നടന്നുവരുന്നുണ്ട്. അത് അണക്കെട്ടിനു താഴെയുള്ള ഭാഗങ്ങളില്‍ കഴിഞ്ഞുകൂടുന്ന സാധാരണ ജനങ്ങളുടെ ഉറക്കം കെടുത്തുന്ന അവസ്ഥയാണ് സൃഷ്ടിക്കാറുള്ളത്. അതേപോലെത്തന്നെ തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്കിടയില്‍ കേരളീയരോട് കഠിന വിരോധം വളര്‍ത്തുന്നതിനും ഈ പ്രചാരവേല കാരണമാവാറുണ്ട്.
അണക്കെട്ടിന്റെ ഭദ്രത സംബന്ധിച്ച് കേന്ദ്ര ജലകമ്മീഷന്‍ നടത്തിയ പഠനങ്ങള്‍ അംഗീകരിച്ചുകൊണ്ട് ജലനിരപ്പ് ഉയര്‍ത്താനുള്ള അനുവാദമാണ് സുപ്രിംകോടതി നല്‍കിയിരിക്കുന്നത്. ജലകമ്മീഷന്റെ കണ്ടെത്തലുകള്‍ സംബന്ധിച്ച് കേരളം തടസ്സവാദങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും നിലവിലുള്ള സാഹചര്യത്തില്‍ സുരക്ഷ സംബന്ധിച്ച് സുപ്രിംകോടതി അംഗീകരിച്ച റിപോര്‍ട്ടിലെ നിഗമനങ്ങളെ മുഖവിലയ്‌ക്കെടുക്കുക മാത്രമേ കേരളത്തിനു കരണീയമായിട്ടുള്ളൂ. നിലവിലുള്ള പഠനങ്ങളില്‍ എന്തെങ്കിലും അപാകതകളോ കുറവുകളോ ഉണ്ടെങ്കില്‍ അവ പരിഹരിക്കപ്പെടണം. അതേസമയം സുരക്ഷ സംബന്ധിച്ച അമിതമായ ഉല്‍ക്കണ്ഠ വളര്‍ത്തിവിടല്‍ പ്രശ്‌നപരിഹാരത്തിനു സഹായകമാവുകയുമില്ല.
നിലവിലുള്ള അണക്കെട്ടിനു ബലക്ഷയമുണ്ട് എന്ന കേരളത്തിന്റെ വാദം മുന്‍നിര്‍ത്തിക്കൊണ്ടാണ് അവിടെ പുതിയൊരു അണക്കെട്ട് നിര്‍മിക്കണമെന്ന് കേരള നിയമസഭ പ്രമേയം അംഗീകരിച്ചത്. സുപ്രിംകോടതിയുടെ അന്തിമവിധി ഇക്കാര്യത്തില്‍ കേരളത്തിന്റെ വാദമുഖങ്ങളെയോ ഭീതികളെയോ അംഗീകരിക്കുകയുണ്ടായില്ല. സുപ്രിംകോടതിയും കേന്ദ്രസര്‍ക്കാരിന്റെ ജലകമ്മീഷനും തമിഴ്‌നാടിന് അനുകൂലമായി പക്ഷപാതപരമായ സമീപനമാണ് സ്വീകരിക്കുന്നത് എന്ന വാദഗതിയും പൊതുവില്‍ സ്വീകരിക്കപ്പെടാനിടയില്ല.
ഈ സാഹചര്യങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ച മാര്‍ഗം, പൂര്‍ണമായും തിരസ്‌കരിക്കുന്നത് പ്രതിപക്ഷത്തിനോ കേരളത്തിന്റെ പൊതുതാല്‍പര്യത്തിനോ സഹായകമാണെന്നു പറയാന്‍ കഴിയില്ല. തമിഴ്‌നാടുമായി സഹകരിച്ചുകൊണ്ട് പ്രശ്‌നപരിഹാരത്തിനു വഴിതേടണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. അത് ശരിയും പ്രായോഗികവുമായ ഒരു മാര്‍ഗമാണ്. തമിഴ്‌നാടിന്റെ കാര്‍ഷികാഭിവൃദ്ധിക്ക് മുല്ലപ്പെരിയാറിലെ വെള്ളം അനിവാര്യമാണ്. പക്ഷേ, തമിഴന്റെ കൃഷി മലയാളിയുടെ ക്ഷേമത്തിനുകൂടി സഹായകമാണ് എന്ന വസ്തുതയും നമ്മള്‍ അംഗീകരിക്കണം.
Next Story

RELATED STORIES

Share it