മുല്ലപ്പെരിയാര്‍: പ്രത്യേക ഓപറേഷന്‍ മാന്വല്‍ തയ്യാറാക്കണമെന്ന് കേരളം; മേല്‍നോട്ടസമിതി ചെയര്‍മാന് കത്ത് നല്‍കി

സി എ സജീവന്‍

തൊടുപുഴ: തമിഴ്‌നാട്ടില്‍ നിന്നു ലഭിക്കാന്‍ കാത്തുനില്‍ക്കാതെ മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടര്‍ ഓപറേഷന്‍ മാന്വല്‍ തയ്യാറാക്കിനല്‍കണമെന്ന ആവശ്യവുമായി കേരളം മേല്‍നോട്ടസമിതിയെ സമീപിച്ചു. അണക്കെട്ട് തുറന്നുവിടുന്നതു സംബന്ധിച്ച ഓപറേഷന്‍ മാന്വല്‍ ലഭ്യമാക്കുന്നത് തമിഴ്‌നാട് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോവുന്ന സാഹചര്യത്തിലാണു നടപടി. ഈ വിഷയം ഉന്നയിച്ച് മേല്‍നോട്ടസമിതിയുടെ അധ്യക്ഷന്‍ ഗുല്‍ഷന്‍ രാജിന് ജലവകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍ കത്തുനല്‍കി.
മുല്ലപ്പെരിയാര്‍ ഗേറ്റ് ഓപറേഷന്‍ ഷെഡ്യൂള്‍ തയ്യാറാക്കാന്‍ കേന്ദ്ര ജലകമ്മീഷന്റെ ഹൈഡ്രോളജി ഡയറക്ടറേറ്റിനെ (സൗത്ത്) ചുമതലപ്പെടുത്തണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. കേന്ദ്ര ജലകമ്മീഷന്റെ ചെയര്‍മാന്‍കൂടിയാണ് ഗുല്‍ഷന്‍ രാജ്.
ഇക്കഴിഞ്ഞ പ്രളയനാളുകളില്‍ തമിഴ്‌നാടിന്റെ ഡിജിറ്റല്‍ വാട്ടര്‍ലെവല്‍ റിക്കാഡര്‍ തകരാറിലായതിനാല്‍ ജലനിരപ്പ് 142 അടി മറികടന്നെന്നും കത്തില്‍ പറയുന്നു. ഇത്തരം പിഴവുകള്‍ ഒഴിവാക്കാന്‍ മേല്‍നോട്ടസമിതിയുടെ കീഴില്‍ മുല്ലപ്പെരിയാര്‍ ഡാമില്‍നിന്നു വിവിധ വിവരങ്ങള്‍ ശേഖരിക്കുന്നതിന് സ്ഥിരം സംവിധാനമുണ്ടാക്കണം.
പ്രളയദിനങ്ങളില്‍ മുല്ലപ്പെരിയാര്‍ ജലനിരപ്പ് 139ല്‍ നിലനിര്‍ത്തണമെന്ന സുപ്രിംകോടതി ഉത്തരവുണ്ടായത് കേന്ദ്ര ജലകമ്മീഷന്‍ ശുപാര്‍ശയുടെ കൂടി അടിസ്ഥാനത്തിലായിരുന്നു. ചരിത്രത്തിലാദ്യമായാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര ജലകമ്മീഷനില്‍ നിന്നു കേരളത്തിനനുകൂലമായ നിലപാടുണ്ടാവുന്നത്.
ഡാം ബലവത്താണെന്നും 152 അടിയാക്കാമെന്നും സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയ കമ്മീഷന്റെ ഈ ചുവടുമാറ്റത്തില്‍ കേരളത്തിനു പ്രതീക്ഷയുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തിന്റെ കത്ത് പ്രസക്തമാവുന്നത്. സപ്തംബര്‍ 9നാണ് കത്ത് നല്‍കിയത്. തുലാവര്‍ഷത്തിന്റെയും ന്യൂനമര്‍ദത്തിന്റെയും പശ്ചാത്തലത്തി ല്‍ മേല്‍നോട്ടസമിതി യോഗം ഉടന്‍ ചേര്‍ന്നേക്കും. യോഗത്തി ല്‍ കത്ത് ചര്‍ച്ചയാവും.
രാജ്യത്തെ എല്ലാ ഡാമുകളും പ്രവര്‍ത്തിക്കുന്നത് കേന്ദ്ര ജലകമ്മീഷന്‍ ആവിഷ്‌കരിച്ച ചട്ടങ്ങളനുസരിച്ചാണ്. എന്നാല്‍, കമ്മീഷന്‍ നേരിട്ട് മേല്‍നോട്ടം വഹിക്കുന്ന ഒരേയൊരു ഡാമായ മുല്ലപ്പെരിയാറില്‍ ഈ ചട്ടങ്ങളൊന്നും ബാധകമാക്കുന്നില്ല. ഇതിന്റെ പ്രവര്‍ത്തനം ഏകപക്ഷീയമായി തമിഴ്‌നാടിന് വിട്ടിരിക്കുകയാണ്. അതിനാല്‍ മേല്‍നോട്ടസമിതി യോഗത്തി ല്‍ പലതവണ ഉറപ്പുനല്‍കിയിട്ടും അതു പാലിക്കാതെ ഓപറേഷന്‍ മാന്വല്‍ തയ്യാറാക്കുന്നത് നീട്ടിക്കൊണ്ടുപോവുകയാണ് തമിഴ്‌നാട്.
സുരക്ഷ മുന്‍നിര്‍ത്തിയാണ് ജലകമ്മീഷനെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മേല്‍നോട്ടം ഏല്‍പ്പിച്ചതെന്നു പറയുന്നു. ഇക്കഴിഞ്ഞ പ്രളയനാളുകളില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ തമിഴ്‌നാട് ഷട്ടറുകള്‍ തുറന്നുവിട്ടു. വള്ളക്കടവടക്കമുള്ള താഴ്‌വാരത്ത് ഇതു കനത്ത നാശമുണ്ടാക്കി. ഇനി ഇത്തരം നടപടികള്‍ തമിഴ്‌നാട് ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ അടിയന്തരമായി ഓപറേഷന്‍ മാന്വല്‍ രൂപീകരിക്കേണ്ടത് ആവശ്യമാണ്.

Next Story

RELATED STORIES

Share it