മുല്ലപ്പെരിയാര്‍: പ്രതിപക്ഷം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യുഡിഎഫിലെ ഘടകകക്ഷി നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകള്‍ ശ്രദ്ധയില്‍പ്പെടുത്തിയതായി പ്രതിപക്ഷനേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അണക്കെട്ട് വിഷയത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഉയര്‍ന്നുവന്ന വാദങ്ങള്‍ സംസ്ഥാനത്തിന്റെ നിലപാടിന് കടകവിരുദ്ധമാണ്. ഡാം സുരക്ഷയില്‍ കേരളത്തിന് ഒരു വിട്ടുവീഴ്ചയും ചെയ്യാനാവില്ല. മുല്ലപ്പെരിയാറിന് സുരക്ഷിതത്വമുണ്ടെന്നു പറഞ്ഞാല്‍ പുതിയ ഡാം വേണ്ടെന്നാണ് അതിനര്‍ഥം. സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കണമെന്ന് ആവശ്യപ്പെട്ടതായും ചെന്നിത്തല പറഞ്ഞു.
തമിഴ്‌നാടുമായി കേരളത്തിനു സൗഹൃദം അനിവാര്യമാണ്. എന്നാല്‍, ഇതിനൊപ്പം സംസ്ഥാനത്തിന്റെ താല്‍പര്യങ്ങളും ഉയര്‍ത്തിപ്പിടിക്കണം. വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് സുപ്രിംകോടതിയിലെ കേരളത്തിന്റെ വാദങ്ങളെ ദുര്‍ബലപ്പെടുത്തും. അതേസമയം, മുല്ലപ്പെരിയാറില്‍ തന്റെ നിലപാട് കഴിഞ്ഞദിവസം വ്യക്തമാക്കിയെന്നു മുഖ്യമന്ത്രി അറിയിച്ചു. ഡാമിന്റെ സുരക്ഷ പരിശോധിക്കാന്‍ രാജ്യാന്തര പഠനസംഘത്തെ നിയോഗിക്കാന്‍ തയ്യാറാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it