മുല്ലപ്പെരിയാര്‍ പോലിസ് സ്‌റ്റേഷന്‍ യാഥാര്‍ഥ്യമാവുന്നു; ഉദ്ഘാടനം 11ന്

കുമളി: മുല്ലപ്പെരിയാറില്‍ കേരള പോലിസ് സ്‌റ്റേഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. പതിനൊന്നിനു കുമളിയില്‍ നടക്കുന്ന ചടങ്ങില്‍ മുല്ലപ്പെരിയാര്‍ പോലിസ് സ്‌റ്റേഷന്റെ ഉദ്ഘാടനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കും. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് കേന്ദ്രസേനയെ മുല്ലപ്പെരിയാറില്‍ നിയോഗിക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട് സുപ്രിംകോടതിയെ സമീപിച്ചത്.
പാക് തീവ്രവാദ സംഘടനയുടെയും മാവോവാദികളുടെയും ഭീഷണി അണക്കെട്ടിനുണ്ടെന്ന കേന്ദ്ര ഇന്റലിജന്‍സിന്റെ റിപോര്‍ട്ടുമായാണ് തമിഴ്‌നാട് സുപ്രിംകോടതിയെ സമീപിച്ചത്. ഇതിനെ തുടര്‍ന്നാണ് മുല്ലപ്പെരിയാറില്‍ പോലിസ് സ്‌റ്റേഷന്‍ സ്ഥാപിക്കാന്‍ കേരളം തീരുമാനിച്ചത്.
നിലവില്‍ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി ഇടുക്കി എആര്‍ ക്യാംപിലെ രണ്ട് എസ്‌ഐമാരുടെ നേതൃത്വത്തില്‍ 35 പോലിസുകാരെ നിയോഗിച്ചിട്ടുണ്ട്. ആധുനിക സാങ്കേതിക സംവിധാനത്തിലുള്ള തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളും വാര്‍ത്താവിനിമയ സംവിധാനങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ സുരക്ഷാ ജോലിയിലുള്ള പോലിസുകാര്‍ക്ക് ആവശ്യമായ താമസ സൗകര്യങ്ങള്‍ ഇവിടെയില്ല.
തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പിന്റെ ഇടുങ്ങിയ കെട്ടിടത്തിലാണ് ഇവര്‍ താമസിക്കുന്നത്. ആയുധങ്ങള്‍ സൂക്ഷിക്കുന്നതും ഇവിടെത്തന്നെയാണ്. തമിഴ്‌നാട് നടത്തുന്ന അനധികൃത പ്രവര്‍ത്തനങ്ങള്‍ കേരളാ പോലിസ് യഥാസമയം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതാണ് കേരള പോലിസിനെ മാറ്റി കേന്ദ്രസേനയെ അണക്കെട്ടില്‍ നിയോഗിക്കണമെന്ന ആവശ്യമുന്നയിച്ചത്. ഇതിനു തടയിടാനാണ് കേരളം മുല്ലപ്പെരിയാറില്‍ പോലിസ് സ്‌റ്റേഷന്‍ പ്രഖ്യാപിച്ചത്.
ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മൂന്നു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പെടെ നൂറോളം പോലിസുകാരെയാണ് മുല്ലപ്പെരിയാറില്‍ നിയോഗിക്കുന്നത്. കെഎപിയില്‍ നിന്നുള്ളവരെയായിരിക്കും മുല്ലപ്പെരിയാറില്‍ നിയോഗിക്കുകയെന്നാണ് സൂചന.
പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളില്‍ അണക്കെട്ടിനോട് ചേര്‍ന്ന വനംവകുപ്പിന്റെ കെട്ടിടമാണ് പോലിസ് സ്‌റ്റേഷനായി കണ്ടത്തിയിട്ടുള്ളത്. മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശമായിരിക്കും പോലിസ് സ്‌റ്റേഷന്റെ പ്രവര്‍ത്തന പരിധി. നിലവില്‍ മുല്ലപ്പെരിയാറിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഒരു ജീപ്പും രണ്ടു ബോട്ടുകളും പോലിസിനുണ്ട്.
Next Story

RELATED STORIES

Share it