മുല്ലപ്പെരിയാര്‍: പിണറായിയുടെ നിലപാടിനെതിരേ യുഡിഎഫ് പ്രമേയം

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമായി മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി പ്രമേയം പാസാക്കി. പിണറായിയുടെ നിലപാട് ദുരൂഹമാണെന്നും മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുമെന്ന എല്‍ഡിഎഫ് പ്രകടനപത്രികയിലെ നിലപാടിനെതിരായ മലക്കംമറിച്ചിലാണെന്നും യോഗതീരുമാനങ്ങള്‍ വിശദീകരിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
പുതിയ സര്‍ക്കാരിന് മധുവിധുകാലമെന്ന നിലയില്‍ സാധാരണയായി ആറു മാസത്തെ സാവകാശം നല്‍കാറുണ്ട്. ഈ സമയത്തില്‍ വിവാദപരമായ തീരുമാനങ്ങളൊന്നും തന്നെ ഉണ്ടാവാറില്ല. എന്നാല്‍, ഇതില്‍നിന്നും വ്യത്യസ്തമായി മുഖ്യമന്ത്രി സ്വീകരിച്ച നിലപാടില്‍ പ്രതിഷേധമുണ്ട്. ഇക്കാര്യത്തില്‍ നിയമസഭയില്‍ നാല് പ്രമേയം പാസാക്കിയിട്ടുമുണ്ട്. സര്‍ക്കാര്‍ അധികാരമേറ്റെടുത്ത് മണിക്കൂറുകള്‍ക്കകം മുല്ലപ്പെരിയാര്‍ ഡാമിന് എങ്ങനെ ബലം കൂടി. എല്‍ഡിഎഫിന് കിട്ടിയ 96 സീറ്റിന്റെ ബലമാണോ ഇത്? ഇക്കാര്യത്തി ല്‍ സര്‍ക്കാറിന്റെ തീരുമാനം അറിഞ്ഞ ശേഷം പ്രക്ഷോഭത്തെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ്, മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി ഓഫിസുകള്‍ക്കും നേരെ നടക്കുന്ന സിപിഎം അക്രമങ്ങളിലും യോഗം പ്രതിഷേധം രേഖപ്പെടുത്തി. നടപടിക്രമങ്ങള്‍ പാലിക്കാതെ ഡിജിപി സെന്‍കുമാറിനെ മാറ്റിയ നടപടി ശരിയായില്ല. ജിഷ കൊലക്കേസിന്റെ അന്വേഷണത്തില്‍ അദ്ദേഹം വീഴ്ച വരുത്തിയിട്ടില്ല.
അധികാരത്തിലെത്തി 48 മണിക്കൂറിനകം പ്രതിയെ പിടിക്കുമെന്ന് എല്‍ഡിഎഫ് പറഞ്ഞിട്ട് എന്തായെന്നും അദ്ദേഹം ചോദിച്ചു.
Next Story

RELATED STORIES

Share it