മുല്ലപ്പെരിയാര്‍ നിലപാട് മാറ്റം: വിവാദം കൊഴുക്കുന്നു

കൊച്ചി/തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിവച്ച മുല്ലപ്പെരിയാര്‍, ആതിരപ്പിള്ളി വിഷയങ്ങളില്‍ വിവാദം കനക്കവെ ആരോപണ-പ്രത്യാരോപണങ്ങളുമായി മുന്നണികള്‍.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒരു നയവ്യതിയാനവും ഉണ്ടായിട്ടില്ലെന്ന് മന്ത്രി ഇ പി ജയരാജന്‍ എറണാകുളം പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു. തമിഴ്‌നാടിന് വെള്ളം, കേരളത്തിന് സുരക്ഷ ഇതായിരുന്നു നിയമസഭ അംഗീകരിച്ച പ്രമേയത്തിന്റെ കാതല്‍. പ്രമേയം അംഗീകരിച്ച് അലമാരയില്‍വച്ച് പൂട്ടുകയായിരുന്നു യുഡിഎഫ്. ഇത് നടപ്പാക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിച്ചതും അതുതന്നെ. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ജനങ്ങള്‍ തമ്മിലുള്ള അടുപ്പം ഇതുമൂലം വളരെ വര്‍ധിച്ചു. പ്രശ്‌നം സങ്കീര്‍ണമാക്കി സംഘര്‍ഷം ഉണ്ടാക്കാനല്ല; പരസ്പരവിശ്വാസം വളര്‍ത്താനാണു ശ്രമിക്കേണ്ടത്. കേരളത്തിലെ ജനതാല്‍പര്യം സംരക്ഷിച്ചുകൊണ്ടുതന്നെ മുല്ലപ്പെരിയാര്‍ പ്രശ്‌നവും പരിഹരിക്കാന്‍ ശ്രമിക്കും. അത് കാത്തിരുന്നു കണ്ടോളൂ എന്നും മന്ത്രി പറഞ്ഞൂ. പൊതുസ്വത്ത് ദുരുപയോഗം ചെയ്യാന്‍ ആരെയും അനുവദിക്കില്ല. ജനങ്ങള്‍ അനുഭവിക്കേണ്ടത് അവര്‍ക്കുതന്നെ ലഭ്യമാക്കും. യുഡിഎഫ് സര്‍ക്കാര്‍ ജനതാല്‍പര്യം മുന്‍നിര്‍ത്തിയായിരുന്നില്ല തീരുമാനങ്ങള്‍ എടുത്തിരുന്നത്. ഇതാണ് കേരളത്തെ പ്രശ്‌നത്തില്‍നിന്ന് പ്രശ്‌നത്തിലേക്ക് വലിച്ചെറിഞ്ഞത്. അതിന്റെ ദുരന്തമാണ് കേരളജനത അനുഭവിക്കുന്നത്. ഇത് പരിഹരിക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെശ്രമം. യുഡിഎഫ് കൊണ്ടുവന്ന മദ്യനയവും ആത്മാര്‍ഥതയോടെയായിരുന്നില്ലെന്ന് ജയരാജന്‍ കുറ്റപ്പെടുത്തി.
അതേസമയം, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പെട്ടെന്നൊരു മാറ്റമാവശ്യപ്പെട്ട മുഖ്യമന്ത്രിയുടെ നിലപാട് കേരളതാല്‍പര്യത്തിന് വിരുദ്ധമാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു. മുല്ലപ്പെരിയാറില്‍ നിയമസഭ ഒറ്റക്കെട്ടായാണു പ്രമേയം പാസാക്കിയത്. കേരളം സ്വീകരിച്ച നിലപാടില്‍നിന്ന് പിന്നോട്ടുപോവാന്‍ അനുവദിക്കില്ല. അതിരപ്പിള്ളി വിഷയത്തില്‍ സര്‍ക്കാര്‍ ഏകപക്ഷീയ നിലപാടെടുക്കുന്നത് ഗുണംചെയ്യില്ല. ഇക്കാര്യത്തില്‍ യുഡിഎഫിലും എല്‍ഡിഎഫിലും വിരുദ്ധാഭിപ്രായം ഉള്ളതിനാല്‍ പൊതുചര്‍ച്ച അനിവാര്യമാണ്. പരിസ്ഥിതി പ്രവര്‍ത്തകരുമായും രാഷ്ട്രീയപ്പാര്‍ട്ടികളുമായും ചര്‍ച്ച ചെയ്തശേഷം പൊതുവായ അഭിപ്രായരൂപീകരണം ഉണ്ടാവണം.
ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പിരിച്ചുവിട്ടുകൊണ്ട് ദേവസ്വം നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുന്നത് നിയമപരമായി ഗുണംചെയ്യില്ല. നിയമനങ്ങള്‍ക്ക് പ്രത്യേകം ബോര്‍ഡ് രൂപീകരിച്ചത് യുഡിഎഫ് സര്‍ക്കാരിന്റെ താല്‍പര്യപ്രകാരമല്ല. ജസ്റ്റിസ് പരിപൂര്‍ണന്‍ കമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ്. എല്‍ഡിഎഫ് ഭരണകാലത്താണ് ദേവസ്വംബോര്‍ഡിലെ അഴിമതി അന്വേഷിക്കാന്‍ കമ്മീഷനെ നിയമിച്ചത്. അധികാരത്തിലേറി കുറച്ചു ദിവസമായതിനാല്‍ സര്‍ക്കാരിനെ വിലയിരുത്താറായിട്ടില്ല. ഏത് സര്‍ക്കാരിനും ആറുമാസത്തെ സമയം നല്‍കാറുണ്ട്. എന്നാല്‍, തുടക്കത്തില്‍ത്തന്നെ പ്രധാന വിഷയത്തില്‍ എല്‍ഡിഎഫില്‍ അഭിപ്രായഭിന്നത ഉടലെടുത്തിരിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it