മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്താനുള്ള നീക്കത്തിന് പിന്നില്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയം

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്താനുള്ള തമിഴ്‌നാട് നീക്കം മൂന്നു മാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്. 2014 മെയ് ഏഴിനാണ് ജലനിരപ്പ് 142 അടിയാക്കുന്നതിന് സുപ്രിംകോടതി അനുമതി നല്‍കിയത്. 2014 നവംബര്‍ 21നും 2015 ഡിസംബര്‍ ഏഴിനും അണക്കെട്ടിലെ ജലനിരപ്പ് 142 അടിയില്‍ എത്തിച്ചു. ഇത്തവണ ഒന്നര മാസത്തോളമാണ് ജലനിരപ്പ് 136 അടിക്ക് മുകളില്‍ നിര്‍ത്തിയത്.
മുല്ലപ്പെരിയാര്‍ മുന്‍നിര്‍ത്തിയുള്ള അണ്ണാ ഡിഎംകെയുടെ പ്രചാരണത്തിന് വെല്ലുവിളി ഉയര്‍ത്തി ഡിഎംകെയും രംഗത്തെത്തി. കരുണാനിധി സര്‍ക്കാരിന്റെ ഇടപെടലുകളാണ് വിദഗ്ധസമിതിയെ ഉള്‍പ്പെടെ നിയമിക്കാന്‍ ഇടയാക്കിയതെന്നാണ് ഡിഎംകെ നിലപാട്. ഡിഎംകെ അധികാരത്തിലെത്തിയാല്‍ ജലനിരപ്പ് 152 അടിയാക്കുമെന്ന് എം കെ സ്റ്റാലിന്‍ നമുക്ക് നാമെ എന്ന പേരില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിക്കിടെ പ്രഖ്യാപനം നടത്തിയിരുന്നു. ഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന നിലയില്‍ സ്റ്റാലിന്റെ പര്യടനത്തിന് തെക്കന്‍ തമിഴ്‌നാട്ടിലെ കര്‍ഷക ജനതയ്ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.
ഡിഎംകെയുടെ ഈ മുന്നേറ്റത്തെ തടയിടുന്നതിനാണ് ജയലളിത സര്‍ക്കാരിന്റെ ശ്രമം. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം കേന്ദ്രജല കമ്മീഷനിലെ വിദഗ്ധര്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സന്ദര്‍ശനം നടത്തിയത്. കന്ദ്രജല കമ്മീഷനിലെ ഡാം റീഹാബിലിറ്റേഷന്‍ ആന്റ് ഇംപ്രൂവ്‌മെന്റ് പ്രൊജക്ടി(ഡ്രിപ്)ലെ വിദഗ്ധ സംഘമാണ് മുല്ലപ്പെരിയാറിലെത്തിയത്. ആവശ്യമെങ്കില്‍ കൂടുതല്‍ ബലപ്പെടുത്തല്‍ ജോലികള്‍ നടത്തുന്നതിന് പരിശോധനാ സംഘം ശുപാര്‍ശ ചെയ്യും. നിലവില്‍ തൊണ്ണൂറ്റി ഏഴ് ലക്ഷം രൂപ ചെലവില്‍ മുല്ലപ്പെരിയാറില്‍ അറ്റകുറ്റപ്പണികള്‍ നടത്തി വരികയാണ്. ബേബി ഡാം ബലപ്പെടുത്തുന്നതിന് വേണ്ടി 7 കോടി 85 ലക്ഷം രൂപ തമിഴ്‌നാട് വകയിരുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it