മുല്ലപ്പെരിയാര്‍: ജയലളിത ഇന്ന് പ്രധാനമന്ത്രിയെ കാണും

ന്യൂഡല്‍ഹി: ലോക്‌സഭയിലെ അണ്ണാ ഡിഎംകെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ ജയലളിത ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. എന്‍ഡിഎയുമായി ജയ അടുക്കുന്നുവെന്ന റിപോര്‍ട്ടുകള്‍ക്കിടെയാണ് കൂടിക്കാഴച. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയില്‍ സമ്മര്‍ദ്ദം ചെലുത്തുകയെന്ന ഉദ്ദേശ്യംകൂടി കൂടിക്കാഴ്ചയ്ക്കു പിന്നിലുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് ഉടന്‍ 152 അടിയായി ഉയര്‍ത്തണമെന്നും ഇതിന് കേന്ദ്രത്തിന്റെ പിന്തുണ വേണമെന്നും അവര്‍ ആവശ്യപ്പെടും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഇതുവരെ തമിഴ്‌നാടിന് അനുകൂലമായി മാത്രമേ നിലപാട് സ്വീകരിച്ചിട്ടുള്ളൂ. ഈ സാഹചര്യത്തില്‍ അവരുടെ ആവശ്യങ്ങളിന്‍മേല്‍ കേന്ദ്രസര്‍ക്കാര്‍ അനുകൂല തീരുമാനം എടുക്കാനിടയുണ്ട്.
തമിഴ്‌നാടുമായി സഹകരിച്ചു മാത്രമേ പുതിയ അണക്കെട്ട് പാടുള്ളൂവെന്നും ഇക്കാര്യത്തില്‍ സംഘര്‍ഷഭരിതമായ സാഹചര്യം നല്ലതല്ലെന്നുമുള്ള നിലപാടാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനുള്ളത്. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള പിണറായിയുടെ ആദ്യ സന്ദര്‍ശനത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കാണ് പിണറായി പുതിയ സര്‍ക്കാരിന്റെ നിലപാട് പ്രഖ്യാപിച്ചത്. ഇതു തമിഴ്‌നാടിന് അനുകൂലമാണെന്ന് ജയലളിത വിലയിരുത്തുന്നു. മുല്ലപ്പെരിയാറിനൊപ്പം കാവേരി നദീജല വിഷയത്തിലും കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ജയലളിത ആവശ്യപ്പെടും. സംസ്ഥാനത്തിന് 2.11 ലക്ഷം കോടി സാമ്പത്തികസഹായം വേണം എന്നീ ആവശ്യങ്ങളും ജയലളിത ഉന്നയിക്കും.
ജയലളിതയുടെ പാര്‍ട്ടിയുടെ എന്‍ഡിഎ പ്രവേശനം സംബന്ധിച്ചും ഇന്ന് അവര്‍ ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാവും. ഇപ്പോള്‍ എന്‍ഡിഎയുടെ ഭാഗമല്ലെങ്കിലും സഭയ്ക്കുള്ളിലും പുറത്തും പലപ്പോഴും ഭരണകക്ഷിക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചിട്ടുണ്ട് അണ്ണാ ഡിഎംകെ. അതിനു പുറമെ രാജ്യസഭയില്‍ ന്യൂനപക്ഷമായ സര്‍ക്കാര്‍ ബില്ലുകള്‍ അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ്സുള്‍പ്പെടെയുള്ള പ്രതിപക്ഷകക്ഷികളുടെ കാലുപിടിക്കേണ്ട ഗതികേടിലുമാണ്.
ഈ സാഹചര്യത്തില്‍ എന്തുവിലകൊടുത്തും ജയലളിതയെ കൂടെക്കൂട്ടാന്‍ സര്‍ക്കാര്‍ ശ്രമിക്കും. എന്‍ഡിഎയുടെ കൂടെ ചേരില്ലെങ്കിലും പുറത്തുനിന്നു പിന്തുണയ്ക്കാനാവും ജയലളിത തയ്യാറാവുക. ജിഎസ്ടി ബില്ല് പാസാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് ജയലളിതയുടെ സഹകരണം ആവശ്യമുള്ളതു പോലെ തന്നെ, അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അവര്‍ക്ക് കേന്ദ്രത്തിന്റെ സഹായവും ആവശ്യമാണ്.
Next Story

RELATED STORIES

Share it