മുല്ലപ്പെരിയാര്‍: കേന്ദ്രസേന വേണമെന്ന ആവശ്യം കോടതി തള്ളി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി കേന്ദ്രസേനയെ വിന്യസിക്കണമെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. ഭരണഘടനാ ബെഞ്ച് ഒരിക്കല്‍ തീര്‍പ്പാക്കിയ കേസില്‍ ഇടക്കാല ഉത്തരവു പുറപ്പെടുവിക്കാനാവില്ലെന്നും ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവു മാറ്റണമെങ്കില്‍ പുനപ്പരിശോധനാ ഹരജി നല്‍കുകയാണു വേണ്ടതെന്നും ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍, ജസ്റ്റിസുമാരായ ഭാനുമതി, യു യു ലളിത് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. ഇതോടെ കേന്ദ്രസേനയെ ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജി തമിഴ്‌നാട് സര്‍ക്കാര്‍ പിന്‍വലിച്ചു.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ കേന്ദ്രസേനയെ വിന്യസിക്കുക, അണക്കെട്ടില്‍ പരിശോധന നടത്താനെത്തുന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ ഉദ്യോഗസ്ഥരെ കേരള പോലിസ് പരിശോധിക്കുന്നത് അവസാനിപ്പിക്കുക, മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയാന്‍ കേന്ദ്രസര്‍ക്കാ ര്‍ കേരളത്തിനു നല്‍കിയ പാരിസ്ഥിതികാനുമതി റദ്ദാക്കി അതിന്റെ പ്രാരംഭ പഠന പ്രവര്‍ത്തനങ്ങള്‍ തടയുക എന്നീ മൂന്ന് ആവശ്യങ്ങളാണ് പ്രധാനമായും കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ തമിഴ്‌നാട് ഉന്നയിച്ചിരുന്നത്. ഇക്കാര്യങ്ങളില്‍ ഇടക്കാല ഉത്തരവു വേണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍, ഇന്നലെ കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്, നേരത്തെ ഭരണഘടനാ ബെഞ്ച് തീര്‍പ്പാക്കിയ കേസില്‍ ഇപ്പോഴെന്തിനാണ് ഭേദഗതി ആവശ്യപ്പെടുന്നതെന്ന് തമിഴ്‌നാടിനോടു ചോദിച്ചു. ഈ ആവശ്യങ്ങള്‍ 2014 മെയ് ഏഴിലെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിയുടെ പരിഗണനയില്‍ വന്നിരുന്നില്ലല്ലോയെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. തന്നെയുമല്ല പുതിയ അണക്കെട്ട് സ്ഥാപിക്കാന്‍ കേരളത്തിന് പാരിസ്ഥിതികാനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ നിങ്ങളുടെ അപേക്ഷയ്ക്കു പ്രസക്തിയില്ല.
ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ നിങ്ങള്‍ ഭേദഗതി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പുതിയ ഹരജി നല്‍കുകയല്ല വേണ്ടതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയതോടെ തങ്ങളുടെ ഹരജി പിന്‍വലിക്കുന്നതായി തമിഴ്‌നാടിന്റെ അഭിഭാഷകന്‍ രാകേഷ് ദ്വിവേദി അറിയിച്ചു. ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് ചോദ്യംചെയ്ത് പുനപ്പരിശോധനാ ഹരജി സമര്‍പ്പിക്കുമെന്ന് രാകേഷ് പിന്നീട് പറഞ്ഞു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ലശ്ക്കറെ ത്വയ്യിബ പോലുള്ള വിദേശ ഭീകര സംഘടനകളുടെ ഭീഷണിയുണ്ടെന്നു കാട്ടിയാണ് കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സുപ്രിംകോടതിയെ സമീപിച്ചത്. അണക്കെട്ടിന്റെ സുരക്ഷയ്ക്കായി കേരള സര്‍ക്കാര്‍ പോലിസിനെ നിയോഗിച്ചിട്ടുണ്ടെങ്കില്‍ പിന്നെ കേന്ദ്രസേനയുടെ ആവശ്യമില്ലെന്നും അണക്കെട്ടു സുരക്ഷിതമാണെന്നും കഴിഞ്ഞവര്‍ഷം ഹരജി പരിഗണിക്കവെ സുപ്രിംകോടതി നിരീക്ഷിച്ചിരുന്നു. കേന്ദ്രസേനയുടെ ആവശ്യമില്ലെന്ന നിലപാടായിരുന്നു കേന്ദ്രസര്‍ക്കാരും കൈക്കൊണ്ടിരുന്നത്. അണക്കെട്ടിന്റെ സുരക്ഷയ്ക്കായി മാത്രം പ്രത്യേക പോലിസ് സ്റ്റേഷന്‍ സ്ഥാപിച്ചെന്നും അതിനാല്‍ കേന്ദ്രസേന വേണ്ടെന്നും കേരളം അറിയിച്ചിരുന്നു. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട കേരളത്തിന്റെ ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ഇതു സംബന്ധമായി പരിസ്ഥിതി പഠനം നടത്താന്‍ അനുമതിയാവശ്യപ്പെട്ടു കൊണ്ടുള്ള അപേക്ഷ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനും കേരളം സമര്‍പ്പിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it