മുല്ലപ്പെരിയാര്‍: ഉറപ്പു ലംഘിച്ച് തമിഴ്‌നാട്; രാത്രിയില്‍ ഷട്ടറുകള്‍ തുറന്നു

കുമളി: രാത്രിയില്‍ വീണ്ടും തമിഴ്‌നാട് മുല്ലപ്പെരിയാറിലെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ഉപസമിതിയില്‍ നല്‍കിയ ഉറപ്പു ലംഘിച്ചാണ് മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് ഷട്ടറുകള്‍ ഉയര്‍ത്തിയത്.
ശനിയാഴ്ച വൈകീട്ടോടെ പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നത്. ശനിയാഴ്ച രാത്രി പത്തുമണി വരെ അണക്കെട്ടിലെ ജലനിരപ്പ് 141.20 അടിയായിരുന്നു. മഴ നാലു മണിക്കൂര്‍ പിന്നിട്ട് അണക്കെട്ടിലെ ജലനിരപ്പ് 141.65 അടിയിലെത്തിയതോടെയാണ് ഷട്ടറുകള്‍ തുറക്കാന്‍ തമിഴ്‌നാട് തയ്യാറായത്. പുലര്‍ച്ചെ നാലുമണിക്കാണ് ആദ്യ രണ്ട് ഷട്ടറുകള്‍ തുറന്നത്. നീരൊഴുക്ക് ശക്തമായതോടെ അഞ്ചുമണിയോടെ വീണ്ടും രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി ഇടുക്കിയിലേക്ക് വെള്ളം ഒഴുക്കാന്‍ നിര്‍ബന്ധിതമായി.
മുല്ലപ്പെരിയാറില്‍ 20.8 മില്ലീമീറ്ററും തേക്കടിയില്‍ 5.2 മില്ലീമീറ്ററും മഴയാണു ലഭിച്ചത്. മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ലഭിച്ച മഴയെ തുടര്‍ന്ന് ശക്തമായ നീരൊഴുക്കാണ് അനുഭവപ്പെട്ടത്. രാത്രി 10 മണിയോടെ സെക്കന്‍ഡില്‍ 8000 ഘനയടിവെള്ളമാണ് അണക്കെട്ടിലിലേക്ക് ഒഴുകിയെത്തിയത്. ജലനിരപ്പ് സംഭരണശേഷിയോട് അടുത്തതോടെയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ പുലര്‍ച്ചെ തുറന്നത്. ഈ സമയം ജലനിരപ്പ് 141.8 അടിവരെ എത്തിയിരുന്നു.
പുലര്‍ച്ചെ നാല് ഷട്ടറുകളും അരയടി മാത്രമാണ് ഉയര്‍ത്തിയിരുന്നത്. പിന്നീട് രണ്ട് ഷട്ടറുകള്‍ ഒരടി വീതവും മറ്റു രണ്ട് ഷട്ടറുകള്‍ അരയടി വീതവും ഉയര്‍ത്തി വെള്ളം തുറന്നുവിട്ടു. ഇപ്പോള്‍ സെക്കന്‍ഡില്‍ 1200 ഘനയടി വെള്ളമാണ് ഇടുക്കിയിലേക്ക് ഒഴുകുന്നത്.
പന്ത്രണ്ട് മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പു നല്‍കി മാത്രമേ ഇനി സ്പില്‍വേയിലെ ഷട്ടറുകള്‍ ഉയര്‍ത്തുകയുള്ളൂവെന്ന് കഴിഞ്ഞ ദിവസം കുമളിയില്‍ ചേര്‍ന്ന മുല്ലപ്പെരിയാര്‍ ഉപസമിതിയില്‍ തമിഴ്‌നാട് അറിയിച്ചിരുന്നു. ഇതു ലംഘിച്ചാണ് വീണ്ടും തമിഴ്‌നാട് അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിട്ടത്. തമിഴ്‌നാട്ടിലേക്ക് സെക്കന്‍ഡില്‍ 2100 ഘനയടി വെള്ളം കൊണ്ടുപോവുമ്പോള്‍ 3552 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്.
Next Story

RELATED STORIES

Share it