മുല്ലപ്പെരിയാര്‍; ഉന്നതാധികാരസമിതി സുപ്രിംകോടതിയുടെ മാര്‍ഗനിര്‍ദേശം പാലിച്ചില്ല: പി ജെ ജോസഫ്

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രിംകോടതി നിയോഗിച്ച ഉന്നതാധികാരസമിതി സുപ്രിംകോടതിയുടെ മാര്‍ഗനിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിച്ചിട്ടില്ലെന്ന് മന്ത്രി പി ജെ ജോസഫ്. ഇക്കാര്യം സുപ്രിംകോടതിയെ കേരളം അറിയിക്കും. ഓപറേഷന്‍ ഷെഡ്യൂള്‍ തൃപ്തികരമല്ലെന്ന് കേന്ദ്ര ജലകമ്മീഷനെയും അറിയിച്ചിട്ടുണ്ട്.

ഡാമിലെ ജലനിരപ്പ് 142 അടിയില്‍ എത്തിക്കുകയെന്ന നിര്‍ബന്ധ സമീപനമാണ് തമിഴ്‌നാട് സ്വീകരിച്ചത്. മുന്‍കരുതലുകളെല്ലാം സ്വീകരിച്ചതിനാല്‍ ഷട്ടര്‍ തുറന്നപ്പോള്‍ പ്രതിസന്ധിയുണ്ടായില്ല. 48 മണിക്കൂറിനകം 60 സെന്റിമീറ്റര്‍ മഴ പെയ്താല്‍ ജലനിരപ്പ് 160 അടി വരെയെത്തുമെന്ന് ഡല്‍ഹി ഐഐടിയിലെ ഗൊസൈന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഗൊസൈന്‍ പറഞ്ഞതുപ്രകാരമുള്ള മഴ 1924ല്‍ മൂന്നാറില്‍ പെയ്തിട്ടുണ്ട്. 136 അടി വെള്ളമുള്ളപ്പോള്‍ 60 സെ.മീറ്റര്‍ മഴ പെയ്താല്‍ ഡാം കവിഞ്ഞൊഴുകും. ഡാം നിറയുന്ന സാഹചര്യമുണ്ടായാല്‍ തകരുമെന്ന് ഉറപ്പാണ്. ഈ വസ്തുത തമിഴ്‌നാട് മനസ്സിലാക്കണം. ഇക്കാര്യങ്ങളെല്ലാം വീണ്ടും കേന്ദ്രത്തെയും സുപ്രിംകോടതിയെയും ബോധ്യപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ദുരന്ത പ്രതിരോധ അതോറിറ്റി എല്ലാ ക്രമീകരണങ്ങളും ഒരുക്കിയതായി റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. അപകടമുണ്ടായാല്‍ ദുരിതാശ്വാസപ്രവര്‍ത്തനം നടത്താന്‍ 2014 വോളന്റിയര്‍മാര്‍ക്ക് പരിശീലനം നല്‍കി. പ്രദേശത്തുനിന്ന് മാറി താമസിക്കാന്‍ ആളുകള്‍ തയ്യാറാവുന്നില്ല. ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് വീഴ്ചകളുണ്ടെങ്കില്‍ പരിഹരിച്ച് മുന്നോട്ടുപോവുമെന്നും മന്ത്രി പറഞ്ഞു.
വിഷയം ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. കേരളത്തിന് എന്തു സംഭവിച്ചാലും ഒരു കുഴപ്പവുമില്ലെന്ന നിലപാടിലാണ് തമിഴ്‌നാട്. ജലനിരപ്പ് 136 അടിയിലെത്തിയപ്പോള്‍ ഉറക്കം വരുന്നില്ലെന്നു പറഞ്ഞ വകുപ്പുമന്ത്രി 142 അടിയായപ്പോള്‍ സുഖമായി ഉറങ്ങുകയാണ്. ജലനിരപ്പ് 136 അടിയില്‍നിന്ന് ഉയര്‍ന്നുതുടങ്ങിയതോടെ തന്നെ ചുറ്റുവട്ടത്തെ ഏക്കര്‍കണക്കിന് വനഭൂമി വെള്ളത്തില്‍ മുങ്ങിത്തുടങ്ങിയതാണ്. ചുരുങ്ങിയത് 1,400 ഏക്കര്‍ വനഭൂമിയെങ്കിലും ഇങ്ങനെ മുങ്ങിപ്പോയി. തമിഴ്‌നാട് ഇനിയും ഓരോരോ കാരണങ്ങള്‍ പറഞ്ഞ് ജലനിരപ്പ് 152 അടി വരെ ഉയര്‍ത്തുന്ന സ്ഥിതി ഉണ്ടായാലും അദ്ഭുതപ്പെടാനില്ല. അതിനു വേണ്ടി ഏതുതരത്തിലുള്ള ഇടപെടലുകളും നടത്താന്‍ അവര്‍ സജ്ജരാണ്.
മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തിലും അതിന്റെ കേസ് സുപ്രിംകോടതിയില്‍ തോറ്റുകൊടുത്തതിനും ഉത്തരവാദി യുഡിഎഫ് സര്‍ക്കാരുകള്‍ മാത്രമാണെന്ന് നടപടി പരിശോധിക്കുന്ന ആര്‍ക്കും മനസ്സിലാവും. ഇവര്‍ക്ക് കേരളം മാപ്പുനല്‍കില്ല. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയുന്നതിന് കേന്ദ്രം മധ്യസ്ഥത വഹിക്കണം. ഭരണഘടനയുടെ 143ാം അനുച്ഛേദപ്രകാരം വിഷയം രാഷ്ട്രപതി സുപ്രിംകോടതിക്ക് റഫര്‍ ചെയ്യണം. ഇതിനാവശ്യമായ ഇടപെടല്‍ നടത്താന്‍ സര്‍ക്കാരിനു കഴിയണമെന്നും വി എസ് കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it