മുല്ലപ്പെരിയാര്‍: ആശങ്ക പരിഹരിക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കണം

തിരുവനന്തപുരം: മുല്ലപ്പെരിയാ ര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളിലുണ്ടാക്കിയ ആശങ്ക പരിഹരിക്കുന്നതിനായി അടിയന്തരമായി സര്‍വകക്ഷിയോഗം വിളിക്കണമെന്ന് യുഡിഎഫ് നേതൃയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറിലെ നിലവിലെ ഡാമിന് ബലക്ഷയമില്ലെന്ന വാദം തിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതേവരെ തയ്യാറായിട്ടില്ല.
ജലനിരപ്പ് 152 അടിയായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാടിന്റെ ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കെ മുഖ്യമന്ത്രി പ്രസ്താവന തിരുത്തിയില്ലെങ്കില്‍ കേരളത്തിനു തിരിച്ചടിയാവും. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് അടിയന്തരമായി സര്‍വകക്ഷിയോഗം വിളിക്കണമെന്നും യുഡിഎഫ് യോഗതീരുമാനം വിശദീകരിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ സംബന്ധിച്ച് ആശങ്ക ഉയരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തുനല്‍കി.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ രാഷ്ട്രീയപ്രേരിതവും മാനദണ്ഡങ്ങള്‍ക്കു വിരുദ്ധവുമായ എല്ലാ സ്ഥലംമാറ്റങ്ങളും റദ്ദ് ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രധാനപ്പെട്ട വകുപ്പിലെല്ലാം വ്യാപകമായ സ്ഥലംമാറ്റങ്ങളാണു നടക്കുന്നത്. അഗ്നിശമന സേനയില്‍ മാത്രം 300 പേരെ മാറ്റി. സഹകരണവകുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ മാത്രം ഇരുന്നൂറോളം പേരെ മാറ്റി. കെഎസ്എഫ്ഇയില്‍ 469 ജീവനക്കാരെയാണു സ്ഥലംമാറ്റിയത്. ആരോഗ്യവകുപ്പിലും വിദ്യാഭ്യാസ വകുപ്പിലും ഉള്‍പ്പെടെ നൂറുകണക്കിനു പേരെയാണ് കൂട്ടത്തോടെ സ്ഥലംമാറ്റിയത്.
സെക്രട്ടേറിയറ്റിലെ സ്ഥലംമാറ്റത്തിനുള്ള ലിസ്റ്റ് അണിയറയില്‍ തയ്യാറാവുന്നതായാണു വിവരം. നിലവിലുള്ള മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായി നടത്തിയ എല്ലാ സ്ഥലംമാറ്റങ്ങളും പുനപ്പരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അടിക്കടി പെട്രോള്‍- ഡീസല്‍- പാചകവാതക വില വര്‍ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടിയും വിലക്കയറ്റത്തിനു കാരണമാവുന്നു. വിലവര്‍ധന തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ലെന്ന് യുഡിഎഫ് യോഗം കുറ്റപ്പെടുത്തി.
ജിഷ വധക്കേസില്‍ കഴിഞ്ഞ സര്‍ക്കാര്‍ ഒരു രേഖാചിത്രം വരച്ചപ്പോള്‍ കുറ്റപ്പെടുത്തിയവര്‍ ഇപ്പോള്‍ 12 രേഖാചിത്രങ്ങളാണു തയ്യാറാക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. മലാപ്പറമ്പ് എയുപി സ്‌കൂളിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടു മനസ്സിലാക്കിയ ശേഷം യുഡിഎഫിന്റെ നിലപാട് അറിയിക്കാമെന്നും ചെന്നിത്തല പറഞ്ഞു.
Next Story

RELATED STORIES

Share it