മുല്ലപ്പെരിയാര്‍: അണക്കെട്ടിലെ ജലനിരപ്പ് 137 അടി കടന്നു

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടി കടന്നു. ഇന്നലെ രാവിലെയാണ് അണക്കെട്ടിലെ ജലനിരപ്പ് 137 അടിയിലെത്തിയത്. അടുത്ത ദിവസം ഉപസമിതി അണക്കെട്ടില്‍ പരിശോധന നടത്തും. 136 അടി പിന്നിട്ടതോടെ അണക്കെട്ടിന്റെ ചുമതലയുള്ള തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മാധവന്‍ സംസ്ഥാന ജലവിഭവവകുപ്പ് ചീഫ് എന്‍ജിനീയര്‍ക്കു രേഖാമൂലം വിവരങ്ങള്‍ കൈമാറി.
അണക്കെട്ടിലേക്കു സെക്കന്‍ഡില്‍ 3,143 ഘനഅടി വെള്ളമാണ് ഒഴുകിയെത്തുന്നത്. 511 ഘനഅടി വെള്ളം മാത്രമാണ് തമിഴ്‌നാട്ടിലേക്കു കൊണ്ടുപോവുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മഴ കുറവായിരുന്നെങ്കിലും തമിഴ്‌നാട്ടിലേക്കു കൊണ്ടുപോവുന്ന വെള്ളത്തിന്റെ അളവ് കുറച്ചതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. തമിഴ്‌നാട്ടിലും മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശങ്ങളിലും മഴ ശക്തമായി തുടരുകയാണെങ്കിലും 140 അടിയിലെത്തുമ്പോള്‍ തന്നെ ഇത്തവണ ജലനിരപ്പ് ക്രമീകരിക്കുന്നതിനുള്ള നടപടികള്‍ തമിഴ്‌നാടിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നാണു സൂചന. മാത്രമല്ല, ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണെങ്കില്‍ 27നു തന്നെ ഉപസമിതി യോഗം ചേരും. 30നു മേല്‍നോട്ട സമിതിയും അണക്കെട്ട് സന്ദര്‍ശിക്കും. മഴ ശക്തമായി തുടരുന്നതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലം സംഭരിച്ചു നിര്‍ത്തുന്ന വൈഗ അണക്കെട്ടിലെ ജലനിരപ്പും ഉയരുന്നുണ്ട്. ഇതേ അവസ്ഥയില്‍ മഴ തുടരുകയും നാലര അടി കൂടി വെള്ളം ഉയര്‍ന്നാല്‍ വൈഗയുടെ പരമാവധി സംഭരണശേഷിയായ 71 അടിയിലെത്തും. ഇതോടെ വൈഗ അണക്കെട്ട് തുറന്നുവിടേണ്ടി വരും. തെക്കന്‍ തമിഴ്‌നാട്ടിലെ പ്രധാനപ്പെട്ട അണക്കെട്ടുകളായ മഞ്ഞളാറും ചോറ്റുപാറയും നിറഞ്ഞു കവിഞ്ഞു.
മഞ്ഞളാര്‍ അണക്കെട്ടില്‍ സംഭരണശേഷിയായ 57 അടിയും ചോറ്റുപാറയില്‍ 126 അടിയുമെത്തിയതിനാല്‍ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് അതേപടി വൈഗയിലേക്കു തുറന്നുവിടുകയാണ് ചെയ്യുന്നത്. മാത്രമല്ല കേരള-തമിഴ്‌നാട് അതിര്‍ത്തിയായ മേഖമലയില്‍ നിന്നുള്ള വെള്ളവും വൈഗയിലാണ് എത്തിച്ചേരുന്നത്. വരുംദിവസങ്ങളിലും തമിഴ്‌നാട്ടില്‍ മഴ തുടരുകയാണെങ്കില്‍ വൈകാതെ വൈഗ അണക്കെട്ട് നിറഞ്ഞൊഴുകും.
Next Story

RELATED STORIES

Share it