Editorial

മുല്ലപ്പള്ളിക്ക് മുന്നില്‍ വലിയ വെല്ലുവിളികള്‍

ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ സംസ്ഥാന അധ്യക്ഷപദവിയിലേക്ക് മുല്ലപ്പള്ളി രാമചന്ദ്രനെയാണ് ദേശീയ നേതൃത്വം നിയോഗിച്ചിരിക്കുന്നത്. ദേശീയതലത്തിലും സംസ്ഥാനത്തും കോണ്‍ഗ്രസ് പാര്‍ട്ടി സംഘടനാതലത്തില്‍ പ്രതിസന്ധികള്‍ നേരിടുന്ന ഘട്ടത്തിലാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ്സിന്റെ അമരക്കാരനായി മുല്ലപ്പള്ളി വരുന്നത് എന്നതുകൊണ്ടു തന്നെ അദ്ദേഹത്തിന് മുന്നിലുള്ള വെല്ലുവിളികള്‍ ഏറെയാണ്. വി എം സുധീരന്‍ രാജിവച്ചതോടെയാണ് പ്രസിഡന്റ് പദവിയില്‍ ഒഴിവു വന്നത്. പുതിയ നേതൃത്വത്തെ തല്‍ക്ഷണം കണ്ടെത്തുന്നതിന് കഴിയാതെ വന്ന സാഹചര്യത്തില്‍ എം എം ഹസന്റെ തലയില്‍ അധ്യക്ഷന്റെ ചുമതല വന്നുവീഴുകയായിരുന്നു. സമവായ ചര്‍ച്ചകളൊന്നും ഫലം കാണാതെ വന്നപ്പോള്‍ പ്രസിഡന്റ് നിയമനം നീണ്ടുപോവുകയായിരുന്നു.
ഊഴം പൂര്‍ത്തിയാക്കുന്നതിനു മുമ്പായിരുന്നു സുധീരന്റെ രാജി. പാര്‍ട്ടിയിലെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ മനംമടുത്ത് തടിയെടുക്കുകയായിരുന്നു ഒരര്‍ഥത്തില്‍ സുധീരന്‍. കേരളത്തിലെ കോണ്‍ഗ്രസ്സിനെ നയിക്കണമെങ്കില്‍ തന്നെപ്പോലൊരു ആദര്‍ശധീരനെക്കൊണ്ടാവില്ലെന്ന് സ്വയം സമ്മതിക്കുകയായിരുന്നു അദ്ദേഹം. ഗ്രൂപ്പ് വടംവലികളിലും അധികാരത്തര്‍ക്കങ്ങളിലും അഭിരമിക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ്സിനെ നയിക്കുകയെന്നത് ചില്ലറക്കാര്യമല്ല. പ്രഗല്ഭരായ പലരും ദേശീയരാഷ്ട്രീയത്തിലേക്ക് ചേക്കേറുകയോ കുടിയിരുത്തപ്പെടുകയോ ചെയ്തതുപോലും കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ്‌പോരുകളുടെ പരിണതഫലമായാണ്. എ കെ ആന്റണി മുതല്‍ ഉമ്മന്‍ചാണ്ടി വരെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഈ പട്ടികയിലുണ്ട്. നമ്പി നാരായണന്റെ ഹരജിയില്‍ സുപ്രിംകോടതി വിധിക്ക് ആധാരമായ ചാരക്കേസ് പോലും കോണ്‍ഗ്രസ്സിലെ പടലപ്പിണക്കങ്ങളുടെ പശ്ചാത്തലത്തിലാണെന്ന വിവാദം ഇപ്പോഴും നിലനില്‍ക്കുന്നു. കരുത്തുറ്റ ഒരു സംഘടനാ സംവിധാനമില്ലാതെ നേതാക്കന്‍മാരുടെ ഒരു ആള്‍ക്കൂട്ട പാര്‍ട്ടിയായാണ് കോണ്‍ഗ്രസ് നിലനില്‍ക്കുന്നത്. മാറിമാറി വരുന്ന മുന്നണിഭരണത്തിന്റെ ഭാഗ്യപരീക്ഷണങ്ങളില്‍ നീന്തിത്തുടിച്ചാണ് എന്നും കോണ്‍ഗ്രസ്സിന്റെ അതിജീവനം. എന്നാല്‍, ഒരു നല്ല പ്രതിപക്ഷമാവാന്‍ പോലും തങ്ങള്‍ക്കു ശേഷിയില്ലെന്ന് തെളിയിച്ചിരിക്കുന്ന ഘട്ടത്തിലാണ് മുല്ലപ്പള്ളി ചുമതലയേല്‍ക്കുന്നത്. കേന്ദ്രമന്ത്രിസഭയിലെ പരിചയവും ഗ്രൂപ്പ് വിവാദങ്ങളില്‍ അകപ്പെടാത്തയാളെന്ന പ്രതിച്ഛായയും കൊണ്ടു മാത്രം കേരളത്തിലെ കോണ്‍ഗ്രസ്സിനെ അദ്ദേഹത്തിനു രക്ഷിക്കാനാവുമോ എന്ന് കാലമാണ് തെളിയിക്കേണ്ടത്.
ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിക്കെതിരേയുള്ള പ്രതിപക്ഷനിരയുടെ നേതൃപദവിയില്‍ കോണ്‍ഗ്രസ്സിനു നിര്‍ണായക പദവിക്കുള്ള ഒരു അനുകൂല അന്തരീക്ഷമുണ്ട്. 2019ലെ പൊതു തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന വേളയില്‍ സംഘടനയെ ശക്തിപ്പെടുത്തുകയെന്നത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നേരിടുന്ന ശക്തമായ വെല്ലുവിളിയാണ്. ഈ സാഹചര്യത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിന് കേരളത്തിലെ കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്താനും ഫാഷിസ്റ്റ് വിരുദ്ധ മുന്നേറ്റത്തില്‍ ജനാധിപത്യശക്തികളുടെ പ്രതീക്ഷയ്‌ക്കൊത്തുയരാനും കഴിയട്ടെയെന്ന് ആശംസിക്കുകയാണ്.



Next Story

RELATED STORIES

Share it