മുലായം കുടുംബത്തിലെ ഭിന്നത മറനീക്കി പുറത്ത്

ലഖ്‌നോ: ക്വാമി ഏക്താദള്‍ എസ്പിയില്‍ ലയിച്ചതു സംബന്ധിച്ച് മുലായം സിങ് യാദവിന്റെ കുടുംബത്തിലുണ്ടായ ഭിന്നത മറനീക്കി പുറത്ത്. മുലായത്തിന്റെ സഹോദരന്‍ രാം ഗോപാല്‍ വര്‍മയുടെ പിറന്നാളാഘോഷങ്ങളില്‍ മറ്റൊരു സഹോദരനായ ശിവപാല്‍ യാദവ് താല്‍പര്യം കാണിച്ചില്ല.
വൈകിയാണ് ശിവപാല്‍ അഘോഷച്ചടങ്ങിനെത്തിയത്. അദ്ദേഹം എത്തുന്നതിന് മുമ്പു തന്നെ മുലായത്തിന്റേയും അഖിലേഷ് യാദവിന്റേയും സാന്നിധ്യത്തില്‍ കേക്ക് മുറിച്ചുകഴിഞ്ഞിരുന്നു. അമര്‍ സിങിനൊപ്പമാണ് ശിവപാല്‍ എത്തിയത്. അദ്ദേഹം വേദിയിലേക്ക് പ്രവേശിക്കാതെ, ക്ഷണിതാക്കള്‍ക്കിടയിലാണ് ഇരുന്നത്. അതും പിന്‍വശത്ത്. ചില മുതിര്‍ന്ന നേതാക്കള്‍ അനുനയിപ്പിച്ചതിനെ തുടര്‍ന്ന് ശിവപാല്‍ മുന്‍ സീറ്റിലിരുന്നു. പിറന്നാള്‍ ആശംസയര്‍പ്പിക്കാന്‍ അദ്ദേഹം വേദിയിലേക്ക് പോയില്ല.
തിങ്കളാഴ്ച രാജ്ഭവനില്‍ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍നിന്നും ശിവപാല്‍ വിട്ടുനിന്നിരുന്നു. മുക്താര്‍ അന്‍സാരിയുടെ ക്വാമി ഏക്താദളുമായി ലയിച്ച നടപടി എസ്പി പാര്‍ലമെന്ററി ബോര്‍ഡ് റദ്ദാക്കിയിരുന്നു. ശിവപാല്‍ മുന്‍ കൈയെടുത്തായിരുന്നു ലയനം നടന്നത്. എന്നാല്‍, മുഖ്യമന്ത്രി അഖിലേഷ് യാദവ് ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതെതുടര്‍ന്നാണ് പാര്‍ട്ടി ലയനം റദ്ദാക്കിയത്.
പക്ഷേ, അത് ശിവപാലിന് വലിയ ക്ഷീണമായി. 2017ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ടിക്കറ്റ് വിതരണത്തിലും തിരഞ്ഞെടുപ്പ് സഖ്യത്തിലും മുലായം കുടുംബത്തിലെ ഭിന്നത പ്രതിഫലിക്കാനാണ് സാധ്യത.
Next Story

RELATED STORIES

Share it