palakkad local

മുറ്റത്തെ മുല്ല: ലഘു ഗ്രാമീണ വായ്പാ പദ്ധതി ജില്ലാതല ഉദ്ഘാടനം നാളെ

പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ ‘മുറ്റത്തെ മുല്ല’ ലഘു ഗ്രാമീണ വായ്പ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാളെപട്ടികജാതി- പട്ടികവര്‍ഗ പിന്നാക്കക്ഷേമ നിയമ സാംസ്—കാരിക പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എകെ ബാലന്‍ നിര്‍വഹിക്കും. കണ്ണമ്പ്ര മംഗല്ല്യ ഓഡിറ്റോറിയത്തില്‍ രാവിലെ 11.30ന് നടക്കുന്ന പരിപാടിയില്‍ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സികെ ചാമുണ്ണി അധ്യക്ഷനാവും. കുടുംബശ്രീ യൂനിറ്റികള്‍ക്കുള്ള വായ്പ വിതരണം കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി രജിമോള്‍, വടക്കാഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാ പോള്‍സണ്‍ എന്നിവര്‍ നിര്‍വഹിക്കും. 20 കുടുംബശ്രീ യൂനിറ്റുകള്‍ക്കായി 10 ലക്ഷം രൂപ വീതം രണ്ടു കോടിയാണ് വിതരണം ചെയ്യുന്നത്. കണ്ണമ്പ്ര സേവന ബാങ്കിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി നടത്തുന്നത്.
സംസ്ഥാന സഹകരണ വകുപ്പും കുടുംബശ്രീയും സംയുക്തമായാണ് വായ്പ പദ്ധതി നടത്തുന്നത്. ബ്ലേഡ് പലിശക്കാരുടെയും സ്വകാര്യ മൈക്രോ ഫിനാന്‍സ് കമ്പനികളുടെയും സാമ്പത്തിക ചൂഷണത്തില്‍ നിന്നും സാധാരണക്കാരും പാവപ്പെട്ടവരുമായ ജനസമൂഹത്തെ മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ജനങ്ങളെ കൂടുതലായി സാമ്പത്തിക ഉയര്‍ച്ചയിലേക്ക് നയിക്കുകയും അവരില്‍ സാമ്പത്തിക സാക്ഷരത വളര്‍ത്താനുമാണ് പദ്ധതി നടപ്പാക്കുന്നത്.
ഒരാള്‍ക്ക് പരമാവധി 25,000 രൂപയാണ് ആദ്യ ഘട്ടത്തില്‍ വായ്പയായി നല്‍കുക. 12 ശതമാനം വാര്‍ഷിക പലിശയാണ് പദ്ധതിയില്‍ ഈടാക്കുന്നത്്. ഒമ്പത് ശതമാനം പലിശ പ്രാഥമിക സഹകരണ ബാങ്കിനും ബാക്കി മൂന്ന് ശതമാനം കുടുംബശ്രീ യൂനിറ്റിന് പദ്ധതി നടത്തിപ്പിനായി ഉപയോഗിക്കാം. 52 ആഴ്ച കാലയളവാണ് വായ്പ തിരിച്ചടവിനായുള്ളത്. ആഴ്ചയില്‍ പണം തിരിച്ചടക്കുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
മൂന്ന് മാസം വായ്പ തിരിച്ചടിവില്‍ വീഴ്ച വരുത്തുന്നവരില്‍ നിന്ന് പണം തിരിച്ച് പിടിക്കാനുള്ള ചുമതല ബാങ്കിനാണ്. പദ്ധതിയുടെ നടത്തിപ്പ് നിരീക്ഷിക്കുന്നതിനും വിലയിരുത്തുതിനുമായി യൂനിറ്റ് തലത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും സഹകരണ സംഘം സെക്രട്ടറി കണ്‍വീനറായും ജില്ലാ തലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും സഹകരണ സംഘം രജിസ്ട്രാര്‍ കണ്‍വീനറായ മോണിറ്ററിങ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. കുടുംബശ്രീ പ്രതിനിധി, സഹകരണ ബാങ്ക് ഭരണസമിതി പ്രതിനിധി, സഹകരണ വകുപ്പ് ഉദ്യോഗസ്ഥന്‍, തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥന്‍ എന്നിങ്ങനെ ഏഴ് അംഗങ്ങളാണ് കമ്മിറ്റിയിലുള്ളത്.ഒരു വാര്‍ഡില്‍ പരമാവധി മൂന്ന് യൂനിറ്റുകള്‍ വരെ പദ്ധതിയുടെ ഭാഗമാക്കുന്ന തലത്തിലേക്ക് പദ്ധതിയെ ഉയര്‍ത്താനാണ് സഹകരണ വകുപ്പ് ലക്ഷ്യമിടുന്നത്. രണ്ടാം ഘട്ടത്തില്‍ ഒരാള്‍ക്ക് നല്‍കുന്ന തുക 25,000ത്തില്‍ നിന്നു 50,000ത്തിലേക്ക് ഉയര്‍ത്താനുള്ള നിര്‍ദ്ദേശം പരിഗണനയിലാണ്.
മുറ്റത്തെ മുല്ല പദ്ധതിയുടെ കണ്ണമ്പ്ര പഞ്ചായത്ത് തല മോണിറ്ററിങ് സമിതി കണ്‍വീനര്‍ ആര്‍ സുരേന്ദ്രന്‍, പാലക്കാട് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ എംകെ ബാബു, പാലക്കാട് ഓഡിറ്റ് ഡയറക്ടര്‍ സുരേഷ് മാധവന്‍, ജില്ലാ പഞ്ചായത്ത് അംഗം വി. മീനാകുമാരി, കുടുംബശ്രീ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി സെയ്തലവി, ആലത്തൂര്‍ സഹകരണ സംഘം അസി. രജിസ്ട്രാര്‍ ഇ കെ നാരായണന്‍, ആലത്തൂര്‍ ഓഡിറ്റ് അസി. ഡയറക്ടര്‍ കെ മാണിക്കന്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വിവിധ സഹകരണ ബാങ്ക് പ്രസിഡന്റ്മാര്‍ തപങ്കെടുക്കും.
Next Story

RELATED STORIES

Share it