malappuram local

മുറിവുണങ്ങാതെ ഉണ്യാല്‍; തീരദേശത്തെ കലാപഭൂമിയാക്കാന്‍ ശ്രമം

തിരൂര്‍: തീരദേശത്തെ കലാപഭൂമിയാക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ശ്രമം. ഉണ്യാല്‍പറവണ്ണയിലെ സംഘര്‍ഷം മുന്‍ അക്രമപരമ്പരകളുടെ തുടര്‍ച്ച.1990 മുതല്‍ പ്രദേശം രാഷ്ട്രീയ സംഘര്‍ഷ മേഖലയാണ്. സിപിഎമ്മും ലീഗും ഈ തീരദേശവാസികളെ തങ്ങളുടെ അധികാര ലാഭത്തിനുവേണ്ടി വിഭജിച്ച് നിര്‍ത്തിയിരിക്കുകയാണ്. വര്‍ഷങ്ങളായി ഇരുവിഭാഗത്തിനും പള്ളികളും മദ്‌റസകളും വെവ്വേറെയാണ്.
ഇരു വിഭാഗത്തിനും പ്രത്യേകം പാര്‍ട്ടി ഗ്രാമങ്ങളുണ്ട്. പറവണ്ണ ആലിന്‍ ചുവട് ലീഗ് ഗ്രാമവും ഉണ്യാല്‍ കവിതാ ജംഗ്ഷന്‍ സിപിഎം ഗ്രാമവുമാണ്. ഇരു വിഭാഗക്കാരും പരസ്പരം വിവാഹച്ചടങ്ങുകളില്‍ പോലും പങ്കെടുക്കാറില്ല. അക്രമ പരമ്പരകള്‍ക്കിടയില്‍ 2001 ല്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ 23 കാരനായ റാസിഖ് വധിക്കപ്പെട്ടു. അതോടെ ഉണ്യാല്‍ തീരദേശം തീര്‍ത്തും രണഭൂമിയായി മാറി. റാസിഖിന്റെ കൊലയാളികളെ ഹൈക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. അവര്‍ ശിക്ഷാ കാലാവധി കഴിഞ്ഞ് മൂന്നു വര്‍ഷം മുമ്പ് പുറത്തിറങ്ങി.അതിനു ശേഷമാണ് ഒരു ഇടവേളക്കു ശേഷം ഉണ്യാല്‍ വീണ്ടും സംഘര്‍ഷഭൂമിയായി മാറിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മൂന്ന് മാസങ്ങളായി ഇവിടെ നിരന്തരം സംഘര്‍ഷം നടക്കുന്നു.പാര്‍ട്ടി ബോര്‍ഡുകള്‍, വാഹനങ്ങള്‍ എന്നിവ അക്രമിക്കപ്പെട്ടാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. കഴിഞ്ഞ ഫെബ്രുവരിയിലും അക്രമങ്ങളുണ്ടായി. അതിനു ശേഷംകഴിഞ്ഞ ഞായറാഴ്ച ലീഗ് പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെ സിപിഎമ്മുകാര്‍ അക്രമം നടത്തുകയും ഒരു വീട്ടില്‍ കയറി വീട്ടുടമയേയും കൊച്ചു കുട്ടിയേയും അക്രമിച്ചു.അതേതുടര്‍ന്നാണ് സിപിഎമ്മുകാരുടെ നിരവധി വീടുകളും കടകളും വാഹനങ്ങളും അക്രമിക്കപ്പെടുന്നത്.
ഉണ്യാല്‍ കണ്ണന്‍ മരക്കാരകത്ത് ബീപാത്തുവിന്റെ വീടും കാറും കണ്ണന്‍ മരക്കാരകത്ത് കുഞ്ഞീന്റെ വീടിന്റെ ഗ്ലാസ് മകന്റെ ഓട്ടോറിക്ഷ ജ്ഞാനപ്രഭ സ്‌കൂളിന് സമീപം പള്ളിക്കല്‍ കാസിമിന്റെ പലചരക്കുകട ചൊക്ലിന്റെ പുരക്കല്‍ സൈതുവിന്റെ ധാന്യമില്‍, പടിഞ്ഞാറില്‍ അലിയുടെ വീട് എന്നിവ അക്രമിക്കപ്പെട്ടത്.സംഭവം പോലിസിന്റെ സാനിധ്യത്തിലാണ് നടന്നതെന്നും എന്നിട്ടും പോലിസ് അക്രമികളെ പിടികൂടിയില്ലെന്നും സിപിഎം ആരോപിച്ചു. പ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് ഇടതു എംഎല്‍എ മാരായ കെ ടി ജലീല്‍,പി ശ്രീരാമ കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ തിരൂര്‍ ഡിവൈഎസ്പി ഓഫിസ് സിപി എം പ്രവര്‍ത്തകര്‍ ഉപരോധിച്ചു.
സമരം തിരെഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തിയതാണെന്നും ഉണ്യാലിലെ അക്രമത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ലീഗിനും സിപിഎമ്മിലും തടിയൂരാനാവില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. പ്രദേശത്തെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ വന്‍ കൊള്ള നടക്കുന്നുണ്ട്. വീട്ടുകാരെ ഭീതിയിലാക്കി ലക്ഷക്കണക്കിന് രൂപയും വീടു പകരണങ്ങളുമാണ് കൊള്ളയടിക്കപ്പെടുന്നതെന്നാണ് വിവരം. ഇരു വിഭാഗത്തിലെയും സജീവ പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകള്‍ മാത്രമാണ് അക്രമത്തിനിരയാവുന്നത്. അത് അക്രമം ആസൂത്രിതമാണെന്ന നിഗമനത്തിലേക്കാണു വിരല്‍ ചൂണ്ടുന്നത്.
പോലിസിന്റെ ലാഘവ നിലപാടാണ് അക്രമം തുടരാന്‍ ഇടയാക്കുന്നത് എന്ന ആരോപണവും ഉണ്ട്.പോലിസില്‍ രാഷ്ട്രീയക്കാര്‍ള്ള സ്വാധീനം പോലിസിനെ കുഴക്കുന്നുണ്ട്. ഇന്നലെ പ്രദേശത്ത് കനത്ത പോലിസ് കാവലുണ്ട്. എന്നാ ല്‍ പോലിസ് വാഹനം നിര്‍ത്തിയിട്ട ഗ്രൗണ്ടില്‍ നൂറുക്കണക്കിന് സിപിഎമ്മുകാര്‍ സംഘടിച്ചിട്ടും പോലിസ് ഗൗനിച്ചില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it