മുരുകന്റെ മരണം: ഡോക്ടര്‍മാര്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് റിപോര്‍ട്ട്‌

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ചതില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്കു വീഴ്ചയുണ്ടായില്ലെന്ന് റിപോര്‍ട്ട്. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ആരോഗ്യവകുപ്പ് നിയോഗിച്ച മെഡിക്കല്‍ ബോര്‍ഡിന്റേതാണ് കണ്ടെത്തല്‍.
മുരുകനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത് രക്ഷിക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ലെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു. മെഡിക്കല്‍ കോളജില്‍ രോഗിക്കു നല്‍കാന്‍ കഴിയുന്ന തരത്തില്‍ വെന്റിലേറ്റര്‍ ഉണ്ടായിരുന്നില്ലെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍, ചികില്‍സ നല്‍കിയത് രേഖയിലാക്കാത്തത് ഡ്യൂട്ടി ഡോക്ടറുടെ വീഴ്ചയാണ്. മുരുകന്‍ ചികില്‍സ തേടിയ സ്വകാര്യ ആശുപത്രികളില്‍ ന്യൂറോസര്‍ജന്‍ ഇല്ലാത്തതും വെന്റിലേറ്ററിന്റെ അഭാവവും ചികില്‍സയ്ക്കു തടസ്സമായതായും റിപോര്‍ട്ടില്‍ പറയുന്നു.
അതേസമയം, തിരുവനന്തപുരം മെഡിക്കല്‍ കോളജ്, കൊല്ലം മെഡിസിറ്റി, മെഡിട്രീന, അസീസിയ ആശുപത്രികളിലെ ആറു ഡോക്ടര്‍മാര്‍ക്കു വീഴ്ച സംഭവിച്ചതായി പോലിസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ആരോഗ്യവകുപ്പു നടത്തിയ ആദ്യ അന്വേഷണത്തിലും ഡോക്ടര്‍മാരുടെ വീഴ്ച ചൂണ്ടിക്കാട്ടിയിരുന്നു. 17 വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിട്ടും മുരുകനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കാന്‍ തയ്യാറായില്ലെന്നായിരുന്നു  വകുപ്പിന്റെ ആദ്യ റിപോര്‍ട്ട്. ഈ കണ്ടെത്തലുകള്‍ നിലനില്‍ക്കെയാണ് ഡോക്ടര്‍മാര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിക്കൊണ്ടുള്ള പുതിയ അന്വേഷണ റിപോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
2017 ആഗസ്ത് 16നാണ് കൊല്ലത്തുണ്ടായ അപകടത്തില്‍ മുരുകന്‍ മരിച്ചത്. കൊല്ലത്തെ അഞ്ചു സ്വകാര്യ ആശുപത്രികളിലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും ചികില്‍സ ലഭിക്കും മുമ്പ് മരിച്ചു. അടിയന്തര ചികില്‍സ നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ രൂപീകരിക്കണമെന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളടങ്ങിയ റിപോര്‍ട്ട് സര്‍ക്കാരിനു കൈമാറി.
Next Story

RELATED STORIES

Share it