Idukki local

മുരിക്കാശ്ശേരി കടക്കാന്‍ കേരള കോണ്‍ഗ്രസ്സുകാരുടെ മല്‍സരം

ഇടുക്കി: കേരള കോണ്‍ഗ്രസ്സുകാരുടെ മല്‍സരമാണ് ഇത്തവണ ജില്ലാ പഞ്ചായത്ത് മുരിക്കാശേരി ഡിവിഷനെ ശ്രദ്ധേയമാക്കുന്നത്. കേരള കോണ്‍ഗ്രസ് (എം) മുരിക്കാശേരി മണ്ഡലം പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷൈനി സജി യു.ഡി.എഫ്. സ്ഥാനാര്‍ഥിയായും രണ്ടുതവണ ഡിവിഷനെ പ്രതിനിധീകരിച്ച കേരള കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് നോബിള്‍ ജോസഫ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായും, പഴയ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജോച്ചന്‍ മൈക്കിള്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായും പൊരുതുകയാണ് ഇവിടെ.
വാത്തിക്കുടി, കൊന്നത്തടി പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളും ഉള്‍പ്പെട്ടതാണ് മുരിക്കാശേരി ഡിവിഷന്‍. രണ്ട് പഞ്ചായത്തുകളിലും നിലവില്‍ യു.ഡി.എഫ്. ആണ് ഭരിക്കുന്നത്. കുടിയേറ്റ കര്‍ഷക മണ്ണിലെ ജനവിധി പ്രവചനാതീതം ആകുംവിധം വേറിട്ട പ്രചാരണ പ്രവര്‍ത്തനങ്ങളാണ് ഇവിടെ സ്ഥാനാര്‍ഥികള്‍ കാഴ്ചവയ്ക്കുന്നത്. ജില്ലാ പഞ്ചായത്ത് അംഗമെന്ന നിലയില്‍ മാതൃകാ പ്രവര്‍ത്തനം കാഴ്ചവയ്ക്കുകയും വികസനകാര്യങ്ങളില്‍ നേട്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തതിന്റെ അംഗീകാരമാണ് തന്റെ സ്ഥാനാര്‍ഥിത്വമെന്നും വിജയം സുനിശ്ചിതമാണെന്നുമാണ് ഷൈനി സജിയുടെ വിലയിരുത്തല്‍. 1995ലും 2005ലും മുരിക്കാശ്ശേരി ഡിവിഷനെ പ്രതിനിധീകരിച്ച് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിച്ച തനിക്ക് ഈ ഡിവിഷന്‍ തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന് നോബിള്‍ ജോസഫ് കരുതുന്നു.
യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷൈനി സജി 2005ലെ തിരഞ്ഞെടുപ്പില്‍ വാത്തിക്കുടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടയാളാണ്. നിലവില്‍ ജില്ലാ പഞ്ചായത്ത് മെമ്പറെന്ന നിലയില്‍ മുരിക്കാശേരി, കൊന്നത്തടി പഞ്ചായത്തുകളില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ഷൈനി വോട്ട് തേടുന്നത്. കേരള കോണ്‍ഗ്രസ് (എം) വനിതാ വിഭാഗം നിയോജകമണ്ഡലം പ്രസിഡന്റ്, മുരിക്കാശ്ശേരി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എം.പി.ടി.എ. പ്രസിഡന്റ്, പൈനാവ് കേന്ദ്രീയ വിദ്യാലയം പി.ടി.എ. വൈസ് പ്രസിഡന്റ്, ജില്ലാ സഹകരണ ബാങ്കിനു കീഴിലുള്ള ഫാര്‍മേഴ്‌സ് ക്ലബ്ബുകളുടെ ചീഫ് വോളണ്ടിയര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഷൈനി സജി ബിരുദധാരി കൂടിയാണ്.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ ജില്ലയിലെ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്ന നോബിന്‍ ജോസഫ് സംസ്ഥാന സമിതിയംഗം, ജില്ലാ സെക്രട്ടറി എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ്. രണ്ടുതവണ മുരിക്കാശേരി ഡിവിഷനെ പ്രതിനിധീകരിച്ച ആളെന്ന നിലയില്‍ കാഴ്ചവച്ച വികസന പ്രവര്‍ത്തനങ്ങള്‍ നിരത്തി വോട്ട് അഭ്യര്‍ഥിക്കുകയാണ് നോബിള്‍ ജോസഫ്. മുരിക്കാശ്ശേരി സഹകരണ ബാങ്ക് ഡയറക്ടര്‍, ഇടുക്കി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം, ഇടുക്കി ഹോപ് ചാരിറ്റബിള്‍ ട്രസ്റ്റ് അംഗം, മുരിക്കാശ്ശേരി അല്‍ഫോന്‍സാ പെയിന്‍ ആന്റ് പാലിയേറ്റീവ് ബോര്‍ഡ് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന നോബിള്‍ ജോസഫ് ബിരുദാനന്തര ബിരുദധാരിയാണ്.
Next Story

RELATED STORIES

Share it