മുഫ്തിയുടെ മകന്‍ പിഡിപി നേതൃപദവിയിലേക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പിഡിപിയുടെ നേതൃത്വത്തിലേക്ക് സ്വന്തം സഹോദരനെ കൊണ്ടുവരാന്‍ മെഹബൂബ മുഫ്തി ശ്രമിക്കുന്നതായി റിപോര്‍ട്ട്. താന്‍ മുഖ്യമന്ത്രിയാവുന്നതോടെ പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് ഏക സഹോദരനായ തസ്സദുഖ് ഹുസ്സയിനെ അവരോധിക്കുന്നതിനുള്ള ശ്രമത്തിലാണ് അവര്‍.
പാര്‍ട്ടിയിലെ ചില പ്രധാന ചുമതലകള്‍ 44 കാരനായ സഹോദരനെ ഏല്‍പിക്കാന്‍ മെഹബൂബ തയ്യാറായിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മെഹ്ബൂബയെ ചുമതലയേല്‍പിച്ചു. കഴിഞ്ഞ ആഴ്ചത്തെ പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തില്‍ തസ്സദുഖ് സന്നിഹിതനായിരുന്നു.
മുഫ്തി മുഹമ്മദ് സയ്യിദിന്റെ കാലത്ത് തസ്സദുഖിന് രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍ മുഫ്തിയുടെ മരണശേഷം സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ അദ്ദേഹം താല്‍പര്യം കാണിച്ചു തുടങ്ങിയിട്ടുണ്ടെന്ന് മുതിര്‍ന്ന പിഡിപി നേതാവ് പറഞ്ഞു.
കര്‍ശനമായ കൂറുമാറ്റ നിരോധന നിയമം നിലവിലുള്ള ജമ്മു കശ്മീരില്‍ പാര്‍ട്ടി പ്രസിഡന്റ് മെഹബൂബ തന്റെ പദവി ഏറ്റവും വിശ്വസ്തനായ വ്യക്തിക്ക് കൈമാറാനാണ് ആഗ്രഹിക്കുന്നത്. അതിന് ഏറ്റവും അനുയോജ്യന്‍ സഹോദരനാണെന്നും അവര്‍ കരുതുന്നു. 2007ല്‍ ജമ്മു കശ്മീര്‍ നിയമസഭ പാസാക്കിയ കൂറുമാറ്റ നിരോധന നിയമപ്രകാരം കൂറുമാറ്റം സാധ്യമല്ല. മൂന്നില്‍ ഒന്നോ അതില്‍ കൂടുതലോ അംഗങ്ങള്‍ കൂറുമാറിയാലും നടപടി നേരിടേണ്ടിവരുമെന്നാണ് നിയമം അനുശാസിക്കുന്നത്.
ഈ നിയമം പാര്‍ട്ടി പ്രസിഡന്റിന് കൂടുതല്‍ അധികാരമാണ് നല്‍കുന്നതെന്ന് മുന്‍ അഡ്വക്കറ്റ് ജനറല്‍ മുഹമ്മദ് ഇഹാഖ് ഖാദ്‌രി പറഞ്ഞു.
പാര്‍ട്ടി വിപ്പ് ലംഘിച്ചാല്‍ അംഗങ്ങള്‍ അയോഗ്യരാവുമെന്നതാണ് സ്ഥിതി. എന്നാല്‍ തസ്സദുഖ് പാര്‍ട്ടിയില്‍ സജീവമാവുന്നതിനെ പറ്റി ഔദ്യോഗികമായി സ്ഥിരീകരണം ലഭിച്ചിട്ടില്ല.
അതേസമയം മുഫ്തി മുഹമ്മദ് സയ്യിദിന്റെ 15ാം ചരമദിനത്തില്‍ മെഹബൂബയുടെ വസതിയില്‍ ചേര്‍ന്ന പിഡിപി നേതാക്കളുടെ അനൗദ്യോഗിക യോഗത്തില്‍ തസ്സദുഖിന്റെ രാഷ്ട്രീയ പ്രവേശം ചര്‍ച്ച ചെയ്തതായാണ് അറിയുന്നത്.
Next Story

RELATED STORIES

Share it