Gulf

മുപ്പത്താറാമതു ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളക്ക് പ്രൗഢമായ തുടക്കം

മുപ്പത്താറാമതു ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളക്ക് പ്രൗഢമായ തുടക്കം
X


ഷാര്‍ജ: പുസ്തക പ്രേമികള്‍ക്കിനി ഉത്സവത്തിന്റെ രാപകലുകള്‍. 36ാമത് ഷാര്‍ജ രാജ്യാന്തര പുസ്തക മേളക്ക് പ്രൗഢ തുടക്കം. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി ഉദ്ഘാടനം നിര്‍വഹിച്ചു. ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക് അതോറിറ്റിയുടെ കീഴില്‍ ഷാര്‍ജ എക്‌സ്‌പോ സെന്ററിലാണ് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തക മേള അരങ്ങേറുന്നത്. അറിവിന്റെ മായാപ്രപഞ്ചത്തിലേക്ക് പറന്നുയരാനുള്ള ചിറകുകളാണ് പുസ്തകങ്ങള്‍ എന്ന സന്ദേശമാണ് ഇത്തവണത്തെ പുസ്തക മേള മുന്നോട്ടു വെക്കുന്നത്.
60 രാജ്യങ്ങളില്‍ നിന്നുള്ള 1,650 പ്രസാധനാലയങ്ങളാണ് ഇത്തവണ ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ (എസ്‌ഐബിഎഫ്) പങ്കെടുക്കുന്നത്. 11 ദിവസം നീളുന്ന പുസ്തകോല്‍സവത്തില്‍ 15 ലക്ഷത്തിലധികം ശീര്‍ഷകങ്ങളിലുള്ള ഗ്രന്ഥങ്ങള്‍ പ്രദര്‍ശിച്ചിരിക്കുന്നു.
മിഡില്‍ ഈസ്റ്റിലെ എണ്ണപ്പെട്ട സാഹിത്യവൈജ്ഞാനികസാംസ്‌കാരിക ആഘോഷ പരിപാടിയായി ഇന്ന് ഷാര്‍ജ രാജ്യാന്തര പുസ്തക മേള വളര്‍ന്നിരിക്കുന്നു. 'എന്റെ പുസ്തകത്തിനകത്ത് ഒരു ലോകം' (എ വേള്‍ഡ് ഇന്‍സൈഡ് മൈ ബുക്) എന്നതാണ് ഈ വര്‍ഷത്തെ മേളയുടെ പ്രമേയം. 14,625 ചതുരശ്ര മീറ്റര്‍ ചുറ്റളവില്‍ നടക്കുന്ന മേളയില്‍ 48 രാജ്യങ്ങളില്‍ നിന്നുള്ള 393 അതിഥികള്‍ 2,600 പരിപാടികളില്‍ സംബന്ധിക്കുന്നുണ്ട്.
ഓരോ വര്‍ഷവും പുതിയ രാജ്യങ്ങള്‍ മേളയിലേക്ക് കടന്നു വരാറുണ്ട്. ഈ വര്‍ഷം ദക്ഷിണ കൊറിയ, ബംഗഌദേശ്, ഡെന്മാര്‍ക് എന്നിവയാണ് ആദ്യമായി മേളക്കെത്തിയിരിക്കുന്നത്. 39 രാഷ്ട്രങ്ങളില്‍ നിന്നുള്ള 158 അതിഥികള്‍ പങ്കെടുക്കുന്ന 300 സാംസ്‌കാരിക പരിപാടികള്‍; 11 രാജ്യങ്ങളില്‍ നിന്നുള്ള 60 അതിഥികള്‍ പങ്കെടുക്കുന്ന 33 പരിപാടികള്‍ ഉള്‍പ്പെടുന്ന കള്‍ചറല്‍ കഫേ; 28 രാജ്യങ്ങളില്‍ നിന്നുള്ള 98 അതിഥികള്‍ സംബന്ധിക്കുന്ന 267 പരിപാടികളുള്‍ക്കൊള്ളുന്ന ബൗദ്ധിക പ്രോഗ്രാം എന്നിവ ഈ വര്‍ഷം നടക്കുന്നുണ്ട്. കുട്ടികളുടെ പ്രോഗ്രാം ആണ് ഇത്തവണത്തെ ഏറ്റവും ചെലവേറിയത്. ബ്രിട്ടന്‍, കുവൈത്ത്, പോളണ്ട്, ജോര്‍ദാന്‍, ഓസ്‌ട്രേലിയ, മോള്‍ഡോവ, റഷ്യ, ഇന്ത്യ, ബഹ്‌റൈന്‍, ഐസ്‌ലാന്റ്, മംഗോളിയ, സിറിയ, ഇറ്റലി, ഉക്രെയ്ന്‍ എന്നീ 20 രാജ്യങ്ങളില്‍ നിന്നുള്ള 44 അതിഥികളുള്‍ക്കൊള്ളുന്ന 1,632 ആക്ടിവിറ്റീസ് ഇതിലുള്‍പ്പെടുന്നു.
കുക്കറി കോര്‍ണര്‍ ആണ് മറ്റൊരു ആകര്‍ഷണം. ഇന്ത്യ, യുകെ, മൊറോക്കോ, സ്വീഡന്‍, തായ്‌ലാന്റ് എന്നീ ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള 12 അതിഥികള്‍ 72 പരിപാടികള്‍ അവതരിപ്പിക്കുന്നതാണ്. സോഷ്യല്‍ മീഡിയ സ്‌റ്റേഷനില്‍ 33 സാംസ്‌കാരികമാധ്യമസാമൂഹിക പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയുള്ള സാമൂഹിക സ്വാധീനമുള്ള ആക്ടിവിറ്റീസ് ആണ് നടക്കുന്നത്. ഇക്കുറി ഒന്നാം നമ്പര്‍ ഹാളില്‍ 'ഫ്യൂചര്‍ സോണ്‍' എന്ന പവലിയന്‍ തയാറാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ പുസ്തകങ്ങളില്‍ വൈദഗ്ധ്യമുള്ള 10 മുന്‍നിര കമ്പനികള്‍ അവരുടെ അനുഭവങ്ങളെ കുറിച്ചും ഏറ്റവും പുതിയ പ്രസാധനങ്ങള്‍ സംബന്ധിച്ചും ഇവിടെ പ്രതികരിക്കുന്നുണ്ട്.
ഈ വര്‍ഷം മേളയില്‍ ആദരിക്കുന്ന രാഷ്ട്രം ബ്രിട്ടനാണ്. ബ്രിട്ടീഷ് സംസ്‌കാരത്തെയും സാഹിത്യത്തെയും പ്രതിഫലിപ്പിക്കുന്ന ഒട്ടേറെ പരിപാടികള്‍ ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ബൗദ്ധിക, കലാ മേഖലകളിലെ പ്രഗല്‍ഭര്‍ ഇവിടെ അണിനിരക്കുന്നുണ്ട്. അറബ് സാംസ്‌കാരികസാഹിത്യ പ്രതിഭകളുടെ നീണ്ട നിര തന്നെ ഇക്കുറി മേളയില്‍ സാന്നിധ്യമറിയിക്കുന്നു.



[related]
Next Story

RELATED STORIES

Share it