palakkad local

മുപ്പതിനായിരത്തോളം കുരുന്നുകള്‍ ജില്ലയില്‍ ഇന്ന് ആദ്യാക്ഷരം കുറിക്കും; ജില്ലാ പ്രവേശനോല്‍സവം കല്ലിങ്കല്‍പാടം സ്‌കൂളില്‍

പാലക്കാട്: അവധിദിനങ്ങളുടെ ആലസ്യങ്ങള്‍ വിട്ടൊഴിഞ്ഞു സ്‌കൂള്‍ പ്രവേശനം ഇന്നു മുതല്‍ സജീവം. ജില്ലയില്‍ നിന്നു മുപ്പതിനായിരത്തിലധികം കുരുന്നുകളാണ് ഇന്നു ആദ്യാക്ഷരം കുറിക്കാനെത്തുന്നത്. ജില്ലാ, ഉപജില്ലാ, പഞ്ചായത്ത്, സ്‌കൂള്‍ തലങ്ങളില്‍ പ്രവേശനോല്‍സവം നടത്താന്‍ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. ഉപജില്ലാതലത്തിലും സ്‌കൂള്‍ തലത്തിലും അതത് ബ്ലോക്ക്/പഞ്ചായത്ത് പ്രതിനിധികള്‍ പ്രവേശനോല്‍സവംനടത്തും.
ഇതിനായി ബ്ലോക്ക് തലത്തില്‍ 5000 രൂപയും പഞ്ചായത്തുതലത്തില്‍ 1000 രൂപയും സ്‌കൂള്‍തലത്തില്‍ 500 രൂപയും എസ്എസ്എ നല്‍കും. ജില്ലാതല പ്രവേശനോല്‍സവം സംഘടിപ്പിക്കുന്ന കല്ലിങ്കല്‍പാടം ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് 25,000 രൂപയും ജില്ലാ പഞ്ചായത്ത് നല്‍കും. ജില്ലയില്‍ 23,13,586 പാഠ പുസ്തകങ്ങള്‍ ഹെഡ്മാസ്റ്റര്‍മാര്‍ ഇന്‍ഡന്റ് ചെയ്തിട്ടുണ്ട്. അതില്‍ 13,85,840 പുസ്തകങ്ങള്‍ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. ഒന്നാം ക്ലാസുമുതല്‍ എട്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് രണ്ടു ജോഡി യൂണിഫോം വിതരണം ചെയ്യുന്നതിന് ഒരു കുട്ടിക്ക് 400 രൂപ വീതം ഗവണ്‍മെന്റ് സ്‌കൂളുകളിലേക്ക് ആവശ്യമായ തുക എസ്എസ്എ അനുവദിച്ചിട്ടുണ്ട്. ജൂണ്‍ 15 നകം ഗുണമേന്മയുള്ള തുണിത്തരങ്ങള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള കര്‍ശന നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.
തുക സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചു. എയ്ഡഡ് സ്‌കൂളിലെ യൂണിഫോം വിതരണത്തിനുള്ള തുക ഫണ്ട് ലഭ്യതയനുസരിച്ച് ഹെഡ്മാസ്റ്റര്‍മാരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കും. ഈ വര്‍ഷത്തെ ഒമ്പത്, പത്ത് ക്ലാസുകളിലെ മുഴുവന്‍ പാഠപുസ്‌കങ്ങള്‍ക്കും മാറ്റമുണ്ട്. ആയതിന്റെ പാഠപുസ്തകങ്ങളുടെ വിതരണം പൂര്‍ത്തിക്കരിച്ചതായി എജ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എ അബൂബക്കര്‍ അറിയിച്ചു. സ്‌കൂള്‍ തുറക്കുന്ന ദിവസം മുതല്‍ ഉച്ചഭക്ഷണം കുട്ടികള്‍ക്ക് നല്‍കുന്നതിനു വേണ്ട നടപടി ആരംഭിക്കണമെന്ന് ഹെഡ്മാസ്റ്റര്‍മാര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ അധ്യയന വര്‍ഷത്തെ കുട്ടികളുടെ കണക്കെടുപ്പ് ജൂണ്‍ എട്ടിന് നടത്തും. കുട്ടികളുടെ യുഐഡി സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ടെന്ന് ഡി ഡിഇ അറിയിച്ചു. ഈ വര്‍ഷം സാധ്യമായ 200 അദ്ധ്യന ദിനം ഉറപ്പുരുത്തുന്നതിനുള്ള നടപടികള്‍ വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.
കൂടാതെ ജില്ലയില്‍ പഠനത്തില്‍ പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിഹാര ബോധനം നല്കി പഠന പുരോഗതി ഉറപ്പ് വരുത്തുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. കൂടാതെ കുടിവെള്ളം, ടോയ്‌ലറ്റ് എന്നിവ കുട്ടികളുടെ എണ്ണത്തിന് അനുപാതികമായി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. അധ്യയന വര്‍ഷത്തില്‍ ഒന്ന് മുതല്‍ പത്താംതരം വരെ 1,20,803 കുട്ടികള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലും 1, 93,668 കുട്ടികള്‍ എയ്ഡഡ് സ്‌കൂളുകളിലും ഉള്‍പ്പടെ 3,54,538 കുട്ടികളെ ഈ അധ്യയന വര്‍ഷം പ്രതീക്ഷിക്കുന്നതായി ഡിഡി ഇ അറിയിച്ചു.
ജില്ലാതല സ്‌കൂള്‍ പ്രവേശനോല്‍സവം ഇന്ന് കല്ലിങ്കല്‍പാടം ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി ഉദ്ഘാടനം നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ചാമുണ്ണി അധ്യക്ഷത വഹിക്കും. പങ്കെടുക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പയര്‍വിത്ത് സമ്മാനിക്കും. അന്തരാഷ്ട്ര പയര്‍ വര്‍ഷത്തോടനുബന്ധിച്ച് കണ്ണമ്പ്ര പഞ്ചായത്താണ് വിത്തുകള്‍ സമ്മാനിക്കുന്നത്.പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ളഫര്‍ണ്ണിച്ചര്‍ വിതരണോദ്ഘാടനം, കിച്ചണ്‍ കം സ്റ്റോര്‍ ഉദ്ഘാടനം, പാഠപുസ്തക വിതരണം, എസ്എസ് എല്‍സിക്ക് മികച്ച മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്കും യുഎസ് എസ്‌സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനദാനം എന്നിവയും അനുബന്ധ പരിപാടികളായി നടക്കും.
Next Story

RELATED STORIES

Share it