മുന്‍ സെക്രട്ടറിക്കെതിരേ കുറ്റം ചുമത്തി

സ്വന്തം  പ്രതിനിധി

ന്യൂഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി എച്ച് സി ഗുപ്തയടക്കം ആറു പേര്‍ക്കെതിരേ പ്രത്യേക സിബിഐ കോടതി കുറ്റം ചുമത്തി. അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് സിബിഐ നടപടി. ഗുപ്തയെ കൂടാതെ കല്‍ക്കരി വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി കെ എസ് ക്രോഫ, മറ്റൊരു വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന കെ സി സമ്രിയ, കമല്‍ സ്‌പോഞ്ച് സ്റ്റീല്‍ ആന്റ് പവര്‍ ലിമിറ്റഡ്, കെഎസ്എസ്പിഎല്‍ മാനേജിങ് ഡയറക്ടര്‍ പവന്‍കുമാര്‍ അലുവാലിയ, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അമിത് ഗോയല്‍ എന്നിവര്‍ക്കെതിരേയാണ് കോടതി നടപടി.

മധ്യപ്രദേശിലെ തേസ്‌ഗോര ബി രുദ്രാപുരിയില്‍ അനധികൃതമായി കമല്‍ സ്‌പോഞ്ച് സ്റ്റീല്‍ ആന്റ് പവര്‍ ലിമിറ്റഡിന് കല്‍ക്കരി ഖനനം നടത്താന്‍ അനുമതി നല്‍കിയെന്നാണ് ഇവര്‍ക്കെതിരായ കേസ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ക്രിമിനല്‍ ഗൂഢാലോചന (120 ബി), വഞ്ചന (420), പൊതുജന സേവകന്‍ വിശ്വാസ്യത ലംഘിക്കല്‍ (409) തുടങ്ങിയ വകുപ്പുകള്‍ക്കു പുറമേ അഴിമതിവിരുദ്ധ നിയമപ്രകാരവുമാണ് പ്രത്യേക സിബിഐ ജഡ്ജി ഭരത് പരാശര്‍ പ്രതികള്‍ക്കെതിരേ കുറ്റം ചുമത്തിയത്. കല്‍ക്കരി സെക്രട്ടറിയായിരുന്ന എച്ച് സി ഗുപ്ത അന്ന് കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതലയുണ്ടായിരുന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ തെറ്റിദ്ധരിപ്പിച്ചതായും കല്‍ക്കരിപ്പാടം അനുമതി നല്‍കുന്നതിനു നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചതായും സിബിഐ കണ്ടെത്തി.

നേരത്തേ കേസ് അവസാനിപ്പിക്കുന്നതായി സിബിഐ റിപോര്‍ട്ട് നല്‍കിയിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 13നു പ്രതികളെ നേരിട്ടു വിളിപ്പിച്ച് കേസ് തുടരാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. കല്‍ക്കരിപ്പാടം അനുവദിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തത് മന്‍മോഹന്‍ സിങാണെന്നായിരുന്നു ഗുപ്ത കോടതിയില്‍ നല്‍കിയ മൊഴി. എന്നാല്‍, യഥാര്‍ഥ വിവരങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിക്കാതെ കല്‍ക്കരി സെക്രട്ടറി പ്രധാനമന്ത്രിയുടെ ഓഫിസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. കേസ് ഈ മാസം 28നു വീണ്ടും പരിഗണിക്കും.
Next Story

RELATED STORIES

Share it