Middlepiece

മുന്‍ സിമിയാവുന്നത് കുറ്റമാണോ?

ഹാരിസ്

അടിയന്തരാവസ്ഥയുടെ നാളുകള്‍. ജമാഅത്തെ ഇസ്‌ലാമി നിരോധനത്തെ തുടര്‍ന്ന് വന്ദ്യവയോധികനും പണ്ഡിതനുമായ ടി മുഹമ്മദ് (ടിഎം) ഉള്‍പ്പെടെയുള്ള ജമാഅത്ത് നേതാക്കളും പ്രവര്‍ത്തകരും തടവില്‍ കഴിയുന്ന കാലം. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ ടിഎമ്മിനോട് നിരോധിക്കപ്പെട്ട ജമാഅത്ത് ഇസ്‌ലാമിയില്‍ പ്രവര്‍ത്തിച്ചെന്ന കുറ്റപത്രം വായിച്ചുകേള്‍പ്പിച്ച ജഡ്ജി ചോദിച്ചു: ജമാഅത്ത് ഇസ്‌ലാമി പ്രവര്‍ത്തകനാണോ? അതേ. കുറ്റം ചെയ്തിട്ടുണ്ടോ? ഇല്ല. ജഡ്ജി ചോദ്യങ്ങളും ടിഎം ഉത്തരവും ആവര്‍ത്തിച്ചു. അതുതന്നെയല്ലേ ചോദിച്ചത് എന്ന് ജഡ്ജി. താന്‍ ജമാഅത്തെ ഇസ്‌ലാമിയിലാണ് പ്രവര്‍ത്തിച്ചതെന്നും നിരോധിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമിയില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും ടിഎമ്മിന്റെ നിഷ്‌കളങ്കമായ മറുപടി ആവര്‍ത്തിച്ചപ്പോള്‍ ജഡ്ജിപോലും ചിരിച്ചുപോയത്രെ.
കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ സ്ഥാനാര്‍ഥികളെ പങ്കെടുപ്പിച്ച് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ ഉയര്‍ന്ന ഒരു ചോദ്യവും അതിന്റെ മറുപടിയും വായിച്ചപ്പോഴാണ് ഈ സംഭവം ഓര്‍ത്തുപോയത്. തനിക്ക് സിമി ബന്ധമുണ്ടെന്ന ആരോപണം വേദനിപ്പിച്ചുവെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന ഐഎന്‍എല്‍ ജനറല്‍ സെക്രട്ടറി എ പി അബ്ദുല്‍ വഹാബ് പറഞ്ഞതായാണു വാര്‍ത്ത. യുഡിഎഫ് കണ്‍വീനറുടെ പ്രസ്താവന നിന്ദ്യമാണെന്നും താന്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞതായും വാര്‍ത്തയില്‍ കാണുന്നു.
തന്റെ പേരില്‍ നിരോധിത സംഘടനയായ സിമിയുടെ ഭാരവാഹിത്വം ആരോപിക്കുന്നത് തിരഞ്ഞെടുപ്പില്‍ പരാജയം മുന്നില്‍ കണ്ടാണെന്ന് വഹാബ് ആരോപിച്ചതായാണ് എതിര്‍സ്ഥാനാര്‍ഥിയുടെ പത്രത്തിലെ വാര്‍ത്ത. എ പി അബ്ദുല്‍ വഹാബ് 1977 മുതല്‍ 89 വരെ സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) എന്ന ഇസ്‌ലാമിക വിദ്യാര്‍ഥി-യുവജന സംഘടനയുടെ അംഗവും പ്രവര്‍ത്തകനുമായിരുന്നുവെന്നത് പകല്‍വെളിച്ചംപോലെ സത്യം. നിരോധിത സംഘടനയില്‍ അംഗമായിരുന്നുവെന്ന് ആരോപിച്ചാല്‍ തെറ്റ്.
വിദ്യാര്‍ഥിയായിരിക്കെ താന്‍ സിമിയില്‍ സജീവമായിരുന്നുവെന്ന്, നേതൃരംഗത്ത് താനുണ്ടായിരുന്നുവെന്ന് തുറന്നുപറയുന്നതിന് വഹാബിന് എന്താണ് വിമ്മിഷ്ടം? ഇന്ത്യന്‍ ജനതയ്ക്കും കേരളീയസമൂഹത്തിനും വിശേഷിച്ച് കേരളീയ മുസ്‌ലിം സമൂഹത്തിനും 80കളില്‍ വ്യക്തമായ ദിശാബോധം നല്‍കിയ അഭിമാനകരമായ ചരിത്രം സാക്ഷ്യംവഹിക്കെ.
1983ല്‍ എസ്‌ഐഒ രൂപീകരണത്തിനുശേഷവും സിമിയുടെ അഖിലേന്ത്യാ പ്രസിഡന്റായി രണ്ടുവര്‍ഷം പ്രവര്‍ത്തിച്ച എസ് ക്യു ആര്‍ ഇല്‍യാസ് വെല്‍ഫെയര്‍ പാര്‍ട്ടി അഖിലേന്ത്യാ അധ്യക്ഷനാണ്. സിമി കേന്ദ്ര ശൂറാ അംഗവും തമിഴ്‌നാട് സാരഥിയുമായിരുന്ന എം എച്ച് ജവാഹിറുല്ല നേതൃത്വം നല്‍കുന്ന എംഎംകെ മനിതനേയ മക്കള്‍ കക്ഷി എഐഎഡിഎംകെയോടൊപ്പം സഖ്യത്തിലുണ്ടായിരുന്നു. ഇപ്പോള്‍ ഡിഎംകെയോടൊപ്പം മല്‍സരിക്കുന്നു. ജവാഹിറുല്ല തമിഴ്‌നാട് നിയമസഭാംഗവുമായിരുന്നു. കേന്ദ്ര ശൂറാ അംഗമായിരുന്ന എ എച്ച് ഇംറാന്‍ (പശ്ചിമ ബംഗാള്‍) തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ബാനറില്‍ രാജ്യസഭാംഗമായി. ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര ഉപ അമീര്‍ ടി ആരിഫലിയും സംസ്ഥാന അമീര്‍ എം ഐ അബ്ദുല്‍ അസീസും മലപ്പുറം ജില്ലയിലെ തിരൂര്‍ക്കാട് ഇലാഹിയയില്‍ വിദ്യാര്‍ഥികളായിരിക്കെ സിമി അംഗത്വത്തിലും നേതൃത്വത്തിലുമുണ്ടായിരുന്നു. ജമാഅത്ത് കേരള അസിസ്റ്റന്റ് അമീര്‍ ശെയ്ഖ് മുഹമ്മദ് കാരക്കുന്ന് 80-81ല്‍ സിമി സംസ്ഥാന പ്രസിഡന്റായിരുന്നു. ഫാറൂഖ് കോളജ് ചെയര്‍മാനായിരിക്കെ അച്ചടക്കലംഘനത്തിന് സംഘടനയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അബ്ദുസ്സമദ് സമദാനി 1981ല്‍ സിമിയില്‍നിന്നു രാജിവച്ചു. 1990ലും തിരൂരങ്ങാടി പിഎസ്എംഒയില്‍ സിമിയില്‍ പ്രവര്‍ത്തിച്ചിരുന്ന, ബാലസരണി ക്യാപ്റ്റനായിരുന്ന കെ ടി ജലീല്‍ രണ്ടുതവണ എല്‍ഡിഎഫ് എംഎല്‍എയായി.
ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ എന്ന പ്രമേയവുമായി സംഘടിപ്പിച്ച സിമി സംസ്ഥാന സമ്മേളനത്തിന്റെ മുഖ്യ സംഘാടകനായിരുന്ന എന്‍ വി എം ഫസ്‌ലുള്ള അരീക്കോട് ഗ്രാമപ്പഞ്ചായത്തില്‍ അഞ്ചുവര്‍ഷം മുസ്‌ലിം ലീഗ് അംഗമായിരുന്നു. സിമി പ്രവര്‍ത്തകനായിരുന്ന കെ ഇ അബ്ദുല്ല പിഡിപിയിലുണ്ട്. മറ്റു നിരവധിപേര്‍ എസ്ഡിപിഐ ഉള്‍പ്പെടെയുള്ള രാഷ്ട്രീയകക്ഷികളിലുണ്ട്. എന്നിട്ടൊന്നും ആകാശം ഇടിഞ്ഞുവീണില്ലല്ലോ.
1977ല്‍ സിമി അംഗമായ അബ്ദുല്‍ വഹാബ് പ്രായപരിധിയായ 30 വയസ്സ് പൂര്‍ത്തിയാക്കി 1989ലാണ് അംഗത്വമൊഴിയുന്നത്. താന്‍ സിമി പ്രവര്‍ത്തകനായിരുന്നുവെന്ന്, 10 വര്‍ഷത്തോളം സംസ്ഥാന ശൂറയിലുണ്ടായിരുന്നുവെന്ന്, രണ്ടുതവണ സംസ്ഥാന പ്രസിഡന്റും മലപ്പുറം, കോഴിക്കോട് ജില്ലകളുടെ പ്രസിഡന്റുമായിരുന്നുവെന്ന് തുറന്നുപറയാന്‍ എന്തിനു മടിക്കുന്നു?
77 മുതല്‍ 2001ല്‍ നിരോധിക്കപ്പെടുന്നതുവരെ സിമി പ്രവര്‍ത്തകര്‍ രാജ്യദ്രോഹപ്രവര്‍ത്തനം നടത്തിയെന്ന് ഒരു കോടതിയില്‍നിന്നും വിധിയില്ല. 2001ലാണ് സിമിക്ക് ബിജെപി സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. രാജ്യത്തെ പ്രമുഖ രാഷ്ട്രീയനേതാക്കള്‍ നിരോധനത്തിനെതിരേ പാര്‍ലമെന്റില്‍ സംസാരിച്ചതും മാധ്യമങ്ങളില്‍ വന്നതാണ്. അതില്‍ സിപിഎമ്മുമുണ്ട്.
1989ല്‍ താന്‍ അംഗത്വമൊഴിഞ്ഞ ഒരു സംഘടനയെക്കുറിച്ച പരാമര്‍ശംപോലും വഹാബിന് വേദനാജനകമാവുന്നത് മനസ്സിലാവുന്നില്ല. കൊലക്കേസ് പ്രതികളായവരും മറ്റു പല അക്രമക്കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരും രാഷ്ട്രീയരംഗത്തുണ്ട്. അവരേക്കാള്‍ എത്രയോ മാന്യമായ സ്ഥാനത്താണ് താനുള്ളതെന്ന് അബ്ദുല്‍ വഹാബിന് മനസ്സിലായില്ലെങ്കില്‍ പ്രശ്‌നം മറ്റെന്തോ ആണ്.
ഏതാനും മാസം മുമ്പ് കലീം എഴുതിയതുപോലെ ഞാന്‍ മുന്‍ സിമി, സോ വാട്ട്? എന്ന് ചോദിക്കാന്‍ ആര്‍ജവം വേണം. നിലകൊണ്ടത് നന്മയ്ക്കും സത്യത്തിനും വേണ്ടിയായിരുന്നുവെന്നും ആ പ്രവര്‍ത്തനകാലത്ത് വാക്കിലോ പ്രവൃത്തിയിലോ ഒരു കറയും ഉണ്ടായിരുന്നില്ലെന്നുമുള്ള ഉറച്ച ബോധ്യവും വിശ്വാസവുമുണ്ടാവുമ്പോള്‍ അതു പറയാന്‍ പറ്റും.
Next Story

RELATED STORIES

Share it