Idukki local

മുന്‍ ലോക്കല്‍ സെക്രട്ടറി സിപിഎമ്മില്‍ നിന്ന് രാജിവച്ചു

തൊടുപുഴ: സിപിഎം ആലക്കോട് മുന്‍ ലോക്കല്‍ സെക്രട്ടറി കെ ജെ അവിരാന്‍കുട്ടി പാര്‍ട്ടിയില്‍ നിന്നും രാജി വച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതായി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കര്‍ഷകസംഘം മൂലമറ്റം ഏരിയ കമ്മിറ്റി പ്രസിഡന്റ്, 2000-2010 കാലയളവില്‍ ആലക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പാര്‍ടി ആലക്കോട് പഞ്ചായത്തില്‍ നടത്തിയ വോട്ട് കച്ചവടത്തിലും തിരഞ്ഞെടുപ്പിലുണ്ടാക്കിയ അവിഹിത രാഷ്ട്രീയ സഖ്യത്തിലും പ്രതിഷേധിച്ചാണ് രാജിവയ്ക്കുന്നതെന്നും ആദേഹം പറഞ്ഞു.
ആലക്കോട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും, ഏരിയ കമ്മിറ്റി അംഗവും ചേര്‍ന്നാണ് വോട്ടു കച്ചവടത്തിനും മറ്റ് കൂട്ട് കെട്ടുകള്‍ക്കും നേതൃത്വം നല്‍കിയത്. ഇതു സംബന്ധിച്ച് പാര്‍ട്ടി നേതൃത്വത്തിനു പരാതി നല്‍കിയെങ്കിലും നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. 2010 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണി 160 വോട്ടുകള്‍ നേടിയ ആറാം വാര്‍ഡില്‍ ഇത്തവണ മല്‍സരിച്ച അവിരാന്‍കുട്ടിക്ക് ലഭിച്ചത് 43 വോട്ടുകള്‍ മാത്രമാണ്. പത്താം വാര്‍ഡില്‍ കഴിഞ്ഞ തവണ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി ഡി ശിവന്‍ ഇത്തവണ മല്‍സരിച്ചപ്പോള്‍ ഒന്‍പത് വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
എട്ടാം വാര്‍ഡിലും, ഒന്‍പതാം വാര്‍ഡിലും ഇത്തരത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ തോല്‍പിക്കാന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ഏരിയ കമ്മിറ്റി സെക്രട്ടറിയും മുന്നിട്ടിറങ്ങി. പാര്‍ട്ടി നടപടികളില്‍ മനം മടുത്ത 50-ഓളം പ്രവര്‍ത്തകരും തന്റെ കൂടെ കോണ്‍ഗ്രസില്‍ ചേര്‍ന്നതായും കെ ജെ അവിരാന്‍കുട്ടി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് ആലക്കോട് മണ്ഡലം പ്രസിഡന്റ് വി എം ചാക്കോ, ബിജു ജോസഫ്, ജോര്‍ജ് താന്നിക്കല്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it