മുന്‍ രഹസ്യാന്വേഷണ ഏജന്‍സി മേധാവികളുടെ സംഭാഷണങ്ങള്‍ പുസ്തകരൂപത്തില്‍

ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്‍ മേധാവികളുടെ സംഭാഷണങ്ങള്‍ പുസ്തകരൂപത്തില്‍ പുറത്തിറങ്ങുന്നു.
ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്റ് അനാലിസിസ് വിങി(റോ)ന്റെ മുന്‍ സെക്രട്ടറി അമര്‍ജിത് സിങ് ദുലത് പാക് ചാരസംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സി(ഐഎസ്‌ഐ)ന്റെ മുന്‍ ഡയറക്ടര്‍ ജനറല്‍ അസദ് ഡുറാനി എന്നിവര്‍ പലപ്പോഴായി നടത്തിയ സംഭാഷണങ്ങളാണ് ദ സ്‌പൈ ക്രോണിക്കിള്‍സ്: റോ, ഐഎസ്‌ഐ ആന്റ് ദി ഇല്യൂഷന്‍ ഓഫ് പീസ് എന്ന പേരില്‍ പുസ്തകമാവുന്നത്. മാധ്യമപ്രവര്‍ത്തകനായ ആദിത്യ സിന്‍ഹയുമായി സഹകരിച്ചാണ് പുസ്തകം രചിച്ചത്. ഈസ്താംബൂള്‍, ബാങ്കോക്ക്, കാഠ്മണ്ഡു എന്നിവിടങ്ങളിലാണ് ഇരുവരുടെയും കൂടിക്കാഴ്ചകള്‍ നടന്നത്. ഇന്ത്യയിലോ പാകിസ്താനിലോ വച്ച് കൂടിക്കാഴ്ച നടന്നിട്ടില്ല. പുസ്തകത്തിന്റെ ആദ്യഭാഗം ഇന്നു പുറത്തിറങ്ങും.
ദക്ഷിണേഷ്യയെ ദീര്‍ഘകാലം വേട്ടയാടിയ ചില വിഷയങ്ങളാണ് പുസ്തകത്തിലുള്ളതെന്ന് ആദിത്യ സിന്‍ഹ വ്യക്തമാക്കി. രണ്ടു ചാരത്തലവന്മാരുടെ കണ്ണുകളിലൂടെ ഉപഭൂഖണ്ഡത്തിലെ രാഷ്ട്രീയത്തിലേക്കുള്ള എത്തിനോട്ടമാണ് പുസ്തകത്തിലെന്നും സിന്‍ഹ പറഞ്ഞു. കശ്മീര്‍, മുംബൈ സ്‌ഫോടനം, സായുധ പ്രവര്‍ത്തനങ്ങള്‍, പഠാന്‍കോട്ട് ആക്രമണം, മിന്നലാക്രമണങ്ങള്‍, ഒസാമ ബിന്‍ ലാദിന്‍, ഹാഫിസ് സഈദ്, കുല്‍ഭൂഷണ്‍ ജാധവ്, ഇന്ത്യ-പാക് ബന്ധത്തിലെ യുഎസ്-റഷ്യന്‍ ഇടപെടലുകള്‍ തുടങ്ങിയ വിഷയങ്ങള്‍ക്കാണു സംഭാഷണത്തില്‍ പ്രാധാന്യമുള്ളത്. ഹാര്‍പ്പര്‍ കോളിന്‍സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലേക്ക് അന്നത്തെ പാക് പ്രധാനമന്ത്രി നവാസ് ശരീഫിനെ ക്ഷണിച്ചതിനെക്കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്.
Next Story

RELATED STORIES

Share it