മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതിയില്ല

ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതികള്‍ക്ക് അര്‍ഹതയില്ലെന്നു സുപ്രിംകോടതി. മുന്‍ മുഖ്യമന്ത്രിമാര്‍ ഔദ്യോഗിക വസതി ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ചുമതല ഒഴിഞ്ഞാല്‍ എല്ലാവരും സാധാരണ പൗരന്‍മാരാണെന്നും കോടതി വ്യക്തമാക്കി. ഔദ്യോഗിക വസതി ഉപയോഗിക്കുന്ന ഉത്തര്‍പ്രദേശിലെ മുന്‍ മുഖ്യമന്ത്രിമാരെല്ലാം ഉടന്‍ വസതികള്‍ ഒഴിയണമെന്നും സുപ്രിംകോടതി ഉത്തരവിട്ടു.
ലോക് പ്രഹരി എന്ന സന്നദ്ധ സംഘടന നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്. മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതി അനുവദിക്കുന്നതിന് ഭേദഗതി വരുത്തിയ ഉത്തര്‍പ്രദേശ് മിനിസ്റ്റേഴ്‌സ് (ശമ്പളം, അലവന്‍സ്, മറ്റു വ്യവസ്ഥകള്‍) ഭേദഗതി നിയമം- 2016ലെ സെക്ഷന്‍ നാലു റദ്ദാക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് ഇത്തരത്തിലുള്ള സൗകര്യം നല്‍കുന്നത് വിവേചനപരമാണെന്നും ഇവ പൊതുസ്വത്താണെന്നും കോടതി വ്യക്തമാക്കി. 2016ല്‍ അഖിലേഷ് യാദവ് സര്‍ക്കാരാണ് 1981ലെ നിയമം ഭേദഗതി ചെയ്ത് മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് ആജീവനാന്തം താമസിക്കാന്‍ ബംഗ്ലാവുകള്‍ അനുവദിച്ചത്.
മുഖ്യമന്ത്രിമാര്‍ സ്ഥാനം ഒഴിഞ്ഞാല്‍ 15 ദിവസത്തിനകം ഔദ്യോഗിക വസതി ഒഴിയണമെന്ന നിയമത്തിലാണ് ഭേദഗതി വരുത്തിയത്. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജ്‌നാഥ് സിങ്, ബിജെപി നേതാവും രാജസ്ഥാന്‍ ഗവര്‍ണറുമായ കല്യാണ്‍ സിങ്, സമാജ്‌വാദി പാര്‍ട്ടി നേതാക്കളായ മുലായംസിങ് യാദവ്, അഖിലേഷ് യാദവ്, ബിഎസ്പി നേതാവ് മായാവതി, ആന്ധ്രപ്രദേശ് മുന്‍ ഗവര്‍ണറും കോണ്‍ഗ്രസ് നേതാവുമായിരുന്ന എന്‍ ഡി തിവാരി, രാം നരേഷ് യാദവ് എന്നിവര്‍ മുന്‍ മുഖ്യമന്ത്രിമാര്‍ എന്ന നിലയില്‍ ഉപയോഗിക്കുന്ന ഔദ്യോഗിക വസതികള്‍ എത്രയും വേഗം ഒഴിയണമെന്നാണ് കോടതി ആവശ്യപ്പെട്ടത്.
ജസ്റ്റിസുമാരായ അനില്‍ ആര്‍ ദവെ, എന്‍ വി രമണ, ആര്‍ ഭാനുമതി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഈ സുപ്രധാന വിധി.
Next Story

RELATED STORIES

Share it