Districts

മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍ക്ക് വിജയവും പരാജയവും

കൊച്ചി: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രിമാരുടെ മക്കളെ കളത്തിലിറക്കി മല്‍സരിച്ച എല്‍ഡിഎഫിന് ഫലം വന്നപ്പോള്‍ പാതി വിജയം. സിപിഐ നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന പി കെ വാസുദേവന്‍ നായരുടെ മകള്‍ ശാരദാമോഹന്‍ ജില്ലാപഞ്ചായത്ത് കാലടി ഡിവിഷനില്‍നിന്ന് വിജയിച്ചപ്പോള്‍ ഇ കെ നായനാരുടെ മകള്‍ ഉഷ പ്രവീണിനെ വോട്ടര്‍മാര്‍ കൈവിട്ടു. എറണാകുളം ജില്ലാപഞ്ചായത്ത് എല്‍ഡിഎഫിന് ലഭിച്ചാല്‍ പ്രഡിഡന്റ് സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കപ്പെട്ടിരുന്നത് പികെവിയുടെ മകള്‍ ശാരദാ മോഹനന്റെ പേരാണ്. എന്നാല്‍, ശാരദാ മോഹന്‍ വിജയിച്ചെങ്കിലും ജില്ലാപഞ്ചായത്ത് ഭരണം യുഡിഎഫ്തന്നെ പിടിച്ചെടുത്തു. സിപിഐ ജില്ലാകമ്മിറ്റി അംഗവും പാര്‍ട്ടി മഹിളാ സംഘം വൈസ്പ്രസിഡന്റുമാണ് ശാരദാ മോഹന്‍. കൊച്ചി കോര്‍പറേഷനില്‍ 61ാം ഡിവിഷന്‍ രവിപുരത്തുനിന്നാണ് നായനാരുടെ മകള്‍ ഉഷ പ്രവീണ്‍ മല്‍സരിച്ചത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റായ ഇവിടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അലക്‌സാണ്ടര്‍ പറമ്പിത്തറയുടെ മകന്‍ ഡേവിഡ് പറമ്പിത്തറയാണ് വിജയിച്ചത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റാണെങ്കിലും രവിപുരത്ത്‌നിന്നു വെറും 59 വോട്ടിനാണ് ഉഷ പരാജയപ്പെട്ടത്. ഇ കെ നായനാരുടെ മകള്‍ എന്ന നിലയില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഉഷയ്ക്ക് കഴിഞ്ഞു എന്നത് രവിപുരത്ത് യുഡിഎഫിന് ഭൂരിപക്ഷം കുറയാന്‍ കാരണമായി. എല്‍ഡിഎഫിന്റെ കൊച്ചി കോര്‍പറേഷനിലെ മേയര്‍ സ്ഥാനാര്‍ഥികളില്‍ പ്രമുഖയായിരുന്നു ഉഷ പ്രവീണ്‍. ഉഷയുടെ പരാജയം സിപിഎം സംസ്ഥാന ഘടകത്തിലും ചര്‍ച്ചയാവുമെന്നാണ് കരുതുന്നത്.
Next Story

RELATED STORIES

Share it