wayanad local

മുന്‍ ഡിസിസി സെക്രട്ടറിക്കെതിരേ നടപടിയാവശ്യപ്പെട്ട് മുസ്‌ലിംലീഗ്



മാനന്തവാടി: കെല്ലൂരിലെ മുന്‍ ഡിസിസി സെക്രട്ടറിക്കെതിരേ പരാതിയുമായി മൂന്നു പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മറ്റികള്‍ രംഗത്ത്. വെള്ളമുണ്ട, പനമരം, എടവക പഞ്ചായത്ത് കമ്മിറ്റികളാണ് ഡിസിസി സെക്രട്ടറി സി അബ്ദുല്‍ അഷ്‌റഫിനെതിരേ പടയൊരുക്കം നടത്തുന്നത്. പ്രദേശത്ത് യുഡിഎഫ് സംവിധാനത്തോട് ചേര്‍ന്നുനില്‍ക്കാതെ ഗൂഢലക്ഷ്യവുമായി അവസരത്തിനൊത്ത് ലീഗിനെ ക്ഷയിപ്പിക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ചാണ് ലീഗ് രംഗത്തെത്തിയത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മാനാഞ്ചിറ വാര്‍ഡില്‍ ലീഗിനെതിരേ പ്രവര്‍ത്തിക്കാന്‍ നേതൃത്വം നല്‍കിയതും നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയലക്ഷ്മിക്കതിരേ പ്രവര്‍ത്തിച്ചതും ഇതിനുദാഹരണമായി ലീഗുകാര്‍ ആരോപിക്കുന്നു. ഏറ്റവുമൊടുവിലായി കഴിഞ്ഞ ദിവസം നടന്ന രാപ്പകല്‍ സമരത്തില്‍ പങ്കെടുക്കാനെത്തിയ ഇദ്ദേഹവുമായി ലീഗ് പ്രവര്‍ത്തകര്‍ വാക്കേറ്റത്തിലേര്‍പ്പെടുകയും അബ്ദുല്‍ അഷ്‌റഫിനെ മണ്ഡലം യുഡിഎഫ് ഭാരവാഹികള്‍ വേദിയില്‍ നിന്നു പിടിച്ചുമാറ്റുകയുമായിരുന്നു. ഈ മാസം രണ്ടിന് പനമരം പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ നടന്ന ലീഗ് കുടുംബസംഗമം പരാജയപ്പെടുത്തുന്നതിനായി പ്രദേശത്ത് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ശാന്തിയാത്ര എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ച് ചെണ്ടമേളം നടത്തുകയുണ്ടായതായും പറയപ്പെടുന്നു. ലീഗിന് അനുവദിച്ച മൈക്ക് പെര്‍മിറ്റ് റദ്ദ് ചെയ്യിക്കാനും ഇദ്ദേഹം മുന്‍കൈയെടുത്തതായും പറയപ്പെടുന്നു. പിന്നീട് എസ്പി ഓഫിസില്‍ നിന്നാണ് പെര്‍മിഷന്‍ ലഭിച്ചത്. ഇതേത്തുടര്‍ന്ന് പനമരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിക്ക് മുസ്‌ലിം ലീഗ് പരാതി നല്‍കി. 10 ദിവസത്തിനകം നടപടിയുണ്ടായില്ലെങ്കില്‍ പ്രതിപക്ഷ നേതാവ് നടത്തുന്ന പടയൊരുക്കം യാത്ര ബഹിഷ്‌കരിക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങാനാണ് ലീഗിലെ ഒരുവിഭാഗം തീരുമാനിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it