മുന്‍ ഡിജിപി രമേഷ് ചന്ദ്രഭാനു അന്തരിച്ചു

തിരുവനന്തപുരം: മുന്‍ ഡിജിപിയും മലബാര്‍ സിമന്റ്‌സ് എംഡിയുമായിരുന്ന രമേഷ് ചന്ദ്രഭാനു(66) അന്തരിച്ചു. ഇന്നലെ രാവിലെ തിരുവനന്തപുരത്തായിരുന്നു അന്ത്യം. കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശിയാണ്. 1976 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന രമേഷ് ചന്ദ്രഭാനു 2009ല്‍ മലബാര്‍ സിമന്റ്‌സ് എംഡിയായിരിക്കെ സര്‍വീസില്‍ നിന്നു വിരമിച്ചു.
സ്തുത്യര്‍ഹ സേവനത്തിനും വിശിഷ്ട സേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പോലിസ് മെഡലുകള്‍ ലഭിച്ചിട്ടുണ്ട്. മുന്‍ ചീഫ് സെക്രട്ടറിയും ഗവര്‍ണറുടെ ഉപദേഷ്ടാവുമായിരുന്ന പരേതനായ എന്‍ ചന്ദ്രഭാനു പിതാവാണ്. മുന്‍ അഡീഷനല്‍ ഡിഎച്ച്എസ് ആയിരുന്ന പരേതനായ ഡോ. എസ് ശിവരാമന്റെ മകള്‍ ജയലക്ഷ്മിയാണ് ഭാര്യ.
കട്ടപ്പന ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രാമു രമേഷ് ചന്ദ്രഭാനു മകനും ഗവേഷണ വിദ്യാര്‍ഥിനിയായ ദേവി രമേഷ് ചന്ദ്രഭാനു മകളും കട്ടപ്പന മുന്‍സിഫ് ആയ രുഗ്മ എസ് രാജ് മരുമകളുമാണ്. ഇന്നലെ വൈകീട്ട് മൂന്നുമണിക്ക് പോലിസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിനുവച്ച ശേഷം മൃതദേഹം നാലുമണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ പോലിസ് ബഹുമതികളോടെ സംസ്‌കരിച്ചു.

ഡിജിപി അനുശോചിച്ചു
തിരുവനന്തപുരം: മുന്‍ ഡിജിപിയും മലബാര്‍ സിമന്റ്‌സ് എം ഡി യുമായിരുന്ന രമേഷ് ചന്ദ്രഭാനുവിന്റെ(66) നിര്യാണത്തില്‍ സംസ്ഥാന പോലിസ് മേധാവി ടി പി സെന്‍കുമാര്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. സര്‍വീസില്‍ ഉടനീളം സത്യസന്ധതയും ധീരതയും ഉയര്‍ന്ന നീതിബോധവും പുലര്‍ത്താനും കാര്യക്ഷമതയോടെ പ്രവൃത്തിക്കാനും കഴിഞ്ഞ മാതൃകാ ഓഫിസറായിരുന്നു അദ്ദേഹമെന്ന് അനുശോചന സന്ദേശത്തില്‍ സംസ്ഥാന പോലിസ് മേധാവി പറഞ്ഞു.
Next Story

RELATED STORIES

Share it