മുന്‍ കള്ളനോട്ട് കേസുകളില്‍ പ്രസ്തുത നിയമ പ്രകാരമുള്ള നടപടി പാടില്ല

കൊച്ചി: 2012ലെ യുഎപിഎ നിയമ ഭേദഗതി പ്രാബല്യത്തില്‍ വരുന്നതിനു മുമ്പുള്ള കള്ളനോട്ട് കേസുകളില്‍ യുഎപിഎ നിയമ പ്രകാരമുള്ള നടപടികള്‍ പാടില്ലെന്നു ഹൈക്കോടതി ഫുള്‍ ബെഞ്ച് ഉത്തരവിട്ടു. പാകിസ്താനില്‍ നിര്‍മിച്ച കള്ളനോട്ടുകള്‍ യുഎഇ വഴി ഇന്ത്യയിലേക്കു കടത്തിയെന്ന കേസിലെ പ്രതി, മലപ്പുറം വണ്ടൂര്‍ സ്വദേശി അബ്ദുല്‍ സലാം സമര്‍പ്പിച്ച ഹരജിയിലാണു വിധി. 2013 ജനുവരി 26നാണു കേസിലെ ഒന്നാം പ്രതിയെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നു പിടികൂടിയത്.
തുടര്‍ന്ന് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 2016 ഡിസംബറില്‍ അബ്ദുല്‍ സലാമിനെ ഡല്‍ഹി വിമാനത്താളവത്തില്‍ അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് പിന്നീട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശ പ്രകാരം എന്‍ഐഎ ഏറ്റെടുത്തു. തുടര്‍ന്നു യുഎപിഎയിലെ 16, 18 വകുപ്പുകളും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും ഉള്‍പ്പെടുത്തി. വിചാരണക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് അബ്ദുല്‍ സലാം ഹൈക്കോടതിയെ സമീപിച്ചത്.
കുറ്റകൃത്യം നടന്നുവെന്ന് എന്‍ഐഎ പറയുന്ന കാലത്തു യുഎപിഎ നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നിരുന്നില്ലെന്നു ഹരജിക്കാരന്‍ വാദിച്ചു. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ തീവ്രവാദ പ്രവര്‍ത്തനമാണെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയ യുഎപിഎ നിയമഭേദഗതി ബില്ല് കൊണ്ടുവന്നതു 2012ലാണ്.
ഈ ഭേദഗതി പ്രാബല്യത്തില്‍ വന്നതു 2013 ഫെബ്രുവരി ഒന്നിനുമാണ്. ഈ പശ്ചാത്തലത്തില്‍ യുഎപിഎ 15ാം വകുപ്പിന്റെ അടിസ്ഥാനത്തില്‍ 16, 18 വകുപ്പുകള്‍ പ്രകാരമുള്ള വിചാരണാ നടപടികള്‍ ഭരണഘടനാ ലംഘനമാണെന്നു ഹരജിക്കാരന്‍ വാദിച്ചു. കുറ്റകൃത്യം നടന്ന കാലത്ത് പ്രാബല്യത്തിലുള്ള നിയമങ്ങള്‍ പ്രകാരമേ വിചാരണ പാടുള്ളൂവെന്നാണു ഭരണഘടനയുടെ 20(1) പരിച്ഛേദം പറയുന്നതെന്നു ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഭേദഗതിക്കു മുമ്പുള്ള യുഎപിഎ പ്രകാരവും തീവ്രവാദ പ്രവര്‍ത്തനമായി കള്ളനോട്ട് കേസിനെ കാണാമെന്ന് എന്‍ഐഎ വാദിച്ചു. യുഎപിഎ നിയമത്തിലെ 15ാം വകുപ്പു ഭേദഗതി പ്രാബല്യത്തില്‍ വരുന്നതിനു മുമ്പുള്ള കള്ളനോട്ട് നിര്‍മാണത്തെയും പ്രചരിപ്പിക്കലിനെയും 16, 18 വകുപ്പു പ്രകാരം തീവ്രവാദ പ്രവര്‍ത്തനമായി കാണാനാവില്ലെന്നു ഫുള്‍ബെഞ്ച് വ്യക്തമാക്കി. തുടര്‍ന്ന് 2013ലെ ശരീഫ്, കേരള സര്‍ക്കാര്‍ കേസിലെ വിധി ഫുള്‍ബെഞ്ച് റദ്ദാക്കി. സാമ്പത്തിക സുരക്ഷ എന്ന വിഷയം ഉള്‍പ്പെടുത്താതെയുള്ള പഴയ യുഎപിഎ പ്രകാരം തന്നെ നടപടി സ്വീകരിക്കാമെന്നാണ് 2013 ആഗസ്ത് രണ്ടിന് ശരീഫ് കേസില്‍ ഡിവിഷന്‍ ബെഞ്ച് വിധിച്ചിരുന്നത്. യുഎപിഎ പ്രകാരം എന്‍ഐഎ വിചാരണക്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അതു മാറ്റണമെന്നും നിര്‍ദേശം നല്‍കി.
യുഎപിഎക്ക് പകരം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) വകുപ്പുകള്‍ അന്വേഷണ ഏജന്‍സിക്ക് ഉള്‍പ്പെടുത്താം. പ്രതികള്‍ക്കു വിചാരണക്കോടതിയില്‍ പുതിയ ജാമ്യാപേക്ഷ സമര്‍പ്പിക്കാം. ഫുള്‍ബെഞ്ചിലെ മൂന്നില്‍ രണ്ടു ജഡ്ജിമാര്‍ യുഎപിഎ വേണ്ടെന്ന നിലപാടാണു സ്വീകരിച്ചത്. ഒരാള്‍ യുഎപിഎ നിയമപ്രകാരം നടപടിയാവാമെന്ന നിലപാട് സ്വീകരിച്ചു.
Next Story

RELATED STORIES

Share it