മുന്‍ എംപി വക്കച്ചന്‍ മറ്റത്തിലും മുന്‍ എംഎല്‍എ പി സി ജോസഫും രാജിവച്ചു

കോട്ടയം: കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്ന് മുന്‍ എംപി വക്കച്ചന്‍ മറ്റത്തിലും മുന്‍ എംഎല്‍എ പി സി ജോസഫും രാജിവച്ചു. പാര്‍ട്ടിയില്‍ നിന്നു രാജിവച്ച് ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണു തീരുമാനിച്ചിരിക്കുന്നതെന്നും ഇരുവരും കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. കെ എം മാണിയെ നയിക്കുന്നത് ഉപജാപകസംഘമാണെന്നും ഇനി പാര്‍ട്ടിയില്‍ തുടരില്ലെന്നും വക്കച്ചന്‍ മറ്റത്തില്‍ പറഞ്ഞു.
മുമ്പ് പി ജെ ജോസഫിന്റെ നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസ്(ജെ) ഇടതുമുന്നണിയില്‍ ഉണ്ടായിരുന്ന സമയത്ത് വക്കച്ചന്‍ മറ്റത്തില്‍ രാജ്യസഭാ എംപിയായിരുന്നു. കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജോസ് കൊച്ചുപുരയും പദവികള്‍ രാജിവച്ചിട്ടുണ്ട്. യൂത്ത് ഫ്രണ്ടിന്റെ സംഘടനാ ചുമതലയുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറി മൈക്കിള്‍ ജെയിംസിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ഫ്രാന്‍സിസ് ജോര്‍ജിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
കേരളാ കോണ്‍ഗ്രസ് എമ്മിന്റെ സംസ്ഥാന സെക്രട്ടറിമാരും യൂത്ത് ഫ്രണ്ട് നേതാക്കന്‍മാരും ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. യൂത്ത് ഫ്രണ്ടിന്റെ പ്രവര്‍ത്തകര്‍ ഇന്നലെ കോട്ടയം ടിബിയില്‍ ഫ്രാന്‍സിസ് ജോര്‍ജുമായി ചര്‍ച്ചനടത്തി. യുവജന വിഭാഗമായ യൂത്ത് ഫ്രണ്ടിലെയും വിദ്യാര്‍ഥി സംഘടനയായ കെഎസ്‌സിയിലെയും ചില നേതാക്കള്‍ ഫ്രാന്‍സിസ് ജോര്‍ജിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ പാലാ, കാഞ്ഞിരപ്പള്ളി മേഖലയില്‍ നിന്ന് കൂടുതല്‍ പേര്‍ ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം ചേരുമെന്നും വാര്‍ത്തകളുണ്ട്. എന്നാല്‍, വക്കച്ചന്‍ മറ്റത്തില്‍ പാര്‍ട്ടിയില്‍ സജീവമായിരുന്നില്ലെന്നാണ് മാണി വിഭാഗത്തിന്റെ പ്രതികരണം.
Next Story

RELATED STORIES

Share it