മുന്‍ എംഎല്‍എ എ എം പരമന്‍ അന്തരിച്ചു

തൃശൂര്‍: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ എംഎല്‍എയുമായിരുന്ന എ എം പരമന്‍ (92) അന്തരിച്ചു. 1987 മുതല്‍ 1992 വരെ ഒല്ലൂര്‍ അസംബ്ലി മണ്ഡലത്തെ പ്രതിനിധീകരിച്ച് എംഎല്‍എയായിരുന്നു. ദീര്‍ഘകാലം തൃശൂര്‍ മുനിസിപ്പല്‍ കൗണ്‍സിലറായും  സേവനമനുഷ്ഠിച്ച പരമേട്ടന്‍ ജില്ലയിലെ എണ്ണമറ്റ തൊഴിലാളി യൂനിയനുകളുടെ സംഘാടകനും ഭാരവാഹിയുമായിരുന്നു. സ്വാതന്ത്ര്യസമര സേനാനിയും തൃശൂര്‍ ജില്ലയിലെ ആദ്യകാല തൊഴിലാളി നേതാക്കളില്‍ പ്രമുഖനുമാണ് അദ്ദേഹം.
സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം, എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം എഐടിയുസിയുടെ ജില്ലാ സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു. രാവിലെ 12 മുതല്‍ സിപിഐ ഓഫിസില്‍ പൊതു ദര്‍ശനത്തിനു വച്ച മൃതദേഹം 3.30നു പാറമേക്കാവ് ശാന്തിഘട്ടില്‍ സംസ്‌കരിച്ചു.
തൃശൂര്‍ സീതാറാം മില്ലിലെ തൊഴിലാളിയായിരിക്കുമ്പോള്‍ അവിടത്തെ തൊഴിലാളികളെ സംഘടിപ്പിച്ചാണ് പരമേട്ടന്‍ പൊതുരംഗത്തു വരുന്നത്.
രാജഗോപാല്‍ മില്‍, വനജാമില്‍, ലക്ഷ്മി മില്‍, അളഗപ്പ ടെക്സ്റ്റയില്‍സ്, നാട്ടിക  കോട്ടണ്‍മില്‍, ഓട്ടു കമ്പനിത്തൊഴിലാളി യൂനിയന്‍, ചുമട്ടുതൊഴിലാളി യൂനിയന്‍, ഓട്-മണ്‍പാത്ര വ്യവസായം തുടങ്ങി നിരവധി യൂനിയനുകളുടെ നേതാവായിരുന്നു.
ഭാര്യ: മാധവി. സുരേഷ് (കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്), സുനിത (അയ്യന്തോള്‍ സഹ. ബാങ്ക്), സരിത (സാന്ദീപനി സ്‌കൂള്‍ അധ്യാപിക) എന്നിവരാണ് മക്കള്‍.
Next Story

RELATED STORIES

Share it