മുന്‍സിഫ് മജിസ്‌ട്രേറ്റ് നിയമനം; ഹൈക്കോടതിക്ക് സുപ്രിംകോടതിയുടെ വിമര്‍ശനം

മുന്‍സിഫ് മജിസ്‌ട്രേറ്റ് നിയമനം; ഹൈക്കോടതിക്ക് സുപ്രിംകോടതിയുടെ വിമര്‍ശനം
X
SUPREME_COURT

ന്യൂഡല്‍ഹി: കേരളത്തില്‍ മുന്‍സിഫ് മജിസ്‌ട്രേറ്റ് (ഗ്രാമീണ കോടതി) നിയമനവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഹൈക്കോടതിക്ക് സുപ്രിംകോടതിയുടെ വിമര്‍ശനം. ഇല്ലാത്ത ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ നിയമിക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതിയുടെ നടപടിയെയാണ് സുപ്രിംകോടതി വിമര്‍ശിച്ചത്.
2013ല്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട ഒഴിവിനേക്കാള്‍ കൂടുതല്‍ ആളുകളെ നിയമിച്ച് പരിശീലനം നല്‍കിയത് എന്തിനുവേണ്ടിയാണെന്ന് ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ഓരോ വര്‍ഷവും പരീക്ഷ നടക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന ആളുകള്‍ക്ക് ഉത്തരവില്‍ മാറ്റംവരുത്തുന്നത് തടസ്സമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയ ബെഞ്ച്, മുന്‍സിഫ് മജിസ്‌ട്രേറ്റായി പരിശീലനം നടത്തുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം നല്‍കണമെന്ന ആവശ്യം തള്ളി.
നീതിനിര്‍വഹണത്തിന്റെ നടത്തിപ്പുകള്‍ ഗ്രാമീണ മേഖലകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 2013ലാണ് മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി രൂപീകരിക്കാന്‍ കേന്ദ്ര നിയമമന്ത്രാലയം നിര്‍ദേശിച്ചത്. കേരളത്തില്‍ ആദ്യഘട്ടമെന്ന നിലയില്‍ 38 മുന്‍സിഫ് മജിസ്‌ട്രേറ്റുകോടതികള്‍ സ്ഥാപിക്കാനായിരുന്നു തീരുമാനം. അതിനായി ആവശ്യത്തില്‍ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിച്ച് ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്ത് അവര്‍ക്കു പരിശീലനം നല്‍കിയതുമായി ബന്ധപ്പെട്ട കേസാണ് സുപ്രിംകോടതി പരിഗണിച്ചത്.
മുന്‍സിഫ് മജിസ്‌ട്രേറ്റുകോടതികളിലേക്കായി 2013ല്‍ തയ്യാറാക്കിയ പട്ടികയില്‍നിന്ന് 2014ല്‍ ഒഴിവുവന്ന 28 തസ്തികകളിലേക്കു നിയമനം നടത്തിയ ഹൈക്കോടതിയുടെ നടപടി സുപ്രിംകോടതി ചോദ്യംചെയ്തു. വിജ്ഞാപനം നടത്താതെ നിയമനം നടത്തിയ നടപടി അംഗീകരിക്കാന്‍ കഴിയില്ല. ഹൈക്കോടതിയുടെ പിടിപ്പുകേടിന് ബലിയാടാവേണ്ടിവന്നത് ഉദ്യോഗാര്‍ഥികളാണ്. ഭാവിയിലുണ്ടാകുന്ന ഒഴിവുകളിലേക്ക് ഇപ്പോള്‍ നിയമനം നടത്താനാവില്ല. 2013 വരെ ഒഴിവുവന്ന 38 തസ്തികകളിലേക്ക് മാത്രം നിയമനം നടത്താനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാനും ചീഫ്ജസ്റ്റിസ് ഉത്തരവിട്ടു.
എന്നാല്‍, ഓരോ വര്‍ഷവും പരീക്ഷ നടത്തി യോഗ്യരായവരെ കണ്ടെത്തണമെന്ന സുപ്രിംകോടതി ഉത്തരവ് പ്രയാസം സൃഷ്ടിക്കുമെന്നും ഇതില്‍ ഇളവുവരുത്തണമെന്നും കേരള ഹൈക്കോടതിക്കുവേണ്ടി ഹാജരായ വി ഗിരി വാദിച്ചു. 2013ല്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട ഒഴിവിനേക്കാള്‍ കൂടുതല്‍പേര്‍ക്ക് എന്തിനാണ് നിങ്ങള്‍ പരിശീലനം നല്‍കിയതെന്ന് ബെഞ്ച് ചോദിച്ചു. ഓരോ വര്‍ഷവും പരീക്ഷ നടക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന ആളുകള്‍ക്ക് ഉത്തരവില്‍ മാറ്റംവരുത്തുന്നത് തടസ്സംസൃഷ്ടിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it