മുന്‍മന്ത്രി കെ പി നൂറുദ്ദീന്‍ അന്തരിച്ചു

കണ്ണൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ്  നേതാവും മുന്‍മന്ത്രിയും ഖാദിബോര്‍ഡ് വൈസ് ചെയര്‍മാനുമായ കെ പി നൂറുദ്ദീന്‍ (77) അന്തരിച്ചു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ഇന്നലെ രാത്രി 9.15ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകീട്ട് 4.30നു പുതിയങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. കഴിഞ്ഞ ദിവസം കണ്ണൂര്‍ ഒണ്ടേന്‍ റോഡിലെ വീട്ടില്‍വച്ചുണ്ടായ വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്നു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വിദഗ്ധ ചികില്‍സയ്ക്കായി കോഴിക്കോട്ടേക്കു മാറ്റുകയുമായിരുന്നു. കെപിസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. 1977മുതല്‍ 1991വരെ നിയമസഭയില്‍ പേരാവൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1982-1987വരെ കെ കരുണാകരന്‍ മന്ത്രിസഭയില്‍ വനം-കായികവകുപ്പ് മന്ത്രിയായി.വേങ്ങാടന്‍ മുഹമ്മദിന്റെയും മറിയുമ്മയുടെയും മകനായി 1939 ജൂലൈ 30ന് എരമംകുറ്റൂര്‍ പഞ്ചായത്തിലെ പെരുവാമ്പയില്‍ ജനനം. ഭാര്യ: കെ എം അസ്മ. മക്കള്‍: നസീമ, ഡോ. ഫിറോസ്, ഹസീന, സറീന. മരുമക്കള്‍. ഡോ. പി കെ അബ്ദുല്‍ സലാം, ടി എം സുബൈര്‍, നിസാര്‍ കെ പുരയില്‍, സബ്രീന. സഹോദരങ്ങള്‍: ഖദീജക്കുട്ടി, നബീസു, കുഞ്ഞാമി, ആലിക്കുട്ടി, മമ്മുക്കുട്ടി, അബു, ഹംസക്കുട്ടി, സാലി, പരേതയായ പാത്തുക്കുട്ടി. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം 1953ല്‍ യൂത്ത് കോണ്‍ഗ്രസ് പെരുവാമ്പ യൂനിറ്റ് സെക്രട്ടറിയായാണ് രാട്രീയപ്രവര്‍ത്തനം ആരംഭിച്ചത്. പെരുവാമ്പ കോണ്‍ഗ്രസ് കമ്മിറ്റി കണ്‍വീനര്‍, എരമംകുറ്റൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി, പ്രസിഡന്റ്, പെരിങ്ങോം വയക്കര, എരമംകുറ്റൂര്‍ എന്നീ പഞ്ചായത്തുകളുടെ മേഖലാ സെക്രട്ടറി, പയ്യന്നൂര്‍ നിയോജകമണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി, കണ്ണൂര്‍ ഡിസിസി സെക്രട്ടറി എന്നീ നിലകളില്‍ സജീവമായിരുന്നു. 1972ല്‍ കെപിസിസി ഖജാഞ്ചിയായി. വീക്ഷണം എംഡി, പയ്യന്നൂര്‍ എജ്യൂക്കേഷനല്‍ സൊസൈറ്റി സെക്രട്ടറി, കുറ്റൂര്‍ ക്ഷീരവ്യവസായ സഹകരണസംഘം സെക്രട്ടറി, ഭാരത് സേവക് സമാജ് സെക്രട്ടറി, മാതമംഗലം ഗവ. ഹൈസ്‌കൂള്‍ കമ്മിറ്റി സെക്രട്ടറി, ആറളം സെന്‍ട്രല്‍ സ്റ്റേറ്റ് ഫാം സ്റ്റാഫ് യൂനിയന്‍ പ്രസിഡന്റ്, പയ്യന്നൂര്‍ ഖാദി എംപ്ലോയീസ് യൂനിയന്‍ പ്രസിഡന്റ്, കെഎസ്എഫ്ഇ ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. നിലവില്‍ ഇരിട്ടി എജ്യൂക്കേഷനല്‍ സൊസൈറ്റി പ്രസിഡന്റ്, പയ്യന്നൂര്‍ കോ-ഓപറേറ്റീവ് ടൗണ്‍ ബാങ്ക് പ്രസിഡന്റ്, നോര്‍ത്ത് മലബാര്‍ ഡെവലപ്‌മെന്റ് സൊസൈറ്റി പ്രസിഡന്റ്, കണ്ണൂര്‍ ജില്ലാ ആയുര്‍വേദ സഹകരണസംഘം പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്. മൃതദേഹം ഇന്നു രാവിലെ 7.30 മുതല്‍ 11വരെ കണ്ണൂര്‍ മഹാത്മ മന്ദിരത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്നു പയ്യന്നൂരിലേക്കു കൊണ്ടുപോവും. ഉച്ചയ്ക്ക് 12 മുതല്‍ ഒരുമണിവരെ ഗാന്ധിപാര്‍ക്കിലും പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്നു പുതിയങ്ങാടിയിലെ തറവാട്ടുവീട്ടിലേക്കു കൊണ്ടുവരും.
Next Story

RELATED STORIES

Share it